Thursday December 08, 2016
Latest Updates

യാക്കൂബ് മേമനെ തൂക്കിലേറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍,നീതി തൂക്കിലേറ്റപ്പെടരുതെന്ന് പൊതു വികാരം 

യാക്കൂബ് മേമനെ തൂക്കിലേറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍,നീതി തൂക്കിലേറ്റപ്പെടരുതെന്ന് പൊതു വികാരം 

ഡല്‍ഹി :യാക്കൂബ് മേമനെ തൂക്കിലേറ്റുകതന്നെ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍.മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ വധിക്കരുത് എന്നാവശ്യപ്പെട്ട് രാഷ്ട്രീയ,സാംസ്‌കാരിക,നീതിന്യായ മേഖലകളിലെ നൂറുകണക്കിന് പ്രമുഖര്‍ ആവശ്യം ഉയര്‍ത്തിയ സാഹചര്യത്തില്‍ മേമന്റെ അവസാന ദയാഹര്‍ജിയിന്‍മേല്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി അഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയപ്പോഴാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയോട് ഈ ശിപാര്‍ശ നല്‍കിയത്.

ഇന്ന് ഇന്ത്യന്‍ സമയം ഏഴു മണിയോടെ മുമ്പ് രാഷ്ട്രപതി തീരുമാനം എടുക്കും.

വധശിക്ഷയ്‌ക്കെതിരെ യാക്കൂബ് മേമന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പ്രത്യേക ബഞ്ച് ഇന്ന് രാവിലെ തള്ളിയിരുന്നു. ശിക്ഷയ്‌ക്കെതിരെ നല്‍കിയ തിരുത്തല്‍ ഹര്‍ജിയില്‍ പാളിച്ചയില്ലെന്നും.നടപടി ക്രമങ്ങളില്‍ വീഴ്ചവന്നിട്ടില്ലെന്നും,പ്രതിയ്ക്ക് സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ലെന്നും ശിക്ഷ നടപ്പാക്കും മുമ്പ് മതിയായ സാവകാശം നല്‍കിയിട്ടുണ്ടെന്നും സുപ്രീംകോടതിയുടെ പ്രത്യേക ബഞ്ച് വ്യക്തമാക്കി. ജഡ്ജിമാരായ ദീപക് മിശ്ര, പ്രഫുല്ല ചന്ദ്ര പാന്ത്, അമിതാവ റോയി എന്നിവരടങ്ങിയ ബഞ്ചാണ് കേസ് ഇന്നു പരിഗണിച്ചത്.

മഹാരാഷ്ട്രാ ഗവര്‍ണര്‍ക്ക് നല്‍കിയ രണ്ടാമത്തെ ദയാഹര്‍ജിയും തള്ളിയതോടെ നാളെ രാവിലെ ഏഴിന് നാഗ്പൂര്‍ ജയിലില്‍ വധശിക്ഷ നടപ്പിലാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ശിക്ഷ നടപ്പാക്കുന്നതിനെതിരെ യാക്കൂബ് മേമന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് വീണ്ടും ദയാഹര്‍ജി നല്‍കിയിട്ടുണ്ട്,ഇതിന്‍മേലാണ് രാഷ്ട്രപതി ഇപ്പോള്‍ അഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയിരിക്കുന്നത്.

സി പി ഐ(എം)സെക്രട്ടറി സീതാറാം യെച്ചൂരി,രാംജത് മലാനി എന്നിവര്‍ അടക്കമുള്ള പ്രമുഖര്‍ മേമന്റെ വധ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.മേമന് സാമൂഹ്യമായ നീതി നിഷേധിക്കപ്പെട്ടു എന്ന ധാരണയാണ് ഇന്ത്യന്‍ പൊതു സമൂഹത്തില്‍ പൊതുവേയുള്ളത്.

വധ ശിക്ഷ ഒഴിവാക്കാനുള്ള ഐക്യരാഷ്ട്ര സമിതി ഉടമ്പടിയില്‍ ഇന്ത്യയും പങ്കാളികളാണ്.അതിനു ശേഷവും ഇത്തരം ഒരു സാഹചര്യം ഉണ്ടാവുന്നത് നിര്‍ഭാഗ്യകരമാണെന്നാണ് ഇവരുടെ അഭിപ്രായം.
ആഭ്യന്തര മന്ത്രാലയത്തിന്റെ അനുകൂലമായ അഭിപ്രായം ഇന്ന് വന്നില്ലെങ്കില്‍ യാക്കൂബ് മേമന്‍ എന്ന സംശയിക്കപ്പെടുന്ന കുറ്റവാളിയെ നാളെ രാവിലെ 7 മണിയ്ക്ക് മുംബൈയിലെ ജയില്‍ വളപ്പില്‍ തൂക്കിലേറ്റും.


Scroll To Top