Thursday March 22, 2018
Latest Updates

വേള്‍ഡ് മലയാളി ഫെഡറേഷന്‍ അയര്‍ലണ്ടിലും പ്രവര്‍ത്തനം ആരംഭിക്കുന്നു

വേള്‍ഡ് മലയാളി ഫെഡറേഷന്‍ അയര്‍ലണ്ടിലും പ്രവര്‍ത്തനം ആരംഭിക്കുന്നു

ഡബ്ലിന്‍:ലോക മലയാളികള്‍ക്കിടയില്‍ സുശക്തമായ നെറ്റ് വര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി തുടക്കംകുറിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ള്യുഎംഎഫ്) എന്ന ആഗോള സംഘടനയുടെ അയര്‍ലണ്ട് ഘടകം രൂപീകൃതമാകുന്നു.സംഘടനയുടെ അയര്‍ലണ്ടിലെ കോ ഓര്‍ഡിനേറ്ററായി ബിപിന്‍ ചന്ദിനെ(ബ്രേ)നിയോഗിച്ചതായി ഗ്ലോബല്‍ കോര്‍ കമ്മിറ്റി അറിയിച്ചു.

ഈ മാസം അവസാനത്തോടെ താത്പര്യമുള്ളവരെ ഉള്‍പ്പെടുത്തി സംഘടനയുടെ ഔദ്യോഗികമായ പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.സംഘടന ഇതിനോടകം 40 രാജ്യങ്ങളില്‍ ഭാരവാഹികളുടെ നിര്‍ണയവും പ്രവര്‍ത്തനങ്ങളുടെ കരട് രേഖയും അവതരിപ്പിച്ചു കഴിഞ്ഞു.

മന്ത്രിമാര്‍ക്ക് നിവേദനം നല്‍കുക, സ്വീകരണം ഒരുക്കുക, അടുക്കും ചിട്ടയുമില്ലാതെ മെമ്പര്‍ഷിപ് കാര്‍ഡുകള്‍ വിതരണം ചെയ്യുക മുതലായ സ്ഥിരം കാര്യപരികള്‍ക്ക് പുറകെ പോകാതെ വിവിധ രാജ്യങ്ങളില്‍ ചിതറി ജീവിക്കുന്ന മലയാളികളുടെ ഇടയില്‍ ഏറ്റവും പുതിയ സാമൂഹ്യ സമ്പര്‍ക്ക, വാര്‍ത്താവിനിമയ മാധ്യമങ്ങളുടെ സഹായത്തോടുകൂടി ഒരു നെറ്റ്വര്‍ക്ക് സാധ്യമാക്കി, ഉചിതമായ ഇടപെടലുകള്‍ നടത്തി പ്രവാസ ജീവിതം കൂടുതല്‍ ദീപ്തമാക്കുക എന്നതാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ലക്ഷ്യമിടുന്നത്. അതോടൊപ്പം പ്രവാസികളെ അവഗണിക്കുന്ന സമീപനങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ തുടര്‍ച്ചയായി സ്വാധീനം ചെലുത്താനും സംഘടനയുടെ നേതൃത്വം മുന്‍കൈ എടുക്കും. സകലതും നഷ്ടപ്പെട്ട് നാടണയുന്ന പ്രവാസികള്‍ക്കും, മറ്റു മേഖലകളിലും സഹായമാകുന്ന തരത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഘടനയുടെ മുഖമുദ്രയാകും.

ആഗോളതലത്തില്‍ സംഘടനയുടെ ഉപദേശക സമിതി നിലവില്‍ വന്നതായും സംഘടനയുടെ ഗ്ലോബല്‍ കോര്‍ കമ്മിറ്റി അറിയിച്ചു.

കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍, ഫോറം ഫോര്‍ കമ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസഡറും ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ്പ് എംഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റ് അംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറ് അംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. നയരൂപീകരണങ്ങളിലും സാമൂഹികവും സാംസ്‌കാരികവുമായ മേഖലകളിലും ജീവകാരുണ്യ പദ്ധതികളിലും പുതിയ സമിതി സംഘടനയെ സഹായിക്കുന്നതോടൊപ്പം സംഘടനയുടെ രക്ഷാധികാരികളായി പ്രവര്‍ത്തിക്കുകയും ചെയ്യും.

പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഓസ്ട്രിയ), ഷൗക്കത്ത് പറമ്പി (ഇന്ത്യ), സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), ഡോണി ജോര്‍ജ്ജ് (ജര്‍മനി), ഷമീര്‍ യുസഫ് (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലന്‍ഡ്) എന്നിവരടങ്ങിയ ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ കോര്‍ കമ്മിറ്റിയാണ് നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ലോക മലയാളികള്‍ക്കിടയില്‍ ഏകോപിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നത്.

വേള്‍ഡ് മലയാളി ഫെഡറേഷന്റെ അയര്‍ലണ്ട് ഘടകവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവര്‍ 0894492321 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top