Friday September 22, 2017
Latest Updates

ഉണ്ണിയ്ക്ക് പറയാനുള്ളത് ….

ഉണ്ണിയ്ക്ക് പറയാനുള്ളത് ….

നുഷ്യ ഹൃദയങ്ങളില്‍ ആനന്ദത്തിന്റെ താരപ്രഭ നിറച്ച് ഒരു ക്രിസ്മസ് കൂടി 
സമാഗതമായിരിക്കുന്നു. നഗര ഗ്രാമാന്തരങ്ങളില്‍ വിശിഷ്യാ മലയാളത്തിന്റെ
ഗന്ധമുള്ള വീടുകളില്‍ നാളേറെയായി നക്ഷത്രങ്ങള്‍ പ്രകാശിപ്പിച്ച്
വിശ്വാസികള്‍ കാത്തിരുന്നത് ഈ തിരുദിനത്തിനായിരുന്നു. ഇനി സ്‌നേഹത്തിന്റെ
പുല്‍ക്കൂട്ടിലേക്ക് അവരതിനെ സ്വീകരിച്ചിരുത്തും. പിന്നെ തന്നെ പോലെ
തന്റെ അയല്‍വാസിയെയും കാണുമെന്ന് മനസ്സിലുറച്ച്, ദൈവം തന്നില്‍
തന്നെയുണ്ടെന്ന് മനസ്സിലാക്കി ആത്മസംതൃപ്തിയുടെ അപ്പവും വീഞ്ഞും കൊടുത്ത്
അതിനെ യാത്രയാക്കും. തങ്ങള്‍ക്ക് ഉണര്‍ത്തു പാട്ടായ് ഇനിയും വരണേ എന്ന
അപേക്ഷയോടെ.
നാം മലയാളികള്‍ക്ക് ആഘോഷങ്ങളെത്രയാണ്. മതാന്തരീയ മതേതര സ്വഭാവമുള്ള ഒരു
പിടി ആഘോഷങ്ങള്‍ കൊണ്ട് സമൃദ്ധമാണ് മലയാളം. പെരുന്നാള്‍, ക്രിസ്മസ്, ഓണം,
ഹോളി, വിഷു, പൂരങ്ങള്‍ ഇതര കാര്‍ഷികോത്സവങ്ങള്‍… അങ്ങനെയങ്ങനെ
മലയാളത്തിന്റെ ആഘോഷ പെരുമ എഴുതിയാല്‍ തീരാത്തതാണ്.
എന്നാല്‍ ആഘോഷമേതായാലും മതാടിസ്ഥാനത്തിലുള്ളതോ അല്ലാത്തതോ അതിനെ
ഒന്നിച്ചൊരുമിച്ചങ്ങ് ആഘോഷിച്ചു കളയുക എന്നതാണ് മലയാളിയുടെ രീതി. ഒന്നു
കൂടി പറഞ്ഞാല്‍ പെരുന്നാളും ക്രിസ്മസും ഓണവുമെല്ലാം മതത്തിന്റെ അതിര്‍
രേഖകള്‍ക്കപ്പുറത്ത് ആഘോഷിച്ചു തീര്‍ക്കലാണ് മലയാളിക്ക് പഥ്യം.
മലയാളിയുടെ സത്വം ഇതര സമൂഹങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതും
പ്രശംസിക്കപ്പെടുന്നതും.
ഈ മലയാളീ മനോഭാവത്തെ ആടിസ്ഥാനികമായി നാം പ്രോത്സാഹിപ്പിക്കേണ്ടതും വരും
തലമുറകള്‍ക്കിത് കൈമാറേണ്ടതുമാണ്. അതേ സമയം ഈയിടെയായി ആഘോഷങ്ങള്‍
ആഭാസങ്ങളായി മാറുന്നു എന്ന മുറവിളികള്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍
നിന്ന് ഉയരുന്നത് നാം മുഖവിലക്കെടുക്കേണ്ടതാണ്. ഇവിടെയാണ് ആഘോഷങ്ങള്‍ക്ക്
ആത്മാവ് നഷ്ടപ്പെടുന്നുണ്ടോ എന്ന ഗൌരവതരമായ ചിന്തക്ക് നാം നിര്‍ബന്ധിതരാവുന്നത്.
ആഘോഷങ്ങളുടെ ഫിലോസഫി എന്താണെന്ന് എപ്പെഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
മാനവിക ചരിത്രത്തിന്റെ അതേ വയസ്സുണ്ട് ആഘോഷങ്ങള്‍ക്കും. ഒന്നുകൂടി
പറഞ്ഞാല്‍ മനുഷ്യന്റെ സത്വം സാമൂഹികസ്വഭാവമുള്ളതാണ്. ആദിമ മനുഷ്യനും
കുടുംബവും ആദ്യത്തെ നരവംശചരിത്രത്തിലെ ആദ്യ സമൂഹമായി ജീവിച്ചു.
തുടര്‍ന്നങ്ങോട്ട് ഈ സാമൂഹിക സ്വാഭാവത്തിലാണ് മനുഷ്യര്‍ ജീവിച്ചു
പോന്നത്. സാമൂഹിക ജീവിതത്തിന്റെ അനിവാര്യ സൃഷ്ടിയാണ് ആഘോഷങ്ങള്‍.
ഒരു പ്രത്യേക രാജ്യത്ത് അതല്ലെങ്കില്‍ ഒരു പ്രത്യേക സംസ്‌കാരത്തിനു
കീഴില്‍ ജീവിക്കുന്നവര്‍ തങ്ങളുയര്‍ത്തിപ്പിടിക്കുന്ന തത്വങ്ങളുടെ
സംസ്ഥാപനത്തിനും വ്യാപനത്തിനുമായി തിരഞ്ഞെടുക്കുന്ന മാര്‍ഗമാണ്
ആഘോഷങ്ങള്‍.
രസിക്കുക എന്നത് മനുഷ്യനിലുള്ള ജന്മവാസനയും അഭിരുചിയുമാണ്. ആ ഘടകത്തെ
ഫലപ്രദമായി വിനിയോഗിക്കാനുള്ള ഒരു മാധ്യമമായാണ് ആഘോഷങ്ങള്‍ ജനിക്കുന്നത്.
അഥവാ ഏത് ആഘോഷങ്ങളുടെ ജന്മത്തിന് പിന്നിലും ശക്തമായൊരു നയം
കിടക്കുന്നുണ്ട്. ഉദ്ദേശ്യമെന്ന് ലളിതമായി ഇതിനെ വിളിക്കാം. ആ നയമാണ്
അല്ലെങ്കില്‍ ഉദ്ദേശ്യമാണ് ആഘോഷത്തിന്റെ ആത്മാവ്. അത് തിരിച്ചറിയുകയും
പ്രയോഗവല്‍ക്കരിക്കുകയും ചെയ്താല്‍ മാത്രമേ അവ അര്‍ഥപൂര്‍ണകമാകുകയുള്ളൂ.
ഇവിടെ തലമുറകള്‍ കൂടുതല്‍ കൂടുതല്‍ ഉത്തരാധുനികരായി മാറുന്നതിനൊപ്പം
ഇപ്പറഞ്ഞ ആഘോഷങ്ങളുടെ ആത്മാവ് കൈമോശം വരുന്നുണ്ടോ എന്ന ആശങ്കക്ക്
സ്ഥാനമുണ്ട്. ആത്മാവ് നഷ്ടപ്പെട്ട ആഘോഷങ്ങള്‍ തികഞ്ഞ അരാജകത്വത്തിലേക്കും
സാംസ്‌കാരിക ശോഷണത്തിലേക്കുമായിരിക്കും സമൂഹത്തെ നയിക്കുക.
ന്യൂ ജനറേഷന്‍ യുവാക്കള്‍ ഓണവും വിഷുവും പെരുന്നാളും ക്രിസ്മസുമൊക്കെ
ആഘോഷിച്ചതിന്റെ അടയാളങ്ങള്‍ സമൂഹത്തിന്റെ
സദാചാര മുഖത്ത് മായാത്ത പാടായി അവശേഷിക്കുന്നതിന്റെ
ഉദാഹരണങ്ങള്‍ മലയാളികള്‍ക്ക് വിശദീകരിച്ചു കൊടുക്കേണ്ടതില്ല,
ഇവിടെ കര്‍ത്തവ്യ ബോധമുള്ള രക്ഷിതാക്കളും മത സാംസ്‌കാരിക രാഷ്ട്രീയ
നേതൃത്വവുമാണ് ഉണരേണ്ടത്. അധികാരം അലങ്കാരമായി കരുതാതെ ഒരു തലമുറയുടെ
ഭാവി തങ്ങളുടെ കൈയിലാണെന്ന ബോധം പ്രാഥമികമായി രക്ഷിതാക്കളിലും തുടര്‍ന്ന്
മേല്‍ സൂചിപ്പിച്ച നേതൃസമൂഹത്തിലും സദാ ഉണ്ടാവണം.
ഓരോ ആഘോഷങ്ങള്‍ക്കും അവ പ്രതിനിധാനം ചെയ്യുന്ന മത
ദേശങ്ങള്‍ക്കനുസരിച്ച് നേരത്തെ പറഞ്ഞ നയങ്ങള്‍
വ്യത്യസ്തമാവാമെങ്കിലും ആടിസ്ഥാനികമായി എല്ലാ ആഘോഷങ്ങളും പ്രഘോഷണം
ചെയ്യുന്നത് ഒരേ ഒരു ആശയമാണ്. മാനുഷിക ജീവിതം നശ്വരമാണെന്നും ജീവിതം
വ്യത്യസ്തങ്ങളായ സുകൃതങ്ങള്‍ കൊണ്ട് സജീവമാക്കണമെന്നതുമത്രെ അത്. ഈ
നിരീക്ഷണത്തിന് വര്‍ണ മത വൈജാത്യങ്ങളില്ല തന്നെ.
ഓണവും പെരുന്നാളും ക്രിസ്മസും പ്രാഥമികമായി ഉദ്‌ഘോഷിക്കുന്നത് അന്നേ ദിവസം
മനുഷ്യരാരും പട്ടിണി കിടക്കരുത് എന്നതാണ്. കാരണം മനുഷ്യരെല്ലാരും ഒന്നു
പോലെ ഭക്ഷണം കഴിച്ചിരുന്ന കാലത്തിന്റെ ചക്രവര്‍ത്തിയാണ് ഓണത്തിലൂടെ
സ്മരിക്കപ്പെടുന്നത്. നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും കാണണം എന്നു ലോകത്തോട്
ഉറക്കെ പറഞ്ഞ യേശുവിനാണ് ക്രിസ്മസ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.
അയല്‍വാസി പട്ടിണി കിടക്കുന്നസമയം വയറ് നിറച്ച് ഉണ്ണുന്നവന്‍ നമ്മില്‍
പെട്ടവനല്ലെന്ന് പ്രഖ്യാപിച്ച നബിയാണ് സമൂഹത്തോട് പെരുന്നാളാഘോഷിക്കാന്‍
പറഞ്ഞത്. സമത്വത്തിന്റെയും സമഭാവനയുടെയും ഈ തത്വങ്ങള്‍ പുനരുദ്‌ഘോഷണം
ചെയ്യപ്പെടാത്ത ആഘോഷങ്ങള്‍ കൊണ്ട് നമുക്ക് എന്ത് നേടാനുണ്ട്. കുറേ സമയവും
ധനവും മാനവവിഭവശേഷിയും നഷ്ടമാകുമെന്നല്ലാതെ.
മലയാളികള്‍ പൊതുവെ ഇത്തരം കാര്യങ്ങളില്‍ ബദ്ധശ്രദ്ധരാണ്. കേരളത്തില്‍
മാത്രമല്ല അമേരിക്ക, യൂറോപ്പ്, ആസ്‌ത്രേലിയ, അറേബ്യന്‍ രാജ്യങ്ങള്‍
തുടങ്ങി മലയാളികള്‍ കുടിയേറിയ ഇടങ്ങളിലെല്ലാം അവരുടേതായൊരു കൂട്ടായ്മയും
സംഘടിത ആഘോഷങ്ങളും അനുബന്ധ കാരുണ്യ പ്രവര്‍ത്തനങ്ങളും സജീവമായി
നടക്കുന്നുണ്ടെന്ന വാര്‍ത്ത കേള്‍ക്കാറുണ്ട്. എന്നാല്‍ അടുത്ത തലമുറകളെ
കുറിച്ചാണ് നാം വേവലാതിപെടുന്നത്. അവര്‍ ഏത് വഴി തെരഞ്ഞെടുത്താലും
ഉത്തരവാദികള്‍ രക്ഷാകര്‍ത്താക്കളായിരിക്കുമെന്ന ബോധം നമുക്കുണ്ടാകണം.
ഉത്സവദിവസങ്ങളില്‍ പുതിയ തലമുറയും പഴയ തലമുറയും ഒന്നിച്ചിരുന്ന് സംവേദനം
നടത്തുന്ന സ്വഭാവം നമ്മിലുണ്ടാകണം, പഴയതലമുറകളുടെ ജീവിതാനുഭവങ്ങള്‍
അപകടങ്ങള്‍ പതിയിരിക്കുന്ന പുതിയ കാലത്ത് അവര്‍ക്ക് രക്ഷയാവും. ഈ ലക്ഷ്യം
മുന്നില്‍ കണ്ട് കൊണ്ട് തന്നെ സരസമായ പ്രോഗ്രാമുകള്‍
സംഘടിപ്പിക്കാവുന്നതാണ്.
അങ്ങനെ നാം കാത്തുപോന്ന മലയാളത്തനിമയുടെ ആവര്‍ത്തനം
പുതിയ തലമുറയിലും പ്രഫുല്ലമാകട്ടെ.
മിനാരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് മനുഷ്യത്വത്തിന്റെ
ഉദ്‌ഘോഷണത്തിനാണെന്നും, ഓങ്കാരത്തിന്റെ ഈണം ശാന്തിയുടെതാണെന്നും
നക്ഷത്രങ്ങള്‍ പ്രകാശിക്കേണ്ടത് മനസ്സുകളിലാണെന്നും പുല്‍ക്കൂട്ടില്‍
കുടിയിരുത്തേണ്ടത് സമാനതകളില്ലാത്ത വിശ്വമാനവികതയെയാണെന്നും അവരറിയട്ടെ.
അങ്ങനെ മലയാളിയും മലയാളവും ലോകത്ത് ഇനിയും ഇനിയും പരിലസിക്കട്ടെ.
എല്ലാവര്‍ക്കും ഐറിഷ് മലയാളിയുടെ ക്രിസ്മസ് ആശംസകള്‍ …..

Scroll To Top