Wednesday September 26, 2018
Latest Updates

വിശ്വാസികള്‍ കുറയുന്നു; ഫ്രാന്‍സിസ് പാപ്പയുടെ  വരവില്‍ പ്രതീക്ഷയര്‍പ്പിപ്പ് അയര്‍ലണ്ടിലെ കത്തോലിക്കാ സഭ

വിശ്വാസികള്‍ കുറയുന്നു; ഫ്രാന്‍സിസ് പാപ്പയുടെ  വരവില്‍ പ്രതീക്ഷയര്‍പ്പിപ്പ് അയര്‍ലണ്ടിലെ കത്തോലിക്കാ സഭ

ഡബ്ലിന്‍:കത്തോലിക്കാ സഭാംഗങ്ങളുടെ എണ്ണം അയര്‍ലണ്ടില്‍ കുത്തനെ കുറയുകയാണ്? കണക്കുകള്‍ വിരല്‍ചൂണ്ടുന്നത് ഇത്തരമൊരു അവസ്ഥയിലേക്കാണ്.

പുതിയ സെന്‍സസിലെ കണക്കനുസരിച്ച് കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 78ല്‍നിന്ന് 72 ശതമാനമായി കുറഞ്ഞു. 1950 കളിലും 60 കളിലും 94 ശതമാനത്തില്‍ അധികം കത്തോലിക്കാ വിശ്വാസികളായിരുന്ന രാജ്യത്തെ അവസ്ഥയാണിത്.സര്‍വാധികാരവുമുണ്ടായിരുന്ന അക്കാലം വിസ്മൃതിയിലാകുകയാണ്.വിശ്വാസത്തില്‍നിന്ന് അകലുന്നവരെ പിടിച്ചുനിര്‍ത്താന്‍ സഭയുടെ അധികാരത്തിനും കഴിഞ്ഞില്ല.

പുരോഹിതന്മാരുടെ ലൈംഗിക അതിക്രമങ്ങള്‍ ജനത്തെ വിശ്വാസത്തില്‍നിന്ന് അകറ്റുന്നതില്‍ പ്രധാന കാരണമായിട്ടുണ്ട്. പുരോഹിതരെ ദൈവത്തെപ്പോലെ കണ്ടിരുന്നവര്‍ അവരും സാധാരണ മനുഷ്യരാണെന്നുള്ള തിരിച്ചറിവിലേക്ക് നീങ്ങുകയാണ്.

നിലവിലുള്ള 72 ശതമാനത്തില്‍ 12 % വിദേശത്തുനിന്നു കുടിയേറിയവരുടെ പിന്‍മുറക്കാരാണ്. അതിലധികവും പോളണ്ടില്‍നിന്ന് അയര്‍ലണ്ടിലേക്കു കുടിയേറി കത്തോലിക്കാ വിശ്വാസത്തെ ആശ്ലേഷിച്ചവരാണ്.ഇന്ത്യയില്‍ നിന്നുള്ള സീറോ മലബാര്‍ സഭാംഗങ്ങളുടെ എണ്ണവും അയര്‍ലണ്ടില്‍ വര്‍ദ്ധിക്കുന്നുണ്ട്.

മേന്യൂത്തിലെ സെന്റ് പാട്രിക് കോളജില്‍ പുരോഹിതരാകാന്‍ നിലവില്‍ ഏഴുപേര്‍ മാത്രമാണ് പഠിക്കുന്നത്. പുരോഹിതര്‍ ഇല്ലാതായാല്‍ സഭ എങ്ങനെ നിലനില്‍ക്കും എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. വിശ്വാസികളുടെ കുറവല്ല പുരോഹിതരുടെ കുറവാണ് ഭാവിയില്‍ പ്രശ്‌നമാകുക.

ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും വൈദികരെ ക്ഷണിച്ചു വരുത്തുവാനുള്ള ഊര്‍ജിതശ്രമമാണ് വിവിധ രൂപതകള്‍ നടത്തുന്നത്.എന്നാല്‍ വിശ്വാസികള്‍,പ്രത്യേകിച്ച് മുതിര്‍ന്ന തലമുറ ഇതില്‍ അത്രയ്ക്ക് സംതൃപ്തരല്ല എന്നാണ് ഐറിഷ് വൈദീകരില്‍ ഒരു വിഭാഗം തന്നെ പറയുന്നത്,

സ്ത്രീകളെ വൈദീക ശുശ്രൂഷകള്‍ക്ക് നിയോഗിക്കല്‍,കൂടുതല്‍ ഡീക്കന്മാരെ കണ്ടെത്തല്‍ എന്നിവയൊക്കെയാണ് വൈദീക സമൂഹം നിര്‍ദേശിക്കുന്ന പരിഹാരം.ഡബ്ലിനിലെ മൗണ്ട് മെറിയോണ്‍ ഇടവക പോലെയുള്ള പ്രധാന സഭാ കേന്ദ്രങ്ങളില്‍ പോലും ആഴ്ചയില്‍ ഒരു ദിവസം വിശുദ്ധ കുര്‍ബാന ഒഴിവാക്കി,അന്നേ ദിവസം ഡീക്കന്മാര്‍ക്കോ,മുതിര്‍ന്ന വനിതാ ശുശ്രൂഷികള്‍ക്കോ ശുശ്രൂഷ നല്‍കിയിരിക്കുകയാണ്.

വൈദികരെ വിവാഹം കഴിക്കാന്‍ അനുവദിക്കുക എന്നുള്ളതാണ് മറ്റൊരു പ്രതിവിധി. അതിനുപക്ഷേ, സഭ തയാറാകുമോ എന്നു കണ്ടറിയണം. കുട്ടികള്‍ക്കെതിരായ വൈദികരുടെ അതിക്രമങ്ങളാണ് സഭ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. നഷ്ടംപരിഹാരം നല്‍കി സഭയുടെ ഖജനാവ് കാലിയാകുന്നു. രക്ഷിതാക്കള്‍ വൈദികരെ സംശയത്തോടെ വീക്ഷിക്കുന്ന അവസ്ഥ ഇപ്പോഴുമുണ്ട്.

തങ്ങള്‍ക്ക് ഒരുമതവും ഇല്ല എന്നു പറയുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഇത്തരക്കാര്‍ ഏഴില്‍നിന്നു പത്തുശതമാനമായി ഉയര്‍ന്നു. രാജ്യത്ത് അഞ്ചുലക്ഷത്തോളം ആളുകള്‍ തങ്ങള്‍ ഒരുമതത്തിലും വിശ്വസിക്കുന്നില്ല എന്നു പറയുന്നവരാണ്.

അടുത്ത ഓഗസ്റ്റില്‍ അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് പാപ്പയിലാണ് ഇപ്പോള്‍ സഭയുടെ പ്രതീക്ഷ. വിശ്വാസം വര്‍ധിപ്പിക്കാനും പഴയ നല്ലനാളുകളിലേക്കുള്ള മടങ്ങിവരവിനും പാപ്പയുടെ വരവ് വഴിവയ്ക്കുമെന്ന് കരുതുന്നവരുണ്ട്.

Scroll To Top