Thursday December 08, 2016
Latest Updates

വിക്ളോയില്‍ വിപ്ലവകരമായ തീരുമാനവുമായി കൗണ്ടി കൗണ്‍സില്‍ രംഗത്ത്

വിക്ളോയില്‍ വിപ്ലവകരമായ തീരുമാനവുമായി കൗണ്ടി കൗണ്‍സില്‍ രംഗത്ത്

ബ്രേ:അയര്‍ലണ്ടിലെ കുട്ടികള്‍ക്ക് വണ്ണം കൂടിവരുന്നത് ആശങ്കയോടെ കാണുന്നവരാണ് ഐറിഷ്‌കാര്‍.പണ്ടും സമാനമായ വണ്ണം ഉണ്ടായിരുന്നവര്‍ ഏറെയായിരുന്നെങ്കിലും കൃഷിപണികളും,അതി വേഗതയിലുള്ള നടപ്പുമൊക്കെ ആരോഗ്യകരമായ ജീവിതക്രമം സൂക്ഷിക്കാന്‍ അവരെ സഹായിച്ചിരുന്നു.
ഇപ്പോഴാകട്ടെ മൊബൈലുകളുടെയും കംപ്യൂട്ടറുകളുടെയും മുമ്പില്‍ അധിക സമയം ചിലവഴിക്കുന്നതിനൊപ്പം ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോഗവും കൂടിയായപ്പോള്‍ ഭയപ്പെടുത്തും വിധമായി പുതിയ തലമുറയിലെ കുട്ടികളുടെ ആരോഗ്യനിലവാരം.

ഇതേ തുടര്‍ന്നാണ് സ്‌കൂളുകളുടെ 400 മീറ്റര്‍ പരിധിയില്‍ ഫാസ്റ്റ് ഫുഡ് സെന്ററുകള്‍ പാടില്ല എന്ന വിപ്ലവകരമായ തീരുമാനവുമായി വിക്ക്ലോ കൗണ്ടി കൗണ്‍സില്‍ രംഗത്തെത്തിയിരിക്കുന്നത്.കൗണ്‍സിലര്‍മാര്‍ ഇതിനെ അനുകൂലിച്ച് കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തി. ഫാസ്റ്റ് ഫുഡ് കഴിക്കുന്നതു മൂലം പൊണ്ണത്തടിയടക്കമുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ കുട്ടികള്‍ക്കുണ്ടാകുന്നത് കണക്കിലെടുത്താണ് കൗണ്‍സില്‍ ഈ തീരുമാനമെടുത്തത്. 25 കൗണ്‍സിലര്‍മാര്‍ അനുകൂലിച്ചപ്പോള്‍ മൂന്ന് പേര്‍ മാത്രമാണ് തീരുമാനത്തെ എതിര്‍ത്തത്.

ഗ്രേസ്റ്റോണ്‍സ് പ്രദേശത്തെ മൂന്ന് സ്‌കൂളുകള്‍ക്കടുത്ത് ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റുകള്‍ നിര്‍മ്മിക്കാനുള്ള കമ്പനികളുടെ തീരുമാനത്തെത്തുടര്‍ന്നാണ് ‘നോ ഫ്രൈ സോണ്‍’ എന്ന ആശയം നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ഉടലെടുത്തത്. രക്ഷിതാക്കളടക്കം നിരവധി പേര്‍ ഇതിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.

വെക്സ്ഫോര്‍ഡ് കൗണ്ടിയില്‍ സ്‌കൂളുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ ഫാസ്റ്റ് ഫുഡുകള്‍ക്ക് നിരോധനമുണ്ട്. ഡബ്ലിനിലെ ഫിന്‍ഗല്‍, ഡണ്‍ലേറി കൗണ്‍സിലുകളിലും സമാനമായ നിരോധനം ഇപ്പോള്‍ തന്നെ നിലവിലുണ്ട്.

Scroll To Top