Thursday December 08, 2016
Latest Updates

യെച്ചൂരി മുങ്ങുന്ന കപ്പലിന്റെ കപ്പിത്താനെന്ന് ശിവസേന മുഖപത്രം

യെച്ചൂരി മുങ്ങുന്ന കപ്പലിന്റെ കപ്പിത്താനെന്ന് ശിവസേന മുഖപത്രം

സിപിഐഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും പാര്‍ട്ടിയെയും പരിഹസിച്ച് ശിവസേന. മുങ്ങുന്ന കപ്പലിന്റെ കപ്പിത്താനാവാനാണ് യെച്ചൂരിയുടെ യോഗമെന്ന് ശിവസേന മുഖപത്രം സാമ്‌നയില്‍ വന്ന ലേഖനത്തില്‍ പറയുന്നു.

യെച്ചൂരി വളരെ കഴിവുള്ള വ്യക്തിയാണ്. എന്നാല്‍ ഇല്ലാത്ത പാര്‍ട്ടിയെ നയിക്കുക എന്ന ചുമതലയാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. സിപിഐഎമ്മിനെ എങ്ങനെ ദേശീയപാര്‍ട്ടിയെന്നു വിളിക്കാന്‍ സാധിക്കുമെന്നും മുഖപ്രസംഗത്തില്‍ ശിവസേന ചോദിക്കുന്നുണ്ട്.
ഇടതുപാര്‍ട്ടികള്‍ക്ക് പ്രാധാന്യം നഷ്ടപ്പെട്ടുവെന്നു പറയുന്ന ശിവസേന രാജ്യത്ത് ശക്തമായ പ്രതിപക്ഷമാകാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഇനിയൊരിക്കലും സാധിക്കില്ലെന്നും അഭിപ്രായപ്പെടുന്നു. ഒരു കാലത്ത് അമ്പതോളം എംപിമാരെ ലോകസഭയിലെത്തിച്ച പാര്‍ട്ടിക്ക് ഇപ്പോള്‍ പത്തില്‍ താഴെ അംഗങ്ങള്‍ മാത്രമായതെങ്ങനെയെന്ന് അവര്‍ തന്നെ പരിശോധിക്കണമെന്നും മുഖപ്രസംഗം പറയുന്നു.

ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രകാശ് കാരാട്ട് വന്‍ പരാജയമായിരുന്നു. മൂന്നു പതിറ്റാണ്ട് പശ്ചിമബംഗാളില്‍ ഭരണം നടത്തിയ സിപിഐഎമ്മിന് ഇനി അവിടെ തിരിച്ചുവരവ് ഏതാണ്ട് അസാധ്യമാണ്. വീരന്മാരായിരുന്ന സിപിഐഎം മമതയ്ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞുവെന്നും മുഖപ്രസംഗം പരിഹസിക്കുന്നു. ബംഗാളില്‍ പാര്‍ട്ടിയുടെ ശക്തി പൂര്‍ണ്ണമായും ക്ഷയിച്ചു. ബിഹാര്‍, ത്രിപുര, കേരളം എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ അല്‍പമെങ്കിലും അവശേഷിക്കുന്നത്. ഇങ്ങനെയാണെങ്കില്‍ ഇതും വൈകാതെ ഇല്ലാതാകുമെന്നും ശിവസേന അഭിപ്രായപ്പെടുന്നു.

Scroll To Top