Sunday January 22, 2017
Latest Updates

കുവൈത്തിലേക്ക് റിക്രൂട്ട്‌മെന്റ് കാത്തിരിക്കുന്ന നഴ്‌സുമാര്‍ക്ക് വീണ്ടും തിരിച്ചടി, കേരളത്തില്‍ ആകെയുണ്ടായിരുന്ന ഒരു മെഡിക്കല്‍ പരിശോധനാ കേന്ദ്രവും പൂട്ടി

കുവൈത്തിലേക്ക് റിക്രൂട്ട്‌മെന്റ് കാത്തിരിക്കുന്ന നഴ്‌സുമാര്‍ക്ക് വീണ്ടും തിരിച്ചടി, കേരളത്തില്‍ ആകെയുണ്ടായിരുന്ന ഒരു മെഡിക്കല്‍ പരിശോധനാ കേന്ദ്രവും പൂട്ടി

കേരളത്തില്‍ നിന്നും കുവൈത്തിലേക്കു വിസ കാത്തിരിക്കുന്ന നഴ്‌സുമാര്‍ക്ക് കഷ്ടകാലം അവസാനിക്കുന്നില്ല. നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കിയതിനു പിന്നാലെ മെഡിക്കല്‍ പരിശോധനയ്ക്കുള്ള കുവൈത്ത് സര്‍ക്കാരിന്റെ കേരളത്തിലെ ഏക അംഗീകൃത ഏജന്‍സി പ്രവര്‍ത്തനം നിര്‍ത്തിയതാണ് നഴ്‌സുമാരെ വലക്കുന്നത്.

മെഡിക്കല്‍ പരിശോധനയ്ക്കായി നഴ്‌സുമാര്‍ ഇനി മുംബൈയില്‍ പോകേണ്ടിവരും. കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖദാമത് ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സ് എന്ന ഏജന്‍സിയാണു കേരളത്തില്‍ ഇതുവരെ മെഡിക്കല്‍ പരിശോധനകള്‍ നടത്തിയിരുന്നത്. എന്നാല്‍ മുന്‍പ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഒടുക്കേണ്ടി വന്നിരുന്ന തുക 3,600 രൂപയായിരുന്നെങ്കില്‍ അടുത്തിടെ ഖദാമത് ഇത് 24,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ നഴ്‌സുമാരുടെ സംഘടനയുടെയും, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതൃത്വത്തില്‍ സമരം ശക്തമായി. സമരത്തിന്റെ ഭാഗമായി കമ്പനിയുടെ കൊച്ചിയിലെ ഓഫീസ് ആക്രമിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണു തീരുമാനമെന്നാണ് ഏജന്‍സി പ്രവര്‍ത്തനം നിര്‍ത്തുന്നു എന്നറിയിച്ചു കൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. കമ്പനിയില്‍ ജോലി ചെയ്യുന്ന 10 ജീവനക്കാരുടെ സുരക്ഷയോര്‍ത്താണു തീരുമാനമെന്നും ഖദാമത് അറിയിക്കുന്നു.

തദ്ദേശീയര്‍ക്ക് തൊഴിലവസരം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗദി സര്‍ക്കാര്‍ തുടങ്ങിവച്ച സ്വദേശിവല്‍ക്കരണം കുവൈത്തും ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് റിക്രൂട്ടിങ്ങ് ഫീസുകളില്‍ ഏര്‍പ്പെടുത്തിയ വന്‍ വര്‍ദ്ധനവ്. ഇതിന്റെ ഭാഗമായി വിസ സ്റ്റാമ്പ് ചെയ്യാന്‍ ഈടാക്കിയിരുന്ന 6500 രൂപ 11,500 ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

കേരളത്തില്‍ ജി.സി.സി. രാജ്യങ്ങളുടെ അംഗീകാരമുള്ള പത്തോളം ആശുപത്രികളില്‍ നേരത്തെ മെഡിക്കല്‍ പരിശോധനയ്ക്കു സൗകര്യമുണ്ടായിരുന്നു. ഇവയുടെ സേവനവും ലഭ്യമല്ലാതായതോടെ പരിശോധനയ്ക്കു കേരളത്തില്‍നിന്നുള്ളവര്‍ ഇനി മുതല്‍ ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും.

 

Scroll To Top