Friday December 09, 2016
Latest Updates

അമേരിക്ക യൂറോപ്യന്‍ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം,എംബസികളെ ചാര പ്രവര്‍ത്തന കേന്ദ്രങ്ങളാക്കുന്നുവെന്ന് ഫ്രാന്‍സ് ,തര്‍ക്കം രൂക്ഷമാകുന്നു 

അമേരിക്ക യൂറോപ്യന്‍ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം,എംബസികളെ ചാര പ്രവര്‍ത്തന കേന്ദ്രങ്ങളാക്കുന്നുവെന്ന് ഫ്രാന്‍സ് ,തര്‍ക്കം രൂക്ഷമാകുന്നു 

പാരീസ്:പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളുടെ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളില്‍ നുഴഞ്ഞു കയറി അമേരിക്ക രഹസ്യങ്ങള്‍ കയ്യേറുന്നതായി ഉയര്‍ന്ന ആരോപണം അന്താരാഷ്ട്ര തലത്തില്‍ ഗുരുതരമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വഴി തെളിക്കുന്നു.
ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സികോ ഹൊളാദെയുടെയും രണ്ടു മുന്‍ഗാമികളുടെയും രഹസ്യങ്ങള്‍ യു.എസ് രഹസ്യാന്വേഷണ വിഭാഗമായ എന്‍.എസ്.എ ചോര്‍ത്തിയ സംഭവത്തില്‍ ഫ്രാന്‍സിലെ യു.എസ് സ്ഥാനപതിയെ ഫ്രാന്‍സ് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. 2006 മുതല്‍ 2012 വരെയുള്ള കാലഘട്ടങ്ങളില്‍ ഫ്രഞ്ച് നേതാക്കളുടെ രഹസ്യം അമേരിക്ക ചോര്‍ത്തിയതായാണ് വിക്കിലീക്‌സ് രേഖകള്‍ പുറത്തുവിട്ടത്.
ഫ്രഞ്ച് പ്രസിഡന്റ് ഹൊളാദെ, മുന്‍ഗാമികളായ നികോളാസ് സാര്‍കോസി, ജാക്വിസ് ചിരാഗ് എന്നിവരെയാണ് യു.എസ് നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍.എസ്.എ) നിരീക്ഷിച്ചത്. എന്നാല്‍ ഹോളാദെയുടെ ആശയവിനിമയങ്ങള്‍ യു.എസ് ലക്ഷ്യം വച്ചില്ലെന്നും അത്തരം നടപടിയുണ്ടാകില്ലെന്നും യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് നെദ് പ്രൈസ് പറഞ്ഞു.

നേരത്തെ എന്‍.എസ്.എ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചലെ മെര്‍ക്കലിന്റെയും ബ്രസീലിയന്‍, മെക്‌സിക്കന്‍ നേതാക്കളുടെയും വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. യു.എസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ എംബസിയെ ചാരപ്രവര്‍ത്തന കേന്ദ്രങ്ങളാക്കുകയാണെന്നു ഫ്രഞ്ച് മാധ്യമങ്ങള്‍ ആരോപിച്ചു. പുതിയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫ്രഞ്ച് പ്രസിഡന്റ് രഹസ്യ യോഗം വിളിച്ചു.

പാരീസിലെ യു.എസ് സ്ഥാനപതി ജെയ്ന്‍ ഹാര്‍ടിലിയെ ഫ്രഞ്ച് വിദേശകാര്യമന്ത്രി ലിയൂറന്റ് ഫാബിസ് വിളിച്ചുവരുത്തിയതായി ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം പറഞ്ഞു. യു.എസ് ഫ്രഞ്ച് നേതാക്കളുടെ രഹസ്യം ചോര്‍ത്തില്ലെന്ന് ഉറപ്പു നല്‍കണമെന്ന് ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഫ്രാന്‍സിലെ സുരക്ഷാ മേധാവികളുടെ യോഗം പാരിസില്‍ വിളിച്ചുചേര്‍ത്ത ശേഷമാണു പ്രസ്താവന പുറത്തുവിട്ടത്. ചൊവ്വാഴ്ചയാണ് വിക്കിലീക്‌സ് ഫ്രഞ്ച് നേതാക്കളെ ലക്ഷ്യം വച്ചു യു.എസ് നടത്തിയ രഹസ്യചോര്‍ത്തലുകളുടെ രേഖകള്‍ പുറത്തുവിട്ടത്. മൂന്നു ഫ്രഞ്ച് പ്രസിഡന്റുമാരുടെയും മന്ത്രിമാരുടെയും യു.എസിലെ ഫ്രഞ്ച് സ്ഥാനപതിയുടെയും രഹസ്യങ്ങള്‍ യു.എസ് ചോര്‍ത്തിയെന്നാണ് വിക്കിലീക്‌സ് പറയുന്നത്. വിക്കിലീക്‌സ് പുറത്തുവിട്ട രേഖകള്‍ ഫ്രാന്‍സ് ലിബറേഷന്‍ ദിനപത്രവും മീഡിയാപാര്‍ട് ഇന്‍വെസ്റ്റിഗേഷന്‍ വെബ്‌സൈറ്റുമാണ് പുറത്തുവിട്ടത്.

അയല്‍ രാജ്യങ്ങളായ ഗ്രീസിന്റെ സാമ്പത്തിക സ്ഥിതി, ജര്‍മനിയുമായുള്ള ബന്ധം, യുഎസിന്റെ ചാരപ്രവര്‍ത്തനം എന്നിവയെക്കുറിച്ചു ഫ്രഞ്ച് നേതാക്കളും ഉദ്യോഗസ്ഥരും നടത്തിയ ആശയവിനിമയങ്ങളുടെ രേഖകളും വിക്കിലീക്‌സ് പുറത്തുവിട്ടിട്ടുണ്ട്.

2012 ല്‍ ഹൊളാദെ ഗ്രീസ് വിഷയവും 2011 ല്‍ സാര്‍കോസി ഇസ്‌റാഈല്‍ഫലസ്തീന്‍ സമാധാന ചര്‍ച്ചയില്‍ യു.എസിനെ ഉള്‍പ്പെടുത്തരുതെന്നും ആവശ്യപ്പെട്ടതായി പറയുന്നുണ്ട്. വിക്കിലീക്‌സ് പുറത്തുവിട്ട രേഖകള്‍ എന്‍.എസ്.എ മുന്‍ കോണ്‍ട്രാക്ടര്‍ എഡ്വാര്‍ഡ് സ്‌നോഡന്‍ ചോര്‍ത്തിയതാണോ എന്ന് വ്യക്തമല്ല.

Scroll To Top