Wednesday December 07, 2016
Latest Updates

ഭിന്നിച്ചു നില്‍ക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്രൂപ്പുകള്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായേക്കും,അണിയറയില്‍ ചര്‍ച്ചകള്‍ സജീവം 

ഭിന്നിച്ചു നില്‍ക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്രൂപ്പുകള്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായേക്കും,അണിയറയില്‍ ചര്‍ച്ചകള്‍ സജീവം 

ഡബ്ലിന്‍:വര്‍ഷങ്ങളായി ഇരു ചേരികളിലായി നിലയുറപ്പിച്ചു പ്രവര്‍ത്തിച്ചു വരുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വിഭാഗങ്ങള്‍ സംഘടനയുടെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷം മുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍.ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ അണിയറയില്‍ ആരംഭിച്ചു,
1995 ജൂലൈ മൂന്നിന് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ജന്മമെടുത്ത സംഘടന 53 രാജ്യങ്ങളില്‍ പ്രവര്‍ത്തനമികവുമായി മുന്നേറുന്നു. അതിന്റെ ജന്മസ്ഥലമായ ന്യൂജേഴ്‌സിയില്‍ ഇത്തവണ ഇരുപതാമത് വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇരു വിഭാഗങ്ങളും ഒരുമിച്ചു ചേരുമെന്നാണ് സൂചനകള്‍.ആഗോള തലത്തില്‍ അത്തരം തീരുമാനങ്ങള്‍ രൂപപ്പെടുകയാണെങ്കില്‍ അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ വെവ്വേറെ നില്‍ക്കുന്ന വിഭാഗങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് അയര്‍ലണ്ടിലെ ഇരു വിഭാഗം വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ നേതാക്കളും വ്യക്തമാക്കി.
ആഗോള മലയാളികളുടെ സംഘടനാ ശേഷിയുടെ പ്രതീകമായി അറിയപ്പെട്ടിരുന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ പിളര്‍പ്പിന് ശേഷം പരസ്പരം മത്സരിച്ചു പ്രവര്‍ത്തിച്ചു വരികയായിരുന്നു,അഞ്ചു ഭൂഖണ്ഡങ്ങളിലെ നാല്പതോളം രാജ്യങ്ങളിലായി 53 പ്രോവിന്‍സുകളാണ് വേള്‍ഡ് മലയാളി കൌണ്‍സിലിനുള്ളത്. 
ലോകരാജ്യങ്ങളിലെ മലയാളി തലമുറകളെ തമ്മില്‍ ആശയപരമായി ബന്ധിപ്പിക്കുന്ന പാലമായിട്ടാണ് കൌണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. ജീവിക്കുന്ന കര്‍മഭൂമിയില്‍ പ്രവാസി മലയാളികളെ ഉത്തമ പൌരന്മാരായി തീര്‍ക്കാനാണ് സംഘടന പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്നത്.ഐക്യത്തിനുള്ള തീരുമാനമുണ്ടായാല്‍ ലോക മലയാളികളുടെ ഏറ്റവും പ്രമുഖമായ പ്രസ്ഥാനമായി വേള്‍ഡ് മലയാളി കൌണ്‍സില്‍ മാറുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളും.

Scroll To Top