Sunday September 24, 2017
Latest Updates

ജിനു ലൈജുവിന് കോര്‍ക്ക് മലയാളികളുടെ യാത്രാമൊഴി,ഇനി വേദനകളില്ലാത്ത ലോകത്തേയ്ക്ക് 

ജിനു ലൈജുവിന് കോര്‍ക്ക് മലയാളികളുടെ യാത്രാമൊഴി,ഇനി വേദനകളില്ലാത്ത ലോകത്തേയ്ക്ക് 

ഡബ്ലിന്‍:ജിനു യാത്രയായി.ശനിയാഴ്ച്ച കോര്‍ക്കില്‍ നിര്യാതയായ ജിനുലൈജുവിന്റെ ഭൌതിക ദേഹമടങ്ങിയ പേടകം കോര്‍ക്കില്‍ നിന്നും ഇന്ന് ഉച്ചയോടെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചു.ഇന്ന് രാത്രിയുള്ള എമറൈറ്റ്‌സിന് ജന്മദേശത്തേയ്ക്കുള്ള അന്ത്യയാത്രയാണ്.പൂര്‍വികരോടും ബന്ധുജനങ്ങളോടുമൊപ്പം ചേര്‍ന്ന് അതേ മണ്ണില്‍ നിദ്രകൊള്ളാന്‍.

യൗവ്വന കാലത്ത് ആത്മാര്‍ഥമായി ജോലി ചെയ്യാന്‍ എത്തിയ കോര്‍ക്ക് നഗരത്തോട് യാത്ര ചോദിക്കുമ്പോള്‍ ആ ആത്മാവ് തീര്‍ച്ചയായും സന്തോഷിച്ചിരിക്കണം.അയര്‍ലണ്ടില്‍ നിന്നും പൗരത്വം സ്വീകരിച്ച മലയാളികളില്‍ ആദ്യമായി മരണത്തെ പുല്‍കിയ ആള്‍ എന്നൊരു ബഹുമതിയുമായാണ് ബുധനാഴ്ച്ച കോര്‍ക്കിലെ ജിനു ലൈജു കേരളത്തിലേയ്ക്ക് മടങ്ങിപോകുന്നത്.ജിനു എന്നും ഒന്നാമതാവാന്‍ കൊതിച്ചിരുന്ന ആളായിരുന്നു എന്നാണ് കോര്‍ക്കിലെ സുഹൃത്തുക്കള്‍ പറയുക.ജിവിതത്തിലെ വെല്ലുവിളികളെ സന്തോഷപൂര്‍വ്വം നേരിട്ട അയര്‍ലണ്ടിലെ മലയാളികളില്‍ ഒന്നാമതായും ഇനി അവള്‍ അറിയപ്പെടും.

കുടിയേറ്റത്തിന്റെ ആദ്യകാലം തന്നെ,ഒരു പക്ഷെ കോര്‍ക്കിലെ പുരുഷപ്രജകളായ മലയാളികള്‍ക്ക് പലര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനും മുന്‍പേ തന്നെ ലൈസന്‍സ് വാങ്ങി ബി എം ഡബ്ല്യൂ ഓടിച്ചു പോകുന്ന ജിനുവിനെ മറക്കാന്‍ പെട്ടന്നാര്‍ക്കും സാധിക്കില്ല.യാത്രകള്‍ ഏറെ ഇഷ്ട്ടപെട്ടിരുന്ന ജിനു കുടുംബത്തോടൊപ്പം അയര്‍ലണ്ട് ചുറ്റി കാണാന്‍ സമയം കണ്ടെത്തിയത് ഡ്രൈവിംഗില്‍ ഉള്ള ആ താത്പര്യം കൊണ്ടാണ്.

അത്തരം ഒരു യാത്രയ്ക്കിടയിലാണ് അവര്‍ ലോകയാത്രയ്‌ക്കെത്തിയ സിനിമാ സംവിധായകന്‍ ലാല്‍ ജോസിനെയും സുരേഷ് ജോസഫിനെയും കണ്ടത്.അയര്‍ലണ്ടില്‍ എത്തിയ ആദ്യ ദിവസം തന്നെ വിക്ലോയുടെ മലനിരകളിലെ കാഴ്ച്ചകള്‍ കാണാന്‍ പുറപ്പെട്ട ലാല്‍ ജോസും സംഘവും വീതി കുറഞ്ഞ ഒരു റോഡിലൂടെ പോകുമ്പോഴാണ് ജിനുവും കുടുംബവും,ഡബ്ലിനിലെ ബന്ധുക്കളോടൊപ്പം വാഹനത്തില്‍ ഏതിരെ വന്നത്.

 ജിനുവും ലൈജുവും,സീയോനും ഡബ്ലിനിലെ ബന്ധുക്കളോടും ,ലാല്‍ ജോസ് സുരേഷ് ജോസഫ് ടീമിനോടുമൊപ്പം വിക്ലോയില്‍


ജിനുവും ലൈജുവും,സീയോനും ഡബ്ലിനിലെ ബന്ധുക്കളോടും ,ലാല്‍ ജോസ് സുരേഷ് ജോസഫ് ടീമിനോടുമൊപ്പം വിക്ലോയില്‍അപരിചിതവും വിജനവുമായ ആ സ്ഥലത്ത് വെച്ച് രണ്ടു മലയാളി സംഘങ്ങള്‍ തമ്മില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആശ്ചര്യത്തിലുപരി കണ്ടു മുട്ടിയ ആള്‍ ചലച്ചിത്രങ്ങളില്‍ കൂടി തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ലാല്‍ ജോസ് ആണെന്നറിഞ്ഞപ്പോള്‍ കോര്‍ക്കില്‍ നിന്നെത്തിയ യാത്രാ സംഘം അത്ഭുതപ്പെട്ടുപോയി.പിന്നീട് ഇരു യാത്രാ സംഘങ്ങളും ഒന്നിച്ചായി യാത്ര.ലൈജുവിനോടും കുടുംബത്തോടുമൊപ്പം ഏറെ നേരം ചിലവഴിച്ച ലാല്‍ ജോസ് സംഘം അവരുടെയൊപ്പം മിനിട്ടുകളോളം ഫോട്ടോയ്ക്ക് പോസ് ചെയ്തു.ഈ യാത്രാ സംഘത്തിന്റെയൊപ്പം ചിലവഴിച്ച നിമിഷങ്ങളെ പറ്റി ലാല്‍ ജോസ് പിന്നീട് ഡബ്ലിനിലെ സുഹൃത്തുക്കളോട് പങ്കുവെയ്ക്കുകയുണ്ടായി.യാത്രാ സംഘം റഷ്യ വിട്ടതിനു ശേഷം ഔപചാരികതയില്ലാതെ കണ്ടു മുട്ടിയ ആദ്യത്തെ കുടുംബ സദസ് ആയിരുന്നു ഇതെന്നാണ് അദ്ദേഹം പറഞ്ഞത്.

സീയോണിന്റെ പിറന്നാള്‍ ദിവസം

സീയോണിന്റെ പിറന്നാള്‍ ദിവസം

സീയോനെ ജീവനായിരുന്നു ആ അമ്മയ്ക്ക്.ഏതാനം മാസം മുന്‍പായിരുന്നു സീയോന്റെ ഫസ്റ്റ് ഹോളികമ്മ്യൂണിയന്‍.വര്‍ഷങ്ങളായി രോഗബാധിത ആയിരുന്നുവെങ്കിലും ആ ദിവസത്തിന് വേണ്ടി ജിനു ഒത്തിരി തയാറെടുപ്പുകള്‍ നടത്തി.ഈശോയ്ക്ക് വേണ്ടി മകളെ പ്രാര്‍ഥിച്ചൊരുക്കുന്നതില്‍,അഥിതികളെ വിളിയ്ക്കുന്നതില്‍ ഒക്കെ ജിനു തന്നെയാണ് മുന്നിട്ടു നിന്നത് എന്ന് സുഹൃത്തുക്കള്‍ പറയുന്നു.

സെപ്റ്റംബര്‍ 24 നായിരുന്നു സീയോണിന്റെ ഒന്പതാം പിറന്നാള്‍.ജിനു അതൊരു വലിയ ആഘോഷമാക്കി മാറ്റി.ഒരു മാസം തികയും മുന്‍പേ അവളെ വിട്ടു പോകേണ്ടി വരുമെന്ന് ആ അമ്മയ്ക്ക് അറിയാമായിരുന്നോ ആവോ ?  

അസുഖത്തിന്റെ ആകുലതകളെ വകവയ്ക്കാതെ ജീവിച്ചിടത്തോളം കാലം ധൈര്യമായി പൊരുതിയ ജിനു ഏവര്‍ക്കും ഒരു മാതൃകയായിരുന്നു.വേദനയുടെ പെരുമഴയിലും സങ്കടത്തിന്റെ തരിമ്പ് പോലും പുറത്തറിയിക്കാതെ വര്‍ഷങ്ങളോളം പ്രസന്ന ചിത്തയായിരുന്നവള്‍. 

ശനിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തപ്പെടുക.കല്ലറ സെന്റ് തോമസ് പള്ളി സിമിത്തേരിയിലാണ് സംസ്‌കാരം.കോര്‍ക്ക് സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.ഫ്രാന്‍സിസ് നീലങ്കാവിലും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും.


Scroll To Top