Saturday December 03, 2016
Latest Updates

സഹോദര സ്ഥാപനങ്ങളെ കടത്തിവെട്ടി വാട്ട്‌സ്ആപ്പിന് 80 കോടി ഉപഭോക്താക്കള്‍

സഹോദര സ്ഥാപനങ്ങളെ കടത്തിവെട്ടി വാട്ട്‌സ്ആപ്പിന് 80 കോടി ഉപഭോക്താക്കള്‍

ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 80 കോടിയായി. ഫെയ്‌സ്ബുക്കിലൂടെ വാട്ട്‌സ്ആപ്പ് സിഇഒ ജാന്‍ കൂം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ മൊത്തം സംഖ്യ അടിസ്ഥാനമാക്കിയാല്‍ കണക്കുകള്‍ ഇനിയും മുകളിലായിരിക്കും. വാട്ട്‌സ്ആപ്പ് സജീവമായി ഉപയോഗിക്കുന്നവരുടെ എണ്ണം മാത്രമാണിത്. ഫെയ്‌സ്ബുക്ക് വാട്ട്‌സ്ആപ്പിനെ സ്വന്തമാക്കിയ ശേഷവും വളര്‍ച്ച തുടരുകയാണെന്ന് ഇത് വ്യക്തമാക്കുന്നു.

വൈബര്‍, സ്‌കൈപ്പ് മുതലായ സര്‍വീസുകള്‍ക്ക് പ്രഹരമേല്‍പ്പിച്ചുകൊണ്ട് സൗജന്യ വോയ്‌സ് കോള്‍ സൗകര്യം അടുത്തിടെ വാട്ട്‌സ്ആപ്പ്
ഏര്‍പ്പെടുത്തിയിരുന്നു.

900 കോടി ഡോളറിനാണ് കഴിഞ്ഞ വര്‍ഷം വാട്ട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയത്. ഫെയ്‌സ്ബുക്കിന് സ്വന്തം മെസഞ്ചര്‍ സര്‍വീസ് ഉണ്ടെങ്കിലും, വാട്ട്‌സ്ആപ്പിനെ അതുമായി ബന്ധപ്പെടുത്തില്ലെന്നും സ്വതന്ത്രമായി നിലനില്‍ക്കാന്‍ അനുവദിക്കുമെന്നും അന്നു തന്നെ ഫെയ്‌സ്ബുക്ക് പ്രസ്താവിച്ചിരുന്നു.ഫെയ്‌സ്ബുക്ക് ഏറ്റെടുത്തതിന് ശേഷം, 2015 ജനവരിയില്‍ വാട്ട്‌സ്ആപ്പിലെ സജീവ അംഗങ്ങളുടെ എണ്ണം 70 കോടിയായി വര്‍ധിച്ചു. കഴിഞ്ഞ ആഗസ്തില്‍ ഇത് 60 കോടിയായിരുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏറ്റവുമധികം അംഗങ്ങളുള്ള സര്‍വീസുകളിലൊന്നായി ഇതോടെ വാട്ട്‌സ്ആപ്പ് മാറിയിരിക്കുകയാണ്. കഴിഞ്ഞ ഫിബ്രവരിയിലെ കണക്ക് പ്രകാരം ട്വിറ്ററില്‍ 28.8 കോടി സജീവ അംഗങ്ങളാണുള്ളത്. ഫോട്ടോ സര്‍വീസായ ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ഡിസംബറില്‍ 30 കോടി അംഗങ്ങളുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമിന്റെയും വാട്ട്‌സ്ആപ്പിന്റെയും ഉടമസ്ഥരായ ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ ഡിസബറിലെ കണക്കുകള്‍ പ്രകാരം 139 കോടി അംഗങ്ങളാണുള്ളത് .

Scroll To Top