Thursday December 08, 2016
Latest Updates

കേരളത്തിന്റെ കപ്പകൃഷിയേയും ,ചെറുതേനീച്ചകളെയും അയര്‍ലണ്ടിന് പരിചയപ്പെടുത്താന്‍ കോര്‍ക്കില്‍ നിന്നൊരു സായിപ്പ് !

കേരളത്തിന്റെ കപ്പകൃഷിയേയും ,ചെറുതേനീച്ചകളെയും അയര്‍ലണ്ടിന് പരിചയപ്പെടുത്താന്‍ കോര്‍ക്കില്‍ നിന്നൊരു സായിപ്പ് !

ഡബ്ലിന്‍:കേരളത്തില്‍ എമ്പാടും കാണപ്പെടുന്ന ചെറുതേനീച്ചകള്‍ക്ക് അയര്‍ലണ്ടില്‍ അതിജീവിക്കാനാവുമോ?ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഐറിഷ്‌കാരനായ ഡേവിഡ് മെലാനി.

അയര്‍ലണ്ടില്‍ നിന്ന് കേരളത്തിലെത്തി കേരളസംസ്‌കാരവും,കൃഷി രീതികളും പഠിക്കാന്‍ ശ്രമിക്കുന്ന ഡേവിഡ് മെലാനി കോര്‍ക്കിലെ ഇടത്തരം കര്‍ഷകകുടുംബാംഗമാണ്.വര്‍ക്ക് വിത്ത് നേച്ചര്‍ എന്ന വെബ് പോര്‍ട്ടലും യൂ ടൂബ് ചാനലും വഴി അയര്‍ലണ്ടിലെ കര്‍ഷകര്‍ക്ക് ലോകത്തെമ്പാടും നിന്നുമുള്ള കൃഷി രീതികള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡേവിഡ് കേരളത്തില്‍ എത്തിയത്.കണ്ണൂര്‍ ആലക്കോട് അരങ്ങത്തെ പെരുമ്പള്ളിക്കുന്നേല്‍ തമ്പിയുടെയും,മകന്‍ വിനുവിന്റേയും കൃഷിയിടത്തില്‍ നിന്നാണ് യൂറോപ്പിന് അന്യമായ ചെറുതേനീച്ചകളെ കുറിച്ചുള്ള ആദ്യപാഠങ്ങള്‍ ഡേവിഡ് പഠിച്ചെടുത്തത്.അയര്‍ലണ്ടില്‍ മൃഗസംരക്ഷണം കഴിഞ്ഞാല്‍ ഏറ്റവും അധികം പേര്‍ ഏര്‍പ്പെടുന്നത് ബീ കീപ്പിംഗിലാണ്.അത് കൊണ്ട് തന്നെ ഔഷധഗുണവും,രുചിയും കൂടുതലുള്ള ചെറുതേനീച്ചകള്‍ക്ക് അനുയോജ്യമായ ഇടമാകുമോ എന്ന് പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് ഈ കോര്‍ക്കുകാരന്‍.

തേനീച്ച കൃഷി മാത്രമല്ല കപ്പ കൃഷിയും പഠിച്ചിട്ടാണ് ഡേവിഡ് അയര്‍ലണ്ടിലേക്ക് മടങ്ങിയിട്ടുള്ളത്.ഉരുളക്കിഴങ്ങ് സമൃദ്ധമായി വിളയുന്ന അയര്‍ലണ്ടിന്റെ മണ്ണില്‍ കപ്പ വിളയിക്കാനും ആവുമെന്നാണ് ഡേവിഡിന്റെ പക്ഷം.കുറഞ്ഞ കാലയളവില്‍ പാകമെത്തുന്ന കപ്പ അയര്‍ലണ്ടിലെ മണ്ണില്‍ നന്നായി വിളയിക്കാന്‍ ആവുമെന്നാണ് ഇദ്ദേഹം പറയുന്നത്.

ഐറിഷ്‌കാരനായ ജോണ്‍ ജോസഫ് മര്‍ഫി കേരളത്തില്‍ എത്തിച്ച് കൃഷി തുടങ്ങിയ റബര്‍ കൃഷിയെക്കുറിച്ച് പഠിക്കാനും ഈ കോര്‍ക്കുകാരന്‍ സമയം കണ്ടെത്തി.റബര്‍ ടാപ്പിംഗ് പഠിക്കാനുള്ള ശ്രമവും നടത്തിയാണ് സായിപ്പ് ആലക്കോട് നിന്നും മടങ്ങുന്നത്.

ഫലഭൂയിഷ്ഠമായ ഐറിഷ് മണ്ണില്‍ കപ്പയും,ചെറുതേനിച്ച കൃഷിയും സമൃദ്ധമാകുന്ന നാളുകളെ കുറിച്ചാണ് ഇനി ഡേവിഡ് സ്വപ്നം കാണുന്നത് !

റെജി സി ജേക്കബ്

,

Scroll To Top