Thursday December 08, 2016
Latest Updates

ലോകകപ്പ് യോഗ്യതാ റൌണ്ട് നറുക്കെടുപ്പ്; ഇന്ത്യ ഗ്രൂപ്പ് ഡി യില്‍

ലോകകപ്പ് യോഗ്യതാ റൌണ്ട് നറുക്കെടുപ്പ്; ഇന്ത്യ ഗ്രൂപ്പ് ഡി യില്‍

ലോകകപ്പ് യോഗ്യതക്കായുള്ള രണ്ടാം റൗണ്ട് മത്സരങ്ങളുടെ നറുക്കെടുപ്പുകള്‍ പൂര്‍ത്തിയായി. ഇറാന്‍, ഒമാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഗുവാം എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ. ഗ്രൂപ്പ് ഡിയില്‍ ടീമുകള്‍ നടത്തുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് 2019 ഏഷ്യ കപ്പിലേക്കുള്ള ടീമുകളെയും കണ്ടെത്തുക. ഫിഫ റാങ്കിങ്ങില്‍ 40 പോയിന്റുള്ള ഇറാന്‍ ഏഷ്യയിലെ തന്നെ എറ്റവും മികച്ച ടീമുകളില്‍ ഒന്നാണ്. 147 ാം സ്ഥാനത്തുള്ള ഇന്ത്യയേക്കാള്‍ 50 സ്ഥാനം മുകളിലാണ് ഒമാന്‍. 159 പോയിന്റോടെ തുര്‍ക്ക്‌മെനിസ്ഥാനും, 179 പോയിന്റുള്ള ഗുവാമും റാങ്ക് പട്ടികയില്‍ ഇന്ത്യക്ക് താഴെയാണ്.

നേപ്പാളിനെ ഇരു പാദങ്ങളിലുമായി 2-0 ത്തിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക് യോഗ്യത നേടിയത്. ഈ മത്സരത്തിലടക്കം കുറച്ചു കാലമായി പുറത്തെടുക്കുന്ന മികച്ച പ്രകടനമാണ് ടീമിനെ അടുത്തിടെ പുറത്തിറങ്ങിയ ഫിഫ റാങ്കിങ്ങില്‍ 147 ാം സ്ഥാനത്തെത്തിച്ചത്. എട്ട് ഗ്രൂപ്പ് ജേതാക്കള്‍ക്കും മികച്ച നാല് റണ്ണേഴ്‌സ് അപ്പുകള്‍ക്കും അവസാനഘട്ട യോഗ്യതാ മത്സരങ്ങളിലേക്ക് പ്രവേശനം ലഭിക്കും. കൂടാതെ ഈ ടീമുകള്‍ക്ക് 2019ല്‍ യുഎഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിലേക്കും നേരിട്ട് പ്രവേശനം നേടാം.

ആകെ 24 ടീമുകള്‍ക്കാണ് ഏഷ്യ കപ്പില്‍ കളിക്കാനാവുക. ലോകകപ്പ് യോഗ്യതാ റൗണ്ടുകളില്‍ അടുത്ത 16 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്ക് ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കാം. റൗണ്ട് പൂര്‍ത്തിയാവുന്നതോടെ ഇവരില്‍ നിന്നും നാലു പേര്‍ യോഗ്യത നേടും. ബാക്കി വരുന്ന എട്ടു സ്ഥാനങ്ങള്‍ 12 ടീമുകള്‍ മാറ്റുരക്കുന്ന പ്ലേ ഓഫ് റൗണ്ടിലാണ് തീരുമാനിക്കപ്പെടുക.

 

 

Scroll To Top