Sunday December 04, 2016
Latest Updates

സ്ലൈഗോയില്‍ അടക്കം ചെയ്ത മഹാകവി യീറ്റ്‌സിന്റെ ശവശരീരം മാറിപ്പോയതായി സ്ഥിരീകരിച്ചു,കവി അന്ത്യവിശ്രമം കൊള്ളുന്നത് ഫ്രാന്‍സിലെ അജ്ഞാതമായ ഏതോ ശവപ്പറമ്പില്‍ !

സ്ലൈഗോയില്‍ അടക്കം ചെയ്ത മഹാകവി യീറ്റ്‌സിന്റെ ശവശരീരം മാറിപ്പോയതായി സ്ഥിരീകരിച്ചു,കവി അന്ത്യവിശ്രമം കൊള്ളുന്നത് ഫ്രാന്‍സിലെ അജ്ഞാതമായ ഏതോ ശവപ്പറമ്പില്‍ !

സ്ലൈഗോ:വിശ്വപ്രസിദ്ധനായ ഐറിഷ് കവി ഡബ്ല്യൂ ബി യീറ്റ്‌സിന്റെ സ്ലൈഗോയിലെ ശവകുടീരത്തിലുള്ളത് അദ്ദേഹത്തിന്റെ ശരീരാവശിഷ്ട്ടങ്ങളല്ലെന്ന് ഫ്രാന്‍സിലെ ഔദ്യോഗിക രേഖകള്‍.
ഫ്രാന്‍സില്‍ വെച്ച് 1939ലാണ് യീറ്റ്‌സ് മരിച്ചത്.അദ്ദേഹത്തിന്റെ മരണശേഷം രണ്ടാം ലോക മഹായുദ്ധകാലത്ത് ശവകുടീരം അടക്കമുള്ള സിമിത്തേരി മുഴുവന്‍ നശിപ്പിക്കപ്പെടുകയും,അവശിഷ്ട്ടങ്ങള്‍ പൊതു സ്ഥലത്തേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.

തുടര്‍ന്ന് 1948ലാണ് യീറ്റ്‌സിന്റെ ഭൌതികാവശിഷ്ട്ടങ്ങള്‍ അദ്ദേഹത്തിന്റെ മുന്‍ ആഗ്രഹമനുസരിച്ച് സ്വന്തം നഗരമായ സ്ലൈഗോയില്‍ എത്തിക്കാന്‍ ബന്ധുക്കളും ഐറിഷ് സര്‍ക്കാരും ശ്രമം ആരംഭിച്ചത്.അങ്ങനെ വീണ്ടും ഫ്രാന്‍സിലെ പൊതു സിമിത്തേരിയില്‍ സൂക്ഷിച്ചിരുന്ന ശവമഞ്ചത്തിലെ ഭൌതികാവശിഷ്ട്ടങ്ങള്‍ പരിശോധന നടത്തി അയര്‍ലണ്ടിലേയ്ക്ക് കൊണ്ട് വരികയായിരുന്നു.
ഗാള്‍വേയില്‍ വെച്ച് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി വരവേറ്റ ഭൌതികാവശിഷ്ട്ടങ്ങള്‍ സ്ലൈഗോയിലെ ഡണ്‍ക്ലിഫ് സിമിത്തേരിയില്‍ സംസ്‌കരിക്കുകയായിരുന്നു.

എന്നാല്‍ അന്ന് ഫ്രാന്‍സില്‍ നിന്നും കൊണ്ട് വന്ന ശവമഞ്ചം യീറ്റ്‌സ് മരിച്ച് ആഴ്ച്ചകള്‍ക്കു ശേഷം മരിച്ച മറ്റൊരാളുടേതാണെന്നാണ് ഇപ്പോള്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുന്നത്.

1948ല്‍ കവിയുടെ ഭൌതികാവശിഷ്ട്ടങ്ങള്‍ അയര്‍ലണ്ടില്‍ കൊണ്ടുവന്നപ്പോള്‍ മുതല്‍ യീറ്റ്‌സിനെ അടുത്തറിയാവുന്ന നിരവധിപേര്‍ ഉയര്‍ത്തിയ സംശയത്തിന് ഔദ്യോഗിക സ്ഥിരീകരണത്തോടെ അവസാനമായിരിക്കുകയാണ്.

അയര്‍ലണ്ടിന്റെ സ്വന്തം മഹാകവി, ഫ്രാന്‍സിലെ അറിയപ്പെടാത്ത ഏതോ ശവകുടീരത്തില്‍ വിസ്മൃതിയിലാഴുകയും ചെയ്തുവെന്നതു മറ്റൊരു ചരിത്ര ദുരന്തം ആവുകയും ചെയ്തു.
റെജി സി ജേക്കബ് 

Scroll To Top