Wednesday December 07, 2016
Latest Updates

വേള്‍ഡ് മലയാളി കൌണ്‍സില്‍:ജര്‍മ്മിനിയിലും സന്ധിയായി,അയര്‍ലണ്ടില്‍ മഞ്ഞുരുകി തുടങ്ങിയില്ല !

വേള്‍ഡ് മലയാളി കൌണ്‍സില്‍:ജര്‍മ്മിനിയിലും സന്ധിയായി,അയര്‍ലണ്ടില്‍ മഞ്ഞുരുകി തുടങ്ങിയില്ല !

കൊളോണ്‍:രണ്ടു ഗ്രൂപ്പുകളിലായി പ്രവര്‍ത്തിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സ് മേലില്‍ ഒരൊറ്റ സംഘടനയായി പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇരു വിഭാഗങ്ങളിലും നേതൃതലത്തിലുള്ള പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടുന്ന ജര്‍മ്മന്‍ പ്രൊവിന്‍സിന്റെ ലയനം വേള്‍ഡ്മലയാളി കൌണ്‍സിലിന്റെ ചരിത്രത്തില്‍ പ്രധാനപ്പെട്ട ഒരു സംഭാവമായാണ് കരുതപ്പെടുന്നത്.

 ആഗോള തലത്തില്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ മിക്ക രാജ്യങ്ങളിലും തീരുമാനം എടുത്തിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍.

അയര്‍ലണ്ടിലെ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളിലായി നിലകൊള്ളുന്ന സംഘടനയാവട്ടെ ഇതേ വരെ ഐക്യ ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ല.ആഗോള തലത്തില്‍ ഐക്യത്തിനു തീരുമാനമുണ്ടായാല്‍ അയര്‍ലണ്ടിലും സംഘടന ഒന്നിച്ചു തന്നെ പോകാനുള്ള സാഹചര്യം ഉണ്ടാവുമെന്ന് അയര്‍ലണ്ടിലെ സംഘടനാ നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.24,25 തിയതികളില്‍ ചെന്നൈയിലെ ഗ്രീന്‍ പാര്‍ക്കില്‍ ചേരുന്ന യോഗത്തോടെ ആഗോള തലത്തില്‍ ലയനധാരണകള്‍ക്ക് രൂപമാവുമെന്ന് അവര്‍ അറിയിച്ചു.

ജര്‍മ്മിനിയില്‍ മെയ് 29 നും, ജൂലൈ 9 നും റ്യോസ്‌റാത്തില്‍ നടന്ന സംയുക്ത യോഗത്തില്‍ ഇരുസംഘടനകളിലെ നേതാക്കള്‍ ഒരേ വേദിയില്‍ സംയുക്തമായിട്ടാണ് തീരുമാനം കൈക്കൊണ്ടത്. ജൂലൈ 30 നു നടക്കുന്ന സംയുക്ത യോഗത്തില്‍ പുതിയ സംഘടനയുടെ നിയമാവലിയ്ക്ക് രൂപംനല്‍കും.

ജോളി തടത്തില്‍, തോമസ് അറമ്പന്‍കുടി, രാജന്‍ മേമടം, ജോണ്‍ കൊച്ചുകണ്ടത്തില്‍, ജോസ് കുമ്പിളുവേലില്‍, മേഴ്‌സി തടത്തില്‍, അച്ചാമ്മ അറമ്പന്‍കുടി, ജോസഫ് കില്ലിയാന്‍, മാത്യു ജേക്കബ്, ഗ്രിഗറി മേടയില്‍, ജോളി എം പടയാട്ടില്‍, ജോസുകുട്ടി കളത്തില്‍പറമ്പില്‍, ചിന്നു പടയാട്ടില്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

1995 ജൂലൈ മൂന്നിന് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ജന്മമെടുത്ത സംഘടന 53 രാജ്യങ്ങളില്‍ പ്രവര്‍ത്തനമികവുമായി മുന്നേറുകയാണ്. ആഗോള മലയാളികളുടെ സംഘടനാ ശേഷിയുടെ പ്രതീകമായി അറിയപ്പെട്ടിരുന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ പിളര്‍പ്പിന് ശേഷം പരസ്പരം മത്സരിച്ചു പ്രവര്‍ത്തിച്ചു വരികയായിരുന്നു,അഞ്ചു ഭൂഖണ്ഡങ്ങളിലെ നാല്പതോളം രാജ്യങ്ങളിലായി 53 പ്രോവിന്‍സുകളാണ് വേള്‍ഡ് മലയാളി കൌണ്‍സിലിനുള്ളത്.

ലോകരാജ്യങ്ങളിലെ മലയാളി തലമുറകളെ തമ്മില്‍ ആശയപരമായി ബന്ധിപ്പിക്കുന്ന പാലമായിട്ടാണ് കൌണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. ജീവിക്കുന്ന കര്‍മഭൂമിയില്‍ പ്രവാസി മലയാളികളെ ഉത്തമ പൌരന്മാരായി തീര്‍ക്കാനാണ് സംഘടന പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്നത്.ഐക്യത്തിനുള്ള തീരുമാനമുണ്ടായാല്‍ ലോക മലയാളികളുടെ ഏറ്റവും പ്രമുഖമായ പ്രസ്ഥാനമായി വേള്‍ഡ് മലയാളി കൌണ്‍സില്‍ മാറുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളും.


Scroll To Top