Thursday December 08, 2016
Latest Updates

ഓപ്പറേഷന്‍ റാഹത്ത് വന്‍ വിജയം: മുഴുവന്‍ ഇന്ത്യാക്കാരെയും യമനില്‍ നിന്നും മാറ്റാന്‍ സാധിക്കുമെന്ന് അധികൃതര്‍ 

ഓപ്പറേഷന്‍ റാഹത്ത് വന്‍ വിജയം: മുഴുവന്‍ ഇന്ത്യാക്കാരെയും യമനില്‍ നിന്നും മാറ്റാന്‍ സാധിക്കുമെന്ന് അധികൃതര്‍ 

റിയാദ്/കൊച്ചി/തിരുവനന്തപുരം/ ഡബ്ലിന്‍ : സൗദിയുടെ വ്യോമസേനയുടെ ആക്രമണം രൂക്ഷമായ യമനില്‍ കുടുങ്ങിയ 380 ഇന്ത്യക്കാരെക്കൂടി ജിബൂത്തിയിലെത്തിച്ചു. രണ്ട് വിമാനങ്ങളിലായാണ് ഇവരെ സന്‍ആയില്‍നിന്ന് മാറ്റിയത്. രക്ഷപ്പെട്ടവരില്‍ പകുതിയിലേറെയും മലയാളികളാണ്. ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. 324 പേരെയും വഹിച്ചുള്ള ആദ്യ വിമാനം ഇന്നലെ രാത്രി 12.30ന് നെടുമ്പാശ്ശേരിയില്‍ എത്തി. ജിബൂത്തിയിലുള്ള മറ്റുള്ളവരെ അടുത്ത ദിവസം തന്നെ തിരിച്ചെത്തിക്കും.

1900 ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാ ണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടു വിമാനങ്ങളും എയര്‍ഇന്ത്യയുടെ ഒരു വിമാനവുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നിയോഗിച്ചിട്ടുള്ളത്. കൂടുതല്‍ വിമാനം അയക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാവിലെ 10 മുതല്‍ രണ്ട് മണി വരെയാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് സഊദി അറേബ്യ വ്യോമപാത അനുവദിച്ചിട്ടുള്ളത്. ഈ സമയത്തിനുള്ളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കാലാവസ്ഥ മോശമായതിനാല്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും ഇറങ്ങാനായില്ല. ഇന്നലെ കൊണ്ടു പോകാമെന്ന ഉറപ്പില്‍ 370 പേര്‍ക്ക്കൂടി ബോഡിങ് പാസ്സ് നല്‍കിയിരുന്നു. ഇവരോട് ഇന്ന് രാവിലെ എട്ടു മണിക്ക് വിമാനത്താവളത്തിലെത്താനാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം ഹുദൈദ തുറമുഖം വഴി കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാവികസേനയുടെ കപ്പലില്‍ പുറപ്പെട്ട 350 പേര്‍ സുരക്ഷിതമായി ജിബൂത്തിയിലെത്തി. കേരളത്തില്‍നിന്ന് അയച്ച കപ്പലുകള്‍ ഇന്ന് ഹുദൈദയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംബസിയിലെ ഹെഡ് ഓഫ് കോണ്‍സുലാര്‍ ദില്‍ബാഗ് സിങ് പറഞ്ഞു. 1500 പേരെ ഉള്‍ക്കൊള്ളുന്ന ഈ കപ്പലുകള്‍ എത്തിയാല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ കുറേക്കൂടി എളുപ്പത്തിലാകും. നിലവില്‍ സന്‍ആയില്‍ മാത്രം 2500 മലയാളികള്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങി നില്‍ക്കുന്നുണ്ട്. തിങ്കാളാഴ്ചയോടെ മുഴുവന്‍ ഇന്ത്യക്കാരെയും യമന്‍ അതിര്‍ത്തി കടത്താനാവുമെന്നാണ് കരുതുന്നതെന്നും ദില്‍ബാഗ് സിങ് വ്യക്തമാക്കി.

അതിനിടെ 35 ഇന്ത്യക്കാര്‍ അതിര്‍ത്തി കടന്ന് സൗദിയിലെ ജിസാനിലെത്തിയിട്ടുണ്ട്. ഇവരെ ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. ഇറാഖ്, ലിബിയ, ഉക്രൈന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ച മാതൃകയിലാണ് ‘ഓപ്പറേഷന്‍ റാഹത്ത്’ എന്നു പേരിട്ട യമന്‍ ഒഴിപ്പിക്കലും നടത്തിവരുന്നത്.

പൊടിക്കാറ്റ് രൂക്ഷമായതിനാല്‍ ഇന്നലെ പോര്‍വിമാനങ്ങള്‍ ഏറെയൊന്നും സന്‍ആയില്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയും ആക്രമണം താരതമ്യേന കുറവായിരുന്നു.
ഇന്നലെ യമനില്‍ നിന്ന് ഒഴിപ്പിച്ചു രക്ഷപ്പെടുത്തിയവരില്‍ ഒരു ഐറിഷ് പൗരനും ഉള്‍പ്പെടുന്നുണ്ട്.യമനില്‍ താരതമ്യേനെ ഐറിഷ്‌കാര്‍ കുറവാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു 

Scroll To Top