Sunday August 20, 2017
Latest Updates

700 കോടി സ്വപ്നങ്ങള്‍,ഒരേയൊരു ഭൂമി

700 കോടി സ്വപ്നങ്ങള്‍,ഒരേയൊരു ഭൂമി

നുഷ്യരാശിയുടെ നിലനില്‍പ്പിനെക്കുറിച്ചു വ്യാകുലപ്പെടുന്നവര്‍ ഒരു പുണ്യദിനമായാണ് ജൂണ്‍ 5 നെ കാണുന്നത്.കാലംതെറ്റി പെയ്യുന്ന മഴയേയും, അപ്രത്യക്ഷമാകുന്ന പുഴകളേയും, ഇടിച്ചു താഴ്ത്തുന്ന മലകളേയും, ഓര്‍മ്മപ്പെടുത്തി ഇതാ വീണ്ടും ഒരു ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം കൂടി വന്നണഞ്ഞിരിക്കുന്നു. 
700 കോടി സ്വപ്നങ്ങള്‍. ഒരേയൊരു ഭൂമി, ഉപഭോഗം കരുതലോടെ (Seven Billion Dreams. One Planet. Consume with Care.) എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. 

നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മ ഗാന്ധിയുടെ വാക്കുകള്‍ കടം എടുത്തു പറയട്ടെ

ഈ ഭൂമിയില്‍ മനുഷ്യന്റെ ആവശ്യത്തിന് വേണ്ടത്രയുണ്ട്. ആര്‍ത്തിക്കു വേണ്ടത്ര ഇല്ലതന്നെ.

ഗാന്ധിജിയുടെ വാക്കുകള്‍ക്ക് ഓരോ വര്‍ഷം പിന്നിടുമ്പോഴും അര്‍ത്ഥവ്യാപ്തി കൂടുകയാണ് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. 

കരുതലില്ലാതെ അത്യാര്‍ത്ഥി പൂണ്ട എഴുന്നൂറ് കോടി ജനങ്ങള്‍ നമ്മുടെ ഭൂമിയെ നിഷ്‌കരുണം കൊലചെയ്യുന്നു. മനുഷ്യന്റെ അത്യാര്‍ത്തി വരുത്തിവച്ച ദുരന്തത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളും മുന്നറിയിപ്പും കൂടിയാണ് ഈ ദിനം. മനുഷ്യന്റെ അതിരുകളില്ലാത്ത ചൂഷണത്തില്‍ സഹികെട്ട പ്രകൃതി നമുക്ക് നേരെ തിരിഞ്ഞാല്‍ ഉണ്ടാകുന്ന ദുരന്തം മനുഷ്യന് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമായിരിക്കും. അത്തരത്തില്‍ പ്രകൃതി ചെറുതായൊന്നു വിറകൊണ്ട അവസരങ്ങള്‍ മനുഷ്യന്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഭൂമി കുലുക്കവും, മണ്ണിടിച്ചിലും, ഉരുള്‍പൊട്ടലും സുനാമിയും ഒക്കെയായി പ്രകൃതി നമുക്ക് നല്‍കിയ മുന്നറിയിപ്പുകള്‍ കണ്ടിട്ടും പഠിക്കാത്ത ജനതക്ക് എന്ത് പരിസ്ഥിതി ദിനം.

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ആഹ്വാനമായിരുന്നു കഴിഞ്ഞ വര്‍ഷം ഉണ്ടായത്. നിങ്ങളുടെ ശബ്ദമാണ് ഉയര്‍ത്തേണ്ടത്, സമുദ്ര നിരപ്പല്ല എന്നതായിരുന്ന കഴിഞ്ഞ വര്‍ഷത്തെ മുദ്രാവാക്യം. 1974 മുതലാണ് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുവാന്‍ തുടങ്ങിയത്. പരിസ്ഥിതി സംരക്ഷണം എന്നത് പറഞ്ഞും കേട്ടും പഴകിയ വാക്കായി മാറിയിരിക്കുന്നു. 
ഈ ഭൂമിയുടെ അവകാശികള്‍ ഇവിടെ വസിക്കുന്ന സര്‍വ്വ ചരാചരങ്ങളുമാണ്. നിസ്സാരനെന്നു കരുതുന്ന ഉറുമ്പ് മുതല്‍ ഭീമാകാരനായ ആന വരെയുള്ള എല്ലാവിധ ജീവജാലങ്ങള്‍ക്കും പക്ഷിമൃഗാദികള്‍ക്കും വൃക്ഷ ലതാദികള്‍ക്കും ഭൂമിയില്‍ തുല്യ അവകാശവും പ്രധാന്യവുമുണ്ടന്ന് അര്‍ത്ഥം. എന്നാല്‍ ഇരുകാലി മൃഗങ്ങളായ ഒരു വിഭാഗം മനുഷ്യര്‍ ഈ പ്രപഞ്ച സത്യത്തെ അനുകൂലിക്കുന്നില്ലന്നതാണ് മറ്റൊരു വസ്തുത. ഈ ഭൂമിയും അതിലുള്ള സര്‍വ്വ ചരാചരങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മനുഷ്യന്റെ ആവശ്യങ്ങള്‍ക്കല്ല മറിച്ച് അത്യാഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണന്നാണ് അവന്‍ സ്വയം പറഞ്ഞും വിശ്വസിച്ചും ഇരിക്കുന്നത്. അതുകൊണ്ടു തന്നെ അവന്റെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അന്തവും ഇല്ല.

ഭൂമിയുടെ നിലനില്‍പ്പിനും സന്തുലിതാവസ്ഥക്കുമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള മലകള്‍ ഇടിച്ചു താഴ്തിയും ജലാശയങ്ങള്‍ മണ്ണിട്ട് മൂടിയും മനുഷ്യന്‍ നടത്തുന്ന പ്രവര്‍ത്തികള്‍ മൂലം നഷ്ടമാകുന്നത് അവന്റെ തന്നെ നിലനില്‍പ്പിനെയാണന്ന് അവര്‍ തിരിച്ചറിയുന്നില്ല. വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളായ കാടായ കാടുകളും മലയായ മലകളുമെല്ലാം കയ്യേറി ജൈവ വൈവിധ്യങ്ങളെയെല്ലാം നശിപ്പിച്ച് കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ടാറിട്ട റോഡുകളും നിര്‍മ്മിച്ചതിന്റെ ഫലമായി വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നു. അവശേഷിക്കുന്ന കാടുകളും മലകളും കൂടി കയ്യേറാന്‍ മതത്തിന്റേയും സംഘടിത ശക്തിയുടേയും പിന്‍ബലമുപയോഗിച്ച് മനുഷ്യന്‍ കരുക്കള്‍ നീക്കുന്നു. 
ഭൂമിയുടെ വൃക്കകളായിട്ടാണ് തണ്ണീര്‍ത്തടങ്ങളെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യശരീരത്തില്‍ വൃക്കകള്‍ ചെയ്യുന്ന പ്രവൃത്തികള്‍ തന്നെയാണ് പ്രകൃതിയില്‍ തണ്ണീര്‍ത്തടങ്ങള്‍ ചെയ്യുന്നത്. വികസനത്തിന്റേയും ആവാസ വ്യവസ്ഥയുടേയും പേരില്‍ തണ്ണീര്‍ത്തടങ്ങള്‍ക്ക് മേല്‍ മണ്ണിടുമ്പോള്‍ മനുഷ്യന്‍ അറിയുന്നില്ല അവനിടുന്ന ഓരോ പിടി മണ്ണും അവന്റെ ശവക്കുഴിക്കു മുകളിലാണന്ന്.
യാതൊരു തത്വദീക്ഷയുമില്ലാതെ ചവിട്ടി മെതിക്കുന്ന ഭൂമിയോട് ഒരു തുള്ളി വെള്ളത്തിനും ഒരിറ്റു തണലിനും വേണ്ടി മനുഷ്യന്‍ യാചിക്കുന്ന നാളുകളിലേക്ക് ഇനി ഏറെ ദൂരമുണ്ടാകില്ല. അതുവരേയും അവന്‍ യാതൊരു ലജ്ജയുമില്ലാതെ ഈ ചൂഷണം തുടര്‍ന്നു കൊണ്ടിരിക്കും. 
2016 ലെ പരിസ്ഥിതി ദിനത്തിന്റെ സന്ദേശം നമ്മുടെ ഭൂമിയെ നമുക്ക് സംരക്ഷിക്കാം എന്നുള്ളതാണ്. അതുവരെ ഈ ഭൂമി നിലനില്‍ക്കട്ടെ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം.

Scroll To Top