Tuesday September 26, 2017
Latest Updates

ജൂണ്‍ മാസത്തില്‍ ടൂറിന് പോകാന്‍ പറ്റിയ അയര്‍ലണ്ടിലെ 10 സ്ഥലങ്ങള്‍ പറയാമോ?

ജൂണ്‍ മാസത്തില്‍ ടൂറിന് പോകാന്‍ പറ്റിയ അയര്‍ലണ്ടിലെ 10 സ്ഥലങ്ങള്‍ പറയാമോ?

ട്രേലി :അയര്‍ലണ്ടില്‍ ഇനി ഫെസ്റ്റിവല്‍ കാലമാണ്.മലയാളികളില്‍ ഏറെ പേരും കേരളത്തിലേയ്ക്കുള്ള വെക്കേഷന്‍ യാത്ര പദ്ധതിട്ടിട്ടുണ്ടെങ്കിലും നാട്ടിലെത്തുമ്പോള്‍ കാത്തിരിക്കുന്നത് കര്‍ക്കിടകത്തിലെ പെരുമഴയുടെ ദിവസങ്ങള്‍ തന്നെയാവാനാണ് സാധ്യത.അത് കൊണ്ട് തന്നെ അയര്‍ലണ്ടിലെ സമ്മര്‍ കാഴ്ചകള്‍ കാണാനായി ഏതെങ്കിലും സമയം തിരഞ്ഞെടുക്കുന്ന പതിവ് അവധിക്കാലത്തെ കേരളാ യാത്രയ്ക്ക് മുമ്പോ പിമ്പോ ആയി അയര്‍ലണ്ടിലെ മലയാളികള്‍ തിരഞ്ഞെടുക്കാറുണ്ട്.

ഏതു കാലാവസ്ഥയിലും കുടുംബാംഗങ്ങളുമായി ചേര്‍ന്ന് ഉല്ലസിക്കാന്‍ ഒരു പിടി ആഘോഷങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലായി നടക്കുന്നുണ്ട്.വിനോദ സഞ്ചാരം, ഭക്ഷണം, സംഗീതം എന്നിങ്ങനെ വ്യതസ്ത മേഖലകളില്‍ അഭിരുചികളുള്ളവരെ തൃപ്തിപ്പെടുത്താന്‍ വ്യതസ്ത തലങ്ങളിലെ മേളകള്‍ ലഭ്യമാണ്. അവയില്‍ ഏറ്റവും മികച്ചവയെ പരിചയപ്പെടാം.അവധി ക്രമീകരിച്ചുള്ള ഷോര്‍ട്ട് ട്രിപ്പുകള്‍ നമുക്കും പരീക്ഷിക്കാമല്ലോ ?

1. കാര്‍ലോ ആര്‍ട്‌സ് ഫെസ്റ്റിവല്‍: മെയ് 29 മുതല്‍ ജൂണ്‍ 7 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക. വിഷ്വല്‍ ആര്‍ട്ട്, ഫണ്‍ സ്ട്രീറ്റ് കാര്‍ണിവല്‍, സംഗീതം, സിനിമ എന്നിവയ്‌ക്കൊപ്പം ബാരോ നദിക്കരയില്‍ എഴുത്തുകാര്‍, ചിത്രകാരന്മാര്‍, പ്രക്ഷേപകര്‍, ഫോട്ടോഗ്രഫര്‍മാര്‍, ഷെഫുമാര്‍, സംഗീതജ്ഞര്‍ എന്നിവരുമായി കൂടിക്കാഴ്ചക്കും അവസരമുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക്
2. കോര്‍ക്ക് സിറ്റി ഹാര്‍ബര്‍ ഫെസ്റ്റിവല്‍: മയ് 30 മുതല്‍ ജൂണ്‍ 6 വരെയാണ് മേള നടക്കുന്നത്. ഒരു ക്രൂയിസ് ബോട്ടില്‍ സവാരി സവാരി നടത്താം. കൂടാതെ റോവിങ്ങിനും കയാക്കിങ്ങിനും ഇവിടെ അവസരമുണ്ട്. കൂടാതെ കോര്‍ക്ക് ഹാര്‍ബര്‍ പരിസരത്തെ മനോഹരമായ കോട്ടകള്‍ കാണാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാവും. കുട്ടികള്‍ക്കായി കളിവഞ്ചികള്‍ ഉണ്ടാക്കുന്നതിനായുള്ള ഒരു മത്സരവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.
3. ഡബ്‌ളിന്‍ പോര്‍ട്ട് റിവര്‍ ഫെസ്റ്റിവല്‍: വലിയ മൂന്നു കപ്പലുകളിലും, നാലു പായ്കപ്പലുകളിലുമായി നോര്‍ത്ത് വാള്‍ ക്വേയില്‍ നിന്നും യാത്രകള്‍ നടത്താം. തീരങ്ങളില്‍ തെരുവ് പ്രകടനങ്ങളും, സംഗീതവും, ഭക്ഷണവുമായി ആഘോഷിക്കാനും അവസരമുണ്ടാവും. മെയ് 30ന് ആരംഭിക്കുന്ന മേള ജൂണ്‍ ഒന്നിന് അവസാനിക്കും.
4. സോ സ്ലൈഗോ ഫുഡ് ഫെസ്റ്റിവല്‍:ഈ വര്‍ഷം അയര്‍ലണ്ടില്‍ നടക്കുന്ന ഏറ്റവും വലിയ അനുസമരണ പരിപാടി എന്തെന്ന് ചോദിച്ചാല്‍ ആരും പറയും അത് ഡബ്ലിയു ബി യീസ്റ്റിന്റെ നൂറ്റി അന്‍പതാം ജന്മ ദിനാഘോഷങ്ങളാണെന്ന്.ജൂണ്‍ 13 നാണ് യീറ്റ്‌സിന്റെ ജന്മദിനം.ഇതിന്റെ ഭാഗമായി ഒട്ടേറെ ആഘോഷങ്ങള്‍ സ്ലൈഗോയില്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധേയമായ ഒന്ന് സോ സ്ലൈഗോ ഫുഡ് ഫെസ്റ്റിവലാണ്.ജൂണ്‍ 10 മുതല്‍ 14 വരെ നോര്‍ത്ത് വെസ്റ്റിലാണ് പരിപാടികള്‍ നടക്കുന്നത് . ഭക്ഷണപ്രേമികള്‍ക്ക് ഇതൊരു നവ്യാനുഭവമായിരിക്കും.
5. എറിസ് ബിയോ ഫെസ്റ്റിവല്‍: വ്യത്യസ്ത ഗെയിമുകളായി നടത്തപ്പെടുന്ന എറിസ് ബിയോ ഫെസ്റ്റിവല്‍ ജൂണ്‍ 18 മുതല്‍, 21 വരെ കൗണ്ടി മേയോയിലെ എറിസ് റീജിയണില്‍ നടക്കും.2014 ല്‍ അയര്‍ലണ്ടിലെ ഏറ്റവും സുന്ദരമായ സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ട ഇനിസ്‌കീ ദ്വീപിലേക്ക് ബോട്ട് സവാരി, ഗോള്‍ഫ്, വാട്ടര്‍ സ്‌പോര്‍ട്ടുകള്‍, സിനിമ, ബൈക്ക് റേസുകള്‍ മുതലായവയാണ് മുഖ്യ ആകര്‍ഷണം.
6. വെക്‌സ് ഫോര്‍ഡ് മാരത്തോണ്‍ ഫെസ്റ്റിവല്‍:വെക്‌സ് ഫോര്‍ഡിനെ അടുത്തറിയാത്തവര്‍ക്ക് അടുത്തമാസത്തെ മാരത്തോണ്‍ ഫെസ്റ്റിവലിന് അതിന് അവസരമുണ്ട്.കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായി നടത്തപ്പെടുന്ന വിവിധയിനം കളികളും, വിനോദങ്ങളുമാണ് ആകര്‍ഷണം.സെയ്‌ലിങ്ങ്, കയാക്കിങ്ങ്, കനോയിങ്ങ് മുതലായവ ഉള്‍പ്പെടും. ജൂണ്‍ 20നും 21നുമായാണ് മേള നടക്കുന്നത്.
7. വാട്ടര്‍ഫോര്‍ഡ് വൈക്കിങ്ങ് മാരത്തണ്‍: വലുതും ചെറുതുമായ മാരത്തണ്‍ മത്സരങ്ങളില്‍ സഞ്ചാരികള്‍ക്ക് പങ്കെടുക്കാം. ഈ മേഖലയില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ മേളകളില്‍ ഒന്നാണിത്. നിരവധി അനുബന്ധ വിനോദങ്ങളും സംഘാടകര്‍
ഒരുക്കിയിരിക്കുന്നു. ജൂണ്‍ 27 നാണ് മത്സരങ്ങള്‍ നടക്കുന്നത്.
8. കില്ലാര്‍ണി ഫെസ്റ്റിവല്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഫുഡ്:ജൂണില്‍ കില്ലാര്‍ണിയില്‍ രണ്ട് പ്രധാന ഉത്സവങ്ങള്‍ നടത്തപ്പെടും.മെയ് 29 മുതല്‍ ജൂണ്‍ 1 വരെ അയര്‍ലണ്ട് ബൈക്ക് ഫെസ്റ്റിനു പിന്നാലെ ജൂണ്‍ 27 നും, 28നുമായി നടക്കുന്ന സംഗീത മേളയില്‍ ഡുരാന്‍ ഡുരാന്‍, വാക്കിങ്ങ് ഓണ്‍ കാര്‍സ്, ദി പ്രൊക്ലൈമേഴ്‌സ്, ജൂള്‍സ് ഹോളണ്ട് തുടങ്ങിയ പ്രമുഖ ബാന്‍ഡുകള്‍ പങ്കെടുക്കും. കൂടാതെ കില്‍കെന്നി ഗോര്‍മെറ്റ് ഫുഡ് വില്ലേജില്‍ പാചക വിദഗ്ദരായ ജെ പി മക് മോഹന്‍, ക്ലോഡ മക് കെന്ന, ഡെറി ക്ലാര്‍ക്ക് എന്നിവരുടെ നേതൃത്വത്തില്‍
ഒരുങ്ങുന്ന ഭക്ഷ്യമേളയും സന്ദര്‍ശകരെ കാത്തിരിക്കുന്നു.
9. ഫീല്‍ ബ്രയാന്‍ ബോരു: അയര്‍ലണ്ട് ചക്രവര്‍ത്തിയായിരുന്ന ബ്രയാന്‍ ബോരുവിന്റെ ഓര്‍മ്മക്കായി ഷരോണ്‍ നദിയുടെ തീരത്ത് നടത്തപ്പെടുന്നഒരു ഉത്സവമാണിത്.ഷാനോനിന്റെ ഇരു കരകളിലായി സ്ഥിതി ചെയ്യുന്ന കൗണ്ടി ടിപ്പററിയിലെ ബല്ലിനയും കൗണ്ടി ക്ലയറിലെ കില്ലേലിയുമാണ് ഈ ഉത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.വൈക്കിങ്ങ് ലോങ്ങ് ബോട്ടുകളിലെ സവാരിയിലൂടെ ആയിരം വര്‍ഷം മുന്‍പത്തെ ജലയാത്രകള്‍ അനുഭവിച്ചറിയാം.കൂടാതെ ബ്രയാന്‍ ബോരുവിന്റെ ജീവിതവും, യുദ്ധങ്ങളും സംബന്ധിച്ച് മനസിലാക്കാനായി ശില്‍പശാലകളും നടത്തപ്പെടുന്നു. ജൂലൈ ഒന്നിന് ആരംഭിക്കുന്ന മേള ജൂലൈ അഞ്ചിന് അവസാനിക്കും.
10. കില്‍റൂഡറി ഹൌസ്& ഗാര്‍ഡന്‍: കോ വിക്ക്‌ലോയിലെ ബ്രേയില്‍ നടത്തപ്പെടുന്ന ഒരു ഗ്രൂവ് സംഗീത മേളയാണിത്. ഈ വര്‍ഷത്തെ ഏറ്റവും ചിലവേറിയതെന്നു വിശേഷിക്കപ്പെടുന്ന സംഗീത മേളയില്‍ ദി ഡാര്‍ക്‌നെസ്, ക്രിസ്റ്റി മൂര്‍, റിപ്‌റ്റൈഡ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. സന്ദര്‍ശകര്‍ക്കായി മറ്റു വിനോദങ്ങളും ഒരുക്കിയിരിക്കുന്നു.

മേളകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ www.discoverireland.ie എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.


Scroll To Top