Saturday December 03, 2016
Latest Updates

എയര്‍ ഇന്ത്യയുടെ അനാസ്ഥക്ക് മറ്റൊരു ഉദാഹരണം; സൗദി യുവാക്കള്‍ മൂന്നു ദിവസമായി കൊച്ചിയില്‍ കുടുങ്ങി കിടക്കുന്നു

എയര്‍ ഇന്ത്യയുടെ അനാസ്ഥക്ക് മറ്റൊരു ഉദാഹരണം; സൗദി യുവാക്കള്‍ മൂന്നു ദിവസമായി കൊച്ചിയില്‍ കുടുങ്ങി കിടക്കുന്നു

ദൈവത്തിനെ സ്വന്തം നാട്ടിലേക്കു വരുന്നവരെ പരമാവധി കഷ്ടപ്പെടുത്തുകയെന്ന പതിവ് ഇത്തവണയും എയര്‍ ഇന്ത്യ തെറ്റിച്ചില്ല. കേരളം കാണാനായി പുറപ്പെട്ട രണ്ടു സൗദി യുവാക്കളാണ് ഇത്തവണ എയര്‍ ഇന്ത്യയുടെ അനാസ്ഥക്കിരയായി കൊച്ചിയില്‍ കുടുങ്ങിയത്. ഇവരുടെ അവശ്യ സാധനങ്ങളടങ്ങിയ ലഗേജ് മൂന്നു ദിവസമായിട്ടും എയര്‍ ഇന്ത്യ കൈമാറാത്തതു മൂലം ഹോട്ടല്‍ മുറിയില്‍ തങ്ങേണ്ട ഗതികേടിലാണ് യുവാക്കള്‍.

ഈ മാസം നാലാം തിയ്യതി നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയതാണ് സഹോദരന്മാരായ അബ്ദുറഹ്മാന്‍ അല്‍ സലാമിയും സഹോദരന്‍ ഹമാം അല്‍ സലാമിയും. 7.05 ഓടെ എത്തേണ്ടിയിരുന്ന ജിദ്ദ കൊച്ചി എയര്‍ ഇന്ത്യ വിമാനം നാലു മണിക്കൂര്‍ വൈകി 11.15നാണ് വിമാന താവളത്തിലെത്തിയത്. എന്നു മാത്രമല്ല ഇവരുടെ അവശ്യ വസ്തുക്കളടങ്ങിയ ലഗേജ് അപ്പോഴും എത്തിയുട്ടുണ്ടായിരുന്നുമില്ല. വൈകുന്നേരത്തോടെ ലഗേജ് കൈമാറാനാകുമെന്നാണ് വിമാന താവള അധികൃതരില്‍ നിന്നും മറുപടി ലഭിച്ചത്.

ഇതേ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് താമസം തുടങ്ങിയ ഇവര്‍ വൈകീട്ട് വിമാനതാവള അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് വിമാന താവളത്തില്‍ നേരിട്ടെത്തി അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സഹോദരങ്ങള്‍ പറയുന്നു. ഇവരുടെ വസ്ത്രവും മറ്റ് അവശ്യ വസ്തുക്കളും ലഗേജിലായതിനാല്‍ ഹോട്ടലില്‍ തന്നെ കുടുങ്ങി പോയ അവസ്ഥയിലാണ് ഇപ്പോഴും യുവാക്കള്‍.

കേരളം ചുറ്റിക്കാണുക എന്ന ലക്ഷ്യത്തോടെ പലയിടങ്ങളിലും മുന്‍കൂട്ടി ബുക്ക് ചെയ്ത ടൂര്‍ പ്രോഗ്രാമുകള്‍ക്കും, ഹോട്ടല്‍ മുറികള്‍ക്കും മറ്റുമായി ചിലവഴിച്ച തുകയും നഷ്ടമായി. മൂന്നു ദിവസത്തിനു ശേഷവും വിഷയത്തില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ എയര്‍ ഇന്ത്യ തയ്യാറായിട്ടില്ല.

 

Scroll To Top