Saturday December 10, 2016
Latest Updates

ബ്രെക്‌സിറ്റ് റിസള്‍ട്ട് അയര്‍ലണ്ടിന് നഷ്ടം മാത്രമല്ല നേട്ടവുമുണ്ടാക്കും,ഇന്ത്യയ്ക്കാര്‍ക്ക് കോമണ്‍ ട്രാവല്‍ ഏരിയായുടെ ആനുകൂല്യം നഷ്ടമായേക്കും

ബ്രെക്‌സിറ്റ് റിസള്‍ട്ട് അയര്‍ലണ്ടിന് നഷ്ടം മാത്രമല്ല നേട്ടവുമുണ്ടാക്കും,ഇന്ത്യയ്ക്കാര്‍ക്ക് കോമണ്‍ ട്രാവല്‍ ഏരിയായുടെ ആനുകൂല്യം നഷ്ടമായേക്കും

ഡബ്ലിന്‍:യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടണ്‍ വിട്ടുപോകുന്നതില്‍ ഏറ്റവും സന്തോഷിക്കുന്നത്  അയര്‍ലണ്ടുകാരാണോ?ബ്രിട്ടന്‍ ഇ യൂ വിട്ടുപോയാല്‍ 3 ബില്യണ്‍ യൂറോ നഷ്ടം വരുമെന്ന ഐറിഷ് ധനമന്ത്രി മൈക്കിള്‍ നൂനന്റെ വെളിപ്പെടുത്തലുകള്‍ ഏറ്റവും വലിയ തമാശയാവും എന്നാണ് ചില ധനകാര്യവിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.കാരണം ബ്രിട്ടന്റെ അപ്രതീക്ഷിത പിന്‍മാറ്റം വിപണിയില്‍ ഉണ്ടാക്കുന്ന നഷ്ട്ടങ്ങളേക്കാള്‍ അധികം നേട്ടം അയര്‍ലണ്ടിന് ലഭിക്കുമെന്നാണ് അവരുടെ വാദം.

യൂറോപ്യന്‍ വിപണിയെ ലക്ഷ്യമാക്കി ബ്രിട്ടണില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പല സ്ഥാപനങ്ങളും ഇനി അവിടെ തുടരണം എന്നില്ല.ഏറ്റവും അനുകൂലമായ തുടര്‍ പ്രവര്‍ത്തനത്തിന് അവര്‍ തിരഞ്ഞെടുക്കുക അയര്‍ലണ്ട് തന്നെയാവും.റിസള്‍ട്ട് പ്രഖ്യാപിച്ച ഉടനെ തന്നെ യൂ കെയിലെ ചില കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ അടക്കം അവരുടെ യൂ കെ ഓഫിസുകള്‍ പൂട്ടുമെന്ന് പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയാണ്.യൂറോപ്പിലേക്കുള്ള എല്ലാ ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമായി അയര്‍ലണ്ട് മാറിയേക്കും.

ബ്രെക്‌സിറ്റ് കാരണം യൂ കെ യില്‍ നിന്നും അയര്‍ലണ്ടിലേക്ക് തിരിച്ചു വരുന്നവരുടെ എണ്ണം പൊതുവെ കുറവായിരിക്കും.എന്നാല്‍ അയര്‍ലണ്ടില്‍ പുതിയതായി ഉടലെടുക്കുന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ നിലവില്‍ ഇവിടെയുള്ളവര്‍ക്ക് സാധ്യതയേറും.

എന്നാല്‍ അയര്‍ലണ്ടിന് ലാഭങ്ങള്‍ ഏറെയാണ്.പൗണ്ട് വിലയിടിവ് അയര്‍ലണ്ടില്‍ നിന്നും ബ്രിട്ടണിലേക്കുള്ള കയറ്റുമതിയെ പ്രതികൂലമായി ബാധിക്കും.അതു കൊണ്ടു തന്നെ ലോക്കല്‍ വിപണിയിലേക്ക് വ്യാപാരം കൂടുതല്‍ കേന്ദ്രീകരിക്കാന്‍ അയര്‍ലണ്ടിലെ ഉത്പാദകര്‍ തയാറായേക്കും.

യൂറോപ്യന്‍ യൂണിയനോട് ചേര്‍ന്ന് നില്‍ക്കണമെന്നാണ് ഇന്നലെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഹിതപരിശോധനയില്‍ ആവശ്യപ്പെട്ടത്.ബ്രിട്ടണ്‍ ഈ യൂ വിടുമ്പോള്‍ അന്തിമമായി നോര്‍ത്തേണ്‍ അയര്‍ലണ്ട്, റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിനോട് കൂടുതല്‍ ഐക്യപ്പെടാനുള്ള സാധ്യതകളാണ് ഉള്ളത്.

വിലയില്‍ ഇടിവ് വരുന്നതോടെ നൂറി അടക്കമുള്ള അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ പോയിരുന്ന പഴയ ശീലം അയര്‍ലണ്ടിലെ ജനങ്ങള്‍ വീണ്ടും തുടങ്ങുന്നതോടെ അയര്‍ലണ്ടിലും വില നിലവാരത്തില്‍ കുറവ് വരുത്താതെ തരമില്ല,ഭവനമേഖലയില്‍ ഉള്‍പ്പെടെ വില കുറയുമെന്ന പ്രാഥമിക സൂചനകളാണ് വ്യാപാരകേന്ദ്രങ്ങള്‍ നല്‍കുന്നത്.

നഷ്ടങ്ങള്‍ ഇല്ലാതെയില്ലെന്നല്ല അതിനര്‍ത്ഥം.അയര്‍ലണ്ടിന്റെ സ്വാതന്ത്ര്യകാലം മുതല്‍ കോമണ്‍ ട്രാവല്‍ ഏരിയായുടെ ആനുകൂല്യം അനുഭവിച്ചിരുന്ന പൗരന്മാര്‍ക്ക് അതിനുള്ള അവസരം നഷ്ട്ടപ്പെട്ടേക്കും.ഇക്കൂട്ടത്തില്‍ ഏറ്റവും അവസാനം കോമണ്‍ ട്രാവല്‍ ഏരിയായുടെ ആനുകൂല്യം കൈപ്പറ്റിയ ഇന്ത്യക്കാരും ഉള്‍പ്പെടും.അഥവാ പ്രത്യേക കരാര്‍ ഇതിനായി ഇനിയും ഉണ്ടാക്കേണ്ടി വരും.

ബ്രിട്ടണില്‍ നിന്നെത്തി അയര്‍ലണ്ടില്‍ കളം പിടിച്ചിരുന്ന പെന്‍ഷന്‍ ,ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്വരൂപിച്ചു കൂട്ടിയ പണത്തിന്റെ മൂല്യത്തില്‍ ഇടിവ് വരുന്നത് പെന്‍ഷന്‍കാരെ കാര്യമായി ബാധിക്കും.

ബ്രിട്ടണ് പിന്നാലെ യൂറോപ്യന്‍ യൂണിയനുമായിയുള്ള ബന്ധം വിടണമെന്ന് കൂടുതല്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ പക്ഷെ കഥ മാറും.സ്വീഡനിലെ 69 ശതമാനം പേരും,ഡെന്‍മാര്‍ക്കിലെ 66 ശതമാനം ജനങ്ങളും,നോര്‍വേയിലെ 57 ശതമാനം ജനങ്ങളും ഇപ്പോള്‍ തന്നെ യൂറോപ്യന്‍ യൂണിയന്‍ വിടണം എന്ന അഭിപ്രായം ഉള്ളവരാണ് എന്ന പുതിയ വാര്‍ത്ത ഞെട്ടലോടെയാണ് അയര്‍ലണ്ടിലെ ജനങ്ങളും കേട്ടത്.അത്തരം ആശങ്കകളാണ് പക്ഷെ യൂറോപ്പ്യന്‍ യൂണിയന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്നതും.

റെജി സി ജേക്കബ്

Scroll To Top