Thursday November 23, 2017
Latest Updates

അയര്‍ലണ്ടിലെ ഈ നഴ്‌സ് അബുദാബിക്ക് പോയതെന്തു കൊണ്ടാണ് ?

അയര്‍ലണ്ടിലെ  ഈ നഴ്‌സ് അബുദാബിക്ക് പോയതെന്തു കൊണ്ടാണ് ?

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നിന്നും സമീപകാലത്ത് മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്ന നഴ്‌സുമാരുടെ എണ്ണം പെരുകുകയാണ്.കുടിയേറിയ നഴ്‌സുമാരെ തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ പദ്ധതിയിലേക്ക് ആകര്‍ഷിക്കപ്പെട്ടവരുടെ എണ്ണം ഇരുപതില്‍ താഴെയാണ്.മെച്ചപ്പെട്ട മറ്റു പല രാജ്യങ്ങളെ അപേക്ഷിച്ചു മെച്ചപ്പെട്ട ശമ്പളം ലഭിച്ചിട്ടും എന്ത് കൊണ്ടാണ് അയര്‍ലണ്ട് നഴ്‌സുമാര്‍ക്ക് പ്രിയങ്കരം അല്ലാതാവുന്നത് ?മറുപടി പറയുന്നത് മുമ്പ് സെന്റ് വിന്‌സന്റ്‌സ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന സാലി കേസിയാണ്.എന്താണ് സാലി പറയുന്നത്.നോക്കാം…

‘2011 ല്‍ അവരെ സ്‌പോണ്‍സര്‍ ചെയ്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി തങ്ങളുടെ ഫണ്ടിംഗ് നിര്‍ത്തിയപ്പോഴാണ് സാലി കേസീ എന്ന റീനല്‍ നഴ്‌സ് അയര്‍ലണ്ടിലെ ജോലി ഉപേക്ഷിച്ചത്. വീടിന്റെ ലോണ്‍ അടയ്ക്കാന്‍ വഴിയില്ലാതെ നട്ടം തിരിഞ്ഞ അവര്‍ സൗദി അറേബ്യലിലെ ഒരു നഴ്‌സ് കോര്‍ഡിനേറ്റര്‍ നല്‍കിയ ഓഫര്‍ സ്വീകരിക്കുകയായിരുന്നു. 

കള്‍ച്ചറല്‍ ഷോക്കാണ് അവിടെ അവരെ കാത്തിരുന്നത്, തലയും മുഖവും മറയ്ക്കുന്ന നീളന്‍ പര്‍ദ്ദ ഇട്ടു മാത്രമേ  ഷോപ്പിംഗ് മാളുകളില്‍ പോകാനാവൂ, സിനിമയില്ല, ബാര്‍ ഇല്ല, ഭര്‍ത്താവോ, രക്തബന്ധമില്ലാത്തവരോ അല്ലാത്ത  പുരുഷന്മാര്‍ക്ക് ഒപ്പം നടക്കാനാവില്ല. വണ്ടി ഓടിക്കാന്‍ അനുവാദമില്ല….

പക്ഷേ റിയാദിലെ ഹോസ്പിറ്റലിലെ അവസ്ഥ ലോകോത്തരനിലവാരം ഉള്ളതായിരുന്നു എന്നാണ് കേസിയുടെ അഭിപ്രായം,അഞ്ചു പേരടങ്ങുന്ന യൂണിറ്റിന്റെ ചുമതലക്കാരിയായിരുന്നു.44 മണിക്കൂര്‍ ആഴ്ചയില്‍ ജോലി ചെയ്തിട്ടും അയര്‍ലണ്ടില്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ അവിടെ അനുഭവിക്കേണ്ടി വന്നില്ലെന്ന് അവര്‍ പറയുന്നു.

പിന്നീട് അബുദാബിയിലെ ക്ലവര്‍ലാന്‍ഡ് ക്ലീനിക്കിലേയ്ക്ക് മാറ്റം നേടിയ കേസി പക്ഷേ ഇപ്പോഴും സന്തോഷവതിയാണ്.

പക്ഷേ സാലി ഇപ്പോഴും ഉറപ്പിച്ചു പറയുന്നു ‘അയര്‍ലണ്ടിലെ ഹെല്‍ത്ത് സിസ്റ്റത്തില്‍ അല്ലാത്തത് ഞാന്‍ ആസ്വദിക്കുന്നു’. അങ്ങനെ പറയാനുള്ള കാരണങ്ങളും അവര്‍ അക്കമിട്ട് നിരത്തുന്നുണ്ട്. സ്റ്റാഫിന്റെ മെച്ചെട്ട സൗകര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നവരാണ് എന്നാണ് ഇതിന്റെ ആദ്യ കാരണം.എനിക്ക് ടാക്‌സ് ഫ്രീയ ആയ മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്നു. താമസത്തിനും യാത്രക്കുമുള്ള മികച്ച സൗകര്യങ്ങള്‍, യൂണീഫോം, സൗജന്യമായ പ്രൈവറ്റ് ഹെല്‍ത്ത് കെയര്‍ എ്ന്നിവ ആശുപത്രികള്‍ ഒരുക്കുന്നു. തുടര്‍ന്ന് പഠിക്കാനുള്ള ധാരാളം അവസരങ്ങള്‍ ലഭിക്കുന്നു. മിക്കപ്പോഴും പഠനം ഹോസ്പിറ്റല്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നു. 

അയര്‍ലണ്ടിലാവട്ടെ നഴ്‌സുമാരെ നിലനിര്‍ത്തുക എന്നത് അവരുടെ പരിഗണനയിലില്ല. തുടര്‍ പഠനമില്ലാതെ ജോലി ചെയ്യിക്കുകയാണ് ലക്ഷ്യം.ഗള്‍ഫ് രാജ്യങ്ങളിലെ ആശുപത്രികള്‍ അവരുടെ അഭിപ്രായത്തില്‍. ഇപ്പോള്‍ അബുദാബിയില്‍ ജോലി നോക്കുന്ന ഇവര്‍ ഉടനെയെങ്ങും അയര്‍ലണ്ടിലേക്കു മടങ്ങുന്ന കാര്യം താന്‍ ആലോചിക്കുന്നേ ഇല്ല തീരുമാനത്തിലാണ്. 

കേസിയുടെ അഭിപ്രായം നിങ്ങള്‍ക്കുണ്ടോ?ചിലര്‍ക്കെങ്കിലും ഉണ്ടാവാം.അയര്‍ലണ്ടിലെ ആശുപത്രികളില്‍ നഴ്‌സുമാരെ അടിച്ചമര്‍ത്തി ഭരിക്കുന്ന ഒരു കൂട്ടം മാനേജര്‍മാര്‍ ഉണ്ടെന്നു ചിലരെങ്കിലും പറയുമ്പോള്‍ നിഷേധിക്കാനാവില്ല. നഴ്‌സുമാരുടെ ക്ഷേമമോ,രോഗികളുടെ സുരക്ഷയോ പോലും സന്ധി ചെയ്യുന്ന ഒരു വിഭാഗം 2009 നു ശേഷം വളര്‍ന്നു വന്നു എന്നാണ് ബഹു ഭൂരിപക്ഷം നഴ്‌സുമാരുടെയും അഭിപ്രായം.

ചില അപരിഷ്‌കൃത രാജ്യങ്ങളില്‍ എന്നത് പോലെ സേവനം ചെയ്യണം എന്നാണ് ഇവരില്‍ ചില അധികാരികളുടെ ആവശ്യം.നിശ്ചിത ജോലി സമയത്തിന് ശേഷവും കൂലിയില്ലാതെ ജോലി ചെയ്യാന്‍ പലരും നിര്‍ബ്ബന്ധിക്കപ്പെടുന്നു.അടിമകള്‍ക്ക് സമാനമായ ഈ സംവിധാനം നിലയ്ക്ക് നിര്‍ത്താന്‍ നിയമത്തില്‍ ഉണ്ടായിട്ടും പഞ്ചിംഗ് സംവിധാനം പ്രവര്‍ത്തിപ്പിക്കാത്ത ചില ആശുപത്രി അധികാരികള്‍ ഇവര്‍ക്ക് കൂട്ട് നില്‍ക്കുന്നു.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അവതാളത്തില്‍ ആയ ഒരു കാലഘട്ടത്തില്‍ അധിക ജോലി ചെയ്യാന്‍ ജീവനക്കാര്‍ സന്തോഷ പൂര്‍വ്വം സന്നദ്ധരായിരുന്നു.എന്നാല്‍ ആശാവഹമായ അന്തരീക്ഷം സംജാതമായിട്ടും നിലപാടുകളില്‍ മാറ്റം വരുന്നില്ലെന്ന സങ്കടത്തിലാണ് അയര്‍ലണ്ടിലെ നഴ്‌സുമാര്‍.ജോലി സമയം കൂട്ടയത് ഇതേ വരെ പിന്‍വലിച്ചിട്ടില്ല.12 മണിക്കൂര്‍ പരമാവധി ജോലിയെന്ന സാര്‍വദേശീയ നയങ്ങള്‍ രാത്രികാല ഡ്യൂട്ടികള്‍ക്ക് പോലും ചിലയിടങ്ങളില്‍ ബാധകമല്ലെന്ന നിലപാടുകളില്‍ ഖിന്നരാണ് നഴ്‌സുമാര്‍.

സിക്ക് ലീവിലും,മറ്റും വരുത്തിയ കുറവുകള്‍ ഏറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.തത്വത്തില്‍ മികച്ച ജോലി സംവിധാനങ്ങളൂള്ള അയര്‍ലണ്ടിലെ നഴ്‌സിംഗ് മേഖലയില്‍ ക്രീയാത്മകമായി അവ നടപ്പില്ലാക്കുന്നില്ലെന്നാണ് പൊതുവേ ഉയരുന്ന പരാതി.

നഴ്‌സുമാര്‍ക്ക് എതിരായി മനുഷ്യത്വ രഹിതമായ സമീപനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി ഐ എന്‍ എം ഓ യുടെ സമീപകാല പഠനം പോലും സമ്മതിക്കുമ്പോള്‍ എങ്ങനെ അയര്‍ലണ്ടിലേയ്ക്ക് കൂടുതല്‍ നഴ്‌സുമാര്‍ വരുമെന്നാണ് കേസിയെ പോലെയുള്ളവരുടെ ചോദ്യം ?

Scroll To Top