Tuesday September 25, 2018
Latest Updates

ഒത്തുതീര്‍പ്പായില്ലെങ്കില്‍ ഡിസംബര്‍ 19 ന് പൊതു തിരഞ്ഞെടുപ്പ് ,അനുരഞ്ജന നീക്കങ്ങളും തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളുമായി രാഷ്ട്രീയപ്പാര്‍ട്ടികള്‍

ഒത്തുതീര്‍പ്പായില്ലെങ്കില്‍ ഡിസംബര്‍ 19 ന് പൊതു തിരഞ്ഞെടുപ്പ് ,അനുരഞ്ജന നീക്കങ്ങളും തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളുമായി രാഷ്ട്രീയപ്പാര്‍ട്ടികള്‍

ഡബ്ലിന്‍ :ആരോപണക്കുരുക്കില്‍പ്പെട്ട ഉപപ്രധാനമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്സ്ജെറാള്‍ഡ് സ്ഥാനമൊഴിയണമെന്ന ആവശ്യത്തില്‍ നിന്നും പിന്തിരിയാത്ത പ്രതിപക്ഷ നിലപാടില്‍ അയവുവരുത്താന്‍ തിരക്കിട്ട നീക്കങ്ങളുമായി പ്രധാനമന്ത്രി ലിയോ വരദ്കര്‍.ഏതുവിധേനയും പൊതു തിരഞ്ഞെടുപ്പിനെ ഒഴിവാക്കാനുള്ള തത്രപ്പാടിലാണ് ലിയോ വരദ്കര്‍.അവസാനവട്ട ശ്രമമെന്ന നിലയില്‍ ഫിനാ ഫാള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയിലും ഒത്തുതീര്‍പ്പായില്ലെങ്കില്‍ ക്രിസ്മസിനുമുമ്പ് പൊതു തിരഞ്ഞെടുപ്പ് വന്നേക്കുമെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.ഡിസംബര്‍ 19ന് പൊതു ഇലക്ഷന്‍ എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.ഫിനഗേല്‍ ഇലക്ഷന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ അതിനുള്ള ഊര്‍ജ്ജിതശ്രമങ്ങള്‍ തുടരുമെന്നു പ്രധാനമന്ത്രി സ്വതന്ത്രസഖ്യം നേതാക്കളെ അറിയിച്ചിട്ടുണ്ട്.

ലിയോ വരദ്കറും മൈക്കിള്‍ മാര്‍ട്ടിനും ഒരു മണിക്കൂറോളം വെള്ളിയാഴ്ചയും ചര്‍ച്ച നടത്തിയിരുന്നു.എന്നാല്‍ പ്രഖ്യാപിത നിലപാടുകളില്‍ നിന്നും പിന്മാറാന്‍ ഇരുകൂട്ടരും തയ്യാറാകാതെ വന്നതോടെ പരിഹാരം വഴിമുട്ടുകയായിരുന്നു.

ശനിയാഴ്ച മറ്റു ഷെഡ്യൂളുകളൊന്നും നിശ്ചയിച്ചിട്ടില്ല.തെരഞ്ഞെടുപ്പിനെ ഒഴിവാക്കുന്നതിനുള്ള സാധ്യതയുടെ അടയാളമായാണ് ഇതിനെ രാഷ്ട്രീയ വൃത്തങ്ങള്‍ വ്യാഖ്യാനിക്കുന്നത്. ഫിനാ ഫാളും ഷീന്‍ഫെയ്നും നോട്ടീസ് നല്‍കിയിരിക്കുന്ന അവിശ്വാസപ്രമേയത്തിന്മേല്‍ ഡെയ്ലില്‍ ചര്‍ച്ച നടത്തുന്നതുവരെ ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ തുടരാമെന്ന് ഇരു നേതാക്കളും സമ്മതിച്ചിട്ടുണ്ട്.

ഗാര്‍ഡ വിസില്‍ ബ്ലോവര്‍ മൗറിസ് മക്കെബയെ അപമാനിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ ഇമെയില്‍ വിവാദമാണ് ഉപപ്രധാനമന്ത്രിയുടെ രാജി ആവശ്യത്തിലെത്തിയിട്ടുള്ളത്.മുന്‍ നീതി വകുപ്പ് മന്ത്രിയായിരുന്ന ഫ്രാന്‍സ്സ് ഫിറ്റ്സ് ജെറാള്‍ഡിനെതിരെ മക്കെബെ ഇമെയില്‍ സന്ദേശത്തിലൂടെ ഉന്നയിച്ച ആരോപണങ്ങളാണ് വിവാദക്കൊടുങ്കാറ്റുയര്‍ത്തിയത്.

അതിനിടെ,ഒരു പൊതുതിരഞ്ഞെടുപ്പിനുവേണ്ട അടിയന്തിര തയ്യാറെടുപ്പിലാണ് രണ്ട് പ്രധാന കക്ഷികളും. മുതിര്‍ന്ന സീനിയര്‍ ഫിനഗേല്‍ നേതാക്കളും അവരുടെ തിരഞ്ഞെടുപ്പ് ആസൂത്രണം കൂടുതല്‍ ശക്തിപ്പെടുത്തിയെന്ന് സ്ഥിരീകരിച്ചു.

ശനിയാഴ്ച ഫിനഗേല്‍ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ യോഗം ചേരുന്നുണ്ട്.ഇപ്പോഴത്തെ നിലയില്‍ ഡിസംബര്‍ 19 ന് തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയാണുള്ളത്. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഡെയ്ല്‍ പിരിച്ചുവിടുമെന്നാണ് കരുതുന്നത്.അങ്ങനെയെങ്കില്‍ ഡിസംബര്‍ 23ന് ക്രിസ്മസ് അവധി ആരംഭിക്കുന്നതിനു മുമ്പ് ഇലക്ഷനുണ്ടാകും.

രണ്ട് പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളും സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകളും സജീവമായിട്ടുണ്ട്. ഡെയ്ല്‍ പിരിച്ചുവിട്ടതിനുശേഷം തുടര്‍ ദിവസങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ തുടങ്ങാനാണ് ഫിനഗേല്‍ തീരുമാനം.ഇലക്ഷന്‍ മുന്‍നിര്‍ത്തി
വെള്ളിയാഴ്ച ഫിനാ ഫാള്‍ നേതാവ് മാര്‍ട്ടിനും മുന്‍നിര നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.ഫിട് ജെറാള്‍ഡുമായി ബന്ധപ്പെട്ട ചീഞ്ഞുനാറുന്ന വിവാദത്തില്‍ പാര്‍ട്ടിയുടെ പിന്തുണ സര്‍ജന്റ് മക്കെബെയ്ക്കായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ഒത്തുതീര്‍പ്പു ഫോര്‍മുലകളും ഉരുത്തിരിഞ്ഞിട്ടുണ്ട്.തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ വിവാദം സംബന്ധിച്ച അന്വേഷണം ഡിസ്‌ക്ലോഷേഴ്സ് ട്രിബ്യൂണലിന് വിട്ടുകൊണ്ട് ആ വേളയില്‍ താല്‍ക്കാലികമായി ഫിറ്റ്സ്ഗെറാള്‍ഡ് മാറി നില്‍ക്കുന്നതാണ് അതിലൊന്ന്.ട്രിബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് പീറ്റര്‍ ചാള്‍ട്ടണ്‍ അടുത്ത ജനുവരി എട്ടിന് ആ വിഷയം പരിശോധിക്കും.

ട്രൈബ്യൂണല്‍ കാര്യം പരിശോധിക്കുന്ന സമയത്ത് ഫിറ്റ്സ്ജെറാള്‍ഡിനെ മാറ്റി നിര്‍ത്തുകയെന്ന നിര്‍ദ്ദേശം അംഗീകരിച്ചാല്‍ അത് ഫിനാ ഫാളിന് സ്വീകാര്യമാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഫിറ്റ്സ്ജെറാള്‍ഡ്.ഇത് ഒത്തുതീര്‍പ്പ് സാധ്യതകള്‍ക്ക് തടസ്സമാവുകയാണ്.

Scroll To Top