Sunday December 04, 2016
Latest Updates

ഇതാണോ ഗാനഗന്ധര്‍വന്റെ മഹത്വം?

ഇതാണോ ഗാനഗന്ധര്‍വന്റെ മഹത്വം?

തിരുവനന്തപുരം: ഗാനഗന്ധര്‍വന്റെ സംഗീത മാധുരി കേട്ട് മനസ് കുളിര്‍ത്ത മലയാളികളുടെ തലക്ക് തീപിടിപ്പിക്കുന്ന വാര്‍ത്തയാണ് തലസ്ഥാനത്ത് നിന്നും ഇന്ന് നല്‍കാനുള്ളത്. രാഷ്ട്രപിതാവിന്റെ ജന്‍മദിന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ 5,000 കുട്ടികളെയാണ് മലയാളിയുടെ ഈ മഹാനായ ഗന്ധര്‍വന്‍ തലസ്ഥാനത്ത് അപമാനിച്ചത്.

തൂവെള്ള വസ്ത്രം മാത്രം ധരിക്കുന്ന ഗന്ധര്‍വന്റെ കുപ്പായത്തില്‍ പരന്ന ചെളിക്കറ. വെള്ളക്കുപ്പായത്തിലും വെള്ളച്ചെരുപ്പിലും വെളുത്ത തൊലിയിലും ചെളിപറ്റുമെന്ന് പറഞ്ഞ് കാറില്‍ നിന്നും ഇറങ്ങാതെ തിരിച്ചുപോയപ്പോള്‍ പിഞ്ചുമനസുകളില്‍ നിന്നും ഉയര്‍ന്ന സംശയം ഇതാണോ ഗാന്ധര്‍വ സംഗീതം. ഗാന്ധി പീസ് പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പരിപാടി സംഘടിപ്പിച്ചത്.

5,000 കുട്ടികളുമൊത്ത് ‘ദേശത്തിനായി പാടൂ’ എന്ന ഗാന്ധി ഗാനാഞ്ജലിയില്‍ പാടുമെന്നായിരുന്നു സംഘാടകള്‍ അറിയിച്ചത്. 11 മണിക്കുള്ള പരിപാടിക്ക് പത്ത് മണിക്ക് മുമ്പ് തന്നെ കുട്ടികളെ ഒരുക്കി നിര്‍ത്തി. പ്രീയ ഗായകനെ പ്രതീക്ഷയോടെ കാത്ത് നിന്നു. കൃത്യസമയത്ത് എത്തി. സ്‌റ്റേഡിയത്തിന് നടുവിലൊരുക്കിയ പന്തലില്‍ കയറി. അവിടെ നിന്നും കുട്ടികളെ നിര്‍ത്തിയ പവലിനിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് കാറില്‍ നിന്നും ഇറങ്ങിയാല്‍ കാലില്‍ ചെളിതെറിക്കുമെന്ന്. രോഷാകുലനായ യേശുദാസ് ഇറങ്ങാന്‍ തയ്യാറാകാതെ തിരിച്ചുപോയി. സംഘാടകര്‍ കാല്പിടിച്ച് അപേക്ഷിച്ചിട്ടും കൂസിയില്ല.ഒടുവില്‍ കുട്ടികള്‍  ‘ദേശത്തിനായി പാടി!

ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചുവന്നതിന്റെ 100ാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം. ഇതിന്റെ ഭാഗമായി സംസ്ഥാനമാകെ ഗാന്ധിരഥ പ്രയാണം നടത്തുകയാണ്. മദ്യരഹിത, മയക്കുമരുന്ന് രഹിത, ആര്‍ഭാട രഹിത, വികസിത കേരളമെന്നാണ് സന്ദേശം. ഈ സന്ദേശ പ്രചാരണത്തിലാണ് ചെളിപുരണ്ടത്.സംസ്ഥാന അവാര്‍ഡ് ജേതാക്കളായ സുധീപ് കുമാര്‍, രാജലക്ഷ്മി എന്നിവരുള്‍പ്പെട്ട ഗായകസംഘം വേദിയിലുണ്ടായിരുന്നു.

മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.സി. ജോസഫ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. യേശുദാസും നേതാക്കളും പോയതോടെ വേദിയും സദസും ഒഴിഞ്ഞു. കാണാനും കേള്‍ക്കാനും ആരുമില്ലാതിരുന്നിട്ടും കുട്ടികള്‍ ഗാന്ധിജിയുടെ ഇഷ്ടകീര്‍ത്തനങ്ങള്‍ ആലപിച്ചു. കുട്ടികള്‍ ഭാവിപ്രതീക്ഷയാണെന്നു പ്രസംഗിച്ച യേശുദാസ് പ്രവൃത്തിയില്‍ കുട്ടികളെ അവഗണിച്ചതിനെതിരേ വിമര്‍ശനമുയര്‍ന്നു

 

Scroll To Top