Thursday December 08, 2016
Latest Updates

നാലാം പാദ ഫലത്തില്‍ വിപ്രോയുടെ അറ്റാദായം 2,272 കോടി

നാലാം പാദ ഫലത്തില്‍ വിപ്രോയുടെ അറ്റാദായം 2,272 കോടി
പ്രമുഖ ഐടി സേവന ദാതാക്കളായ വിപ്രോ മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദ ഫലം പുറത്തിറക്കി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാലു ശതമാനം വര്‍ദ്ധിച്ച് വിപ്രോയുടെ അറ്റാദായം 2,272 കോടി രൂപയായി.

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 2,193 കോടി രൂപയായിരുന്നു വിപ്രോയുടെ അറ്റാദായം. കമ്പനിയുടെ മൊത്ത വരുമാനം 12,171 കോടി രൂപയായും ഉയര്‍ന്നു. ഒരു ഓഹരിക്ക് ഏഴു രൂപ നിരക്കില്‍ കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജിയെ കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടറായി നിയമിച്ചു. നിയമനം മേയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. കമ്പനിയുടെ നയരൂപീകരണം, ഏറ്റെടുക്കല്‍ തുടങ്ങിയ ചുമതലകള്‍ റിഷാദ് തുടര്‍ന്നും നിര്‍വഹിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഉപഭോക്താക്കളെ സംതൃപ്തരാക്കുക എന്നതാണ് വിപ്രോ പിന്തുടര്‍ന്നുവരുന്ന തന്ത്രമെന്ന് വിപ്രോ സിഇഒയും ബോര്‍ഡ് മെംബറുമായ ടി.കെ. കുര്യന്‍ പറഞ്ഞു. ഇത് തുടരുന്നതാണ് നേട്ടത്തിന്റെ കാരണം. സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കമ്പനി 10 കോടി ഡോളറിന്റെ വിപണിമൂല്യമുള്ള പുതിയൊരു ഉപഭോക്താവിനെകൂടി സ്വന്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ബിഎസ്ഇയില്‍ കമ്പനി ഓഹരികള്‍ 0.7 ശതമാനത്തിന്റെ നേട്ടത്തില്‍ ഓഹരി ഒന്നിന് 579 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. ഏപ്രില്‍ 16ന് 8.5 ശതമാനത്തിന്റെ വര്‍ധനയോടെ 5,906 കോടി രൂപയുടെ അറ്റാദായം പ്രഖ്യാപിച്ചുകൊണ്ട് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസാണ് ഈ വര്‍ഷം സോഫ്റ്റ്‌വെയര്‍ വിപണന രംഗത്ത് ആദ്യ പാദഫലം പുറത്തുവിട്ടത്. എല്ലാ വര്‍ഷവും ഐടി മേഖലയില്‍ ആദ്യ ഫലപ്രഖ്യാപനം നടത്തിയിരുന്ന ഇന്‍ഫോസിസ് നാളെ ഫലം പ്രഖ്യാപിക്കുമെന്നു കരുതുന്നു.

Scroll To Top