Tuesday September 19, 2017
Latest Updates

യാക്കൂബ് മേമനെ ന്യായീകരിക്കുമ്പോള്‍ ….

യാക്കൂബ് മേമനെ ന്യായീകരിക്കുമ്പോള്‍ ….

ഈശ്വരന്‍ നല്‍കിയ ജീവനെ തിരിച്ചെടുക്കാനും ഈശ്വരന് മാത്രമേ അവകാശമുള്ളൂ എന്ന് ഉറച്ചു വിശ്വസിക്കുകയും അത് പരമാവധി വേദികളില്‍ പ്രഘോഷിക്കുകയും ചെയ്ത മഹാനായ അബ്ദുള്‍ കലാമിന്റെ മൃതദേഹത്തെ സാക്ഷിയാക്കി ഇന്ത്യയുടെ രാഷ്ടീയ പ്രഭുതികളും നിയമ സംവിധാനങ്ങളും മറ്റൊരു ജീവന്റെ വിലയെ നിസാരവത്കരിച്ച ക്രൂരമായ രംഗങ്ങള്‍ക്ക് ജനാധിപത്യ ഇന്ത്യ സാക്ഷ്യം വഹിച്ച രാത്രിയെ നമുക്ക് അഭിമാനപൂര്‍വ്വം ഓര്‍ക്കാനാവുമോ?

കണ്ണിനു പകരം കണ്ണ്,പല്ലിന് പകരം പല്ല്,എന്ന പ്രാകൃത വിചാരധാരയിലേയ്ക്ക് ഇന്ത്യ ചുരുങ്ങിപോകുന്ന കാഴ്ച്ച ദുഃഖകരമായി പോയി എന്ന് പറയാതെ വയ്യ.യാക്കൂബ് മേമന്‍ എന്ന മനുഷ്യന്റെ മരണത്തില്‍ അനുശോചിച്ചുള്ള ഒരു കുറിപ്പല്ലിത്.അയാളുടെ മരണത്തില്‍ ദുഃഖിക്കാന്‍ എന്തിരിക്കുന്നു?

മേമന്‍ കുടുംബത്തില്‍ ഏറ്റവുമധികം വിദ്യാഭ്യാസം നേടിയയാളായിരുന്നു യാക്കൂബ് മേമന്‍. കൊമേഴ്‌സില്‍ ബിരുദം നേടിയ മേമന്‍ സമര്‍ഥനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു. 1962 ജൂലൈ 30നായിരുന്നു യാക്കൂബ് അബ്ദുള്‍ റസാക്ക് മേമന്റെ ജനനം. അബ്ദുള്‍ റസാക്ക് മേമന്‍, ഹനിഫ മേമന്‍ എന്നിവരായിരുന്നു യാക്കൂബ് മേമന്റെ മാതാപിതാക്കള്‍. 1986ല്‍ ബുര്‍ഹാനി കോളെജ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ആര്‍ട്‌സില്‍ നിന്നാണ് അദ്ദേഹം കൊമേഴ്‌സില്‍ ബിരുദം നേടിയത്. തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തു. ഇതിനിടെ മേത്ത ആന്‍ഡ് മേമന്‍ അസോസിയേറ്റ്‌സ് എന്ന പേരില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനം തുടങ്ങി. 

മേത്തയുമായി പിരിഞ്ഞ ശേഷം യാക്കൂബ് എ ആര്‍ ആന്‍ഡ് സണ്‍സ് എന്ന പേരില്‍ സ്വന്തം സ്ഥാപനം തുടങ്ങുകയായിരുന്നു. ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സാധനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തെജ്രാത്ത ഇന്റര്‍നാഷണല്‍ എന്ന കമ്പനിയും യാക്കൂബ് തുടങ്ങിയിരുന്നു. മുംബൈയിലെ മേമന്‍ സമുദായത്തിന്റെ മികച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റിനുള്ള പുരസ്‌കാരം മേമന്‍ നേടിയിട്ടുണ്ട്.

ഇതിനിടെയാണ് സഹോദരനായ ടൈഗര്‍ മേമനൊപ്പം ചേര്‍ന്നത്. ടൈഗര്‍ മേമന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്തിരുന്നത് യാക്കൂബ് ആയിരുന്നു എന്നാണ് പോലിസ് കണ്ടെത്തിയത്.1993 മാര്‍ച്ച് 12നാണ് ബോംബെയെ പിടിച്ചു കുലുക്കിയ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് മുമ്പ് മേമന്‍ കുടുംബം പാക്കിസ്ഥാനിലേക്ക് കുടിയേറിയിരുന്നു.
ജയിലില്‍ കഴിയുന്നതിനിടെയും യാക്കൂബ് രണ്ട് ബിരുദങ്ങള്‍ നേടി. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും പൊളിറ്റിക്കല്‍ സയന്‍സിലുമാണ് ബിരുദം നേടിയത്.

നേപ്പാള്‍ പൊലീസില്‍ കീഴടങ്ങിയ മേമനെ 1994 ആഗസ്റ്റ് അഞ്ചിന് ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ വാദം.ഇവിടെ മുതല്‍ മേമനെ ക്രൂശിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ തുടങ്ങിയിരുന്നുവെന്ന് വ്യക്തം.കേസന്വേഷിച്ച റോ ഉദ്യോഗസ്ഥന്‍ ബി.രാമന്‍ മരിക്കും മുമ്പെഴുതിയ കത്തില്‍ മേമനെ വധിക്കരുതെന്നാവശ്യപ്പെട്ടിരുന്നുവെന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലായ റീഡിഫ്‌ഡോട്‌കോമും വെളിപ്പെടുത്തിയിരുന്നു.

ടൈഗര്‍ മേമന്റെ സഹോദരനായതുകൊണ്ടാണ് തനിക്ക് വധശിക്ഷ ലഭിച്ചതെന്നാണ് യാക്കൂബ് വിശ്വസിച്ചിരുന്നത്.മുംബൈ സ്‌ഫോടന കേസില്‍ തനിക്കറിയാവുന്ന വിവരങ്ങള്‍ യാക്കൂബ് തുറന്നു പറഞ്ഞത് അദ്ദേഹത്തിനു വിനയായി എന്ന് കരുതുന്നവര്‍ ഏറെയുണ്ട്.ദാവൂദ് ഇബ്രാഹിമും,ടൈഗര്‍ മേമനുമാണ് സ്‌ഫോടനത്തിനു പിന്നിലെ ചാലക ശക്തി എന്ന് ഏവര്‍ക്കും അറിയാവുന്നതാണ്.ഇവിടെയാവട്ടെ കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിയ്ക്കുക എന്ന കിരാതസമ്പ്രദായമാണ് നടപ്പാക്കപ്പെട്ടത്.

മരണം അടുത്ത ദിവസങ്ങളിലെടുത്ത യാക്കൂബ് മേമന്റെ ചിത്രം.അവസാന ദിവസങ്ങളില്‍ മേമന്‍ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു എന്ന് ബന്ധുക്കള്‍ സക്ഷ്യപ്പെടുത്തിയിരുന്നു.

മരണം അടുത്ത ദിവസങ്ങളിലെടുത്ത യാക്കൂബ് മേമന്റെ ചിത്രം.അവസാന ദിവസങ്ങളില്‍ മേമന്‍ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു എന്ന് ബന്ധുക്കള്‍ സക്ഷ്യപ്പെടുത്തിയിരുന്നു.

അതിന് ഉപോദ്ബലകമായ ഒട്ടേറെ തെളിവുകള്‍ നില നില്‍ക്കെയാണ് അതൊന്നും പരിശോധിക്കാതെയാണ് യാക്കൂബിനെ മരണത്തിനയയ്ക്കാന്‍ താത്പരകക്ഷികള്‍ തിരക്ക് കൂട്ടിയത്. 

യാക്കൂബ് മേമനെ വധിച്ചത് കൊണ്ട് ഇന്ത്യയ്ക്ക് ഒന്നും നേടാനില്ല.വരാനിരിക്കുന്ന നഷ്ട്ടകണക്കുകള്‍ക്ക് കാതോര്‍ക്കാന്‍ ആര്‍ക്കാണ് ഇഷ്ടം?അഹിംസ പ്രഘോഷിച്ച മഹാത്മാഗാന്ധിയുടെ നാട്ടിലാണ് നാം പിറന്നത് എന്ന് ഇനി ആര്‍ക്ക് അഭിമാനിക്കാനാവും?ആഘോഷിക്കുന്നവര്‍ ആഘോഷിക്കട്ടെ,ലോക നന്മ ആഗ്രഹിക്കുന്ന പലര്‍ക്കും ഇന്ന് ആഹാരം കഴിയ്ക്കാനാവില്ല!

നാഗ്പൂര്‍ ജയിലില്‍ ഇന്ത്യയുടെ നീതിശാസ്ത്രത്തെ അവസാന നിമിഷം വരെ പ്രതീക്ഷയോടെ കാത്തിരിന്ന 52 വയസുള്ള ആ മനുഷ്യന്‍ മുപ്പത്തി രണ്ടാമത്തെ വയസില്‍ ജയിലിന്റെ ഇരുട്ടറയില്‍ അടയ്ക്കപ്പെട്ടതാണ്.ഒരു ഇരുപത് വര്‍ഷം കൂടി നാഗ്പ്പൂര്‍ ജയിലില്‍ അയാള്‍ക്ക് ചിലവിന് കൊടുക്കുകയായിരുന്നു അയാള്‍ക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷ.

യാക്കൂബ് മേമനല്ല ഇവിടെ വിഷയം.വധ ശിക്ഷയെ എതിര്‍ക്കുന്നുവെന്ന് മേനി പറയുകയും അതേ സമയം പ്രോത്സാഹനം നല്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയങ്ങളാണ്.ഇത്തരം പ്രാകൃത നിലപാടുകളില്‍ നിന്നും നമ്മുടെ നാട് മോചിതമാവുന്ന നല്ല ദിവസങ്ങള്‍ അകലെയല്ല.കാലത്തിന് മുമ്പില്‍ പോയ ബുദ്ധനും ഗാന്ധിയും കാട്ടിയ വഴികള്‍ ലോകം സ്വീകരിക്കുമ്പോള്‍ നാം എങ്ങനെ മാറി നില്‍ക്കും?
റെജി സി ജേക്കബ് Scroll To Top