Tuesday May 22, 2018
Latest Updates

സ്ലൈഗോയുടെ തിലകക്കുറിയായി റോസസ് പോയിന്റ്, ആസ്വാദകരുടെ പറുദീസാ !ഒരിക്കല്‍ വന്നാല്‍ നിങ്ങള്‍ വീണ്ടും വരും ഈ തീരത്ത്

സ്ലൈഗോയുടെ തിലകക്കുറിയായി റോസസ് പോയിന്റ്, ആസ്വാദകരുടെ പറുദീസാ !ഒരിക്കല്‍ വന്നാല്‍ നിങ്ങള്‍ വീണ്ടും വരും ഈ തീരത്ത്

മ്മറായതോടെ വാരാന്ത്യങ്ങളില്‍ ഹോളിഡേ കേന്ദ്രങ്ങളിലേയ്ക്ക് യാത്ര നടത്തുന്ന മലയാളികളുടെ എണ്ണം അയര്‍ലണ്ടിലും കൂടുകയാണ്.ഒന്നോ രണ്ടോ ദിവസം വീട് വിട്ട് മറ്റെവിടെയെങ്കിലും കുടുംബം ഒന്നിച്ചോ കൂട്ടുകാര്‍ ചേര്‍ന്നോ ആസ്വദിച്ചൊരു ട്രിപ്പ് ഒരുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരു കേന്ദ്രമാണ് സ്ലൈഗോയിലെ റോസസ് പോയിന്റ്.കെറിയിലെയ്‌ക്കോ,വെസ്റ്റ് കോര്‍ക്കിലേയ്‌ക്കോ വിക്ലോയിലേയ്‌ക്കോ ഏറെ യാത്രകള്‍ നടത്തുന്നവരും സ്ലൈഗോയുടെ ഈ അചുമ്പിത തീരത്തെ കാഴ്ച്ചകള്‍ ഒരിക്കല്‍ കണ്ടാല്‍ വീണ്ടും ഇവിടെ എത്തുമെന്നുറപ്പ്.

ഇംഗ്ലീഷ് അക്ഷരമാലയില്‍ വി യുടെ ആകൃതിയില്‍ കൌണ്ടി സ്ലൈഗോയുടെ പടിഞ്ഞാറെ അറ്റത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് നീണ്ടു നില്‍ക്കുന്ന ഒരു മുനമ്പാണ് ആന്‍ റോസ് എന്ന് ഐറിഷ് നാമമുള്ള റോസസ് പോയിന്റ്. സമുദ്ര നിരപ്പില്‍ നിന്നും ഒരു മീറ്ററില്‍ താഴെ മാത്രം ഉയരമുള്ള ഈ വില്ലേജില്‍ സര്‍ക്കാര്‍ കണക്കുപ്രകാരം 824 പേരാണ് താമസക്കാര്‍. ആധുനികതയെ ഉള്‍ക്കൊണ്ട് എന്നാല്‍ ഒരു യാഥാസ്ഥിക ഐറിഷ് വില്ലേജിന്റെ എല്ലാ നന്മകളും നിറഞ്ഞ റോസസ്സ് പോയിന്റിലേക്കെത്താന്‍ സ്ലൈഗോ ടൗണില്‍ നിന്നും 8 മിനിറ്റോളം വാഹനമോടിച്ചാല്‍ മതിയാകും,കൂടാതെ എല്ലാ മണിക്കൂറിലും സ്ലൈഗോ ടൗണില്‍ നിന്നും സര്‍ക്കാര്‍ ബസ്സ് സര്‍വീസും ലഭ്യമാണ്.

റോസസ് പോയിന്റിലെത്തുന്ന സഞ്ചാരികളെ ആദ്യം സ്വീകരിക്കുന്ന കാഴ്ച കടലിലേക്ക് രണ്ട് കൈകളും വിരിച്ച് നോക്കി നില്‍ക്കുന്ന ഐറിഷ് യുവതിയുടെ പ്രതിമയാണ്. ജീവിത മാര്‍ഗ്ഗം തേടി കടലില്‍പോയ ഉറ്റവരുടെ സുരക്ഷിതമായ മടങ്ങി വരവും പ്രതീക്ഷിച്ച് തീരത്ത് കാത്തിരിക്കുന്ന അമ്മയെയോ ഭാര്യയെയോ മകളെയോ ഒക്കെ ദൈന്യതയുടെ മുഖഭാവമണിഞ്ഞ ഈ പൂര്‍ണകായ വെങ്കല പ്രതിമ നമ്മെ ഓര്‍മ്മിപ്പിക്കുന്നു(The ‘Waiting on Shore’ monument)കടലില്‍ ജീവിതം അര്‍പ്പിച്ചിട്ടുള്ള അനേകരായ പൂര്‍വ്വപിതാക്കളുടെ സ്മാരകമായും………

പ്രതിമക്ക് താഴെയായി ലൈഫ് ബോട്ട് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നു. (RNLI Royal National lifeboat Institution) മത്സ്യബന്ധനത്തിനു പോകുന്ന ബോട്ട് മുതല്‍ ഉല്ലാസനൗകകളുടെ സുരക്ഷിതത്വം വരെ ഇവര്‍ ഉറപ്പു വരുത്തുന്നു. കടലില്‍ നിന്നുമുള്ള ഏത് അടിയന്തര സഹായാഭ്യാര്‍ത്ഥകളും സ്വീകരിക്കാന്‍ ഇവരുടെ സുസജ്ജമായ ലൈഫ് ബോട്ടുകളും ഗാര്‍ഡുകളും ഏപ്പോഴും തയ്യാര്‍. തൊട്ട് എതിര്‍വശത്തുള്ള സ്ട്രാന്‍ഡ്ഹില്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐറിഷ് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറും കടലില്‍ ഇവരെ സഹായിക്കാനുണ്ടാകും. തൊട്ട് എതിര്‍വശത്തുള്ള ഓയിസറ്റര്‍, കോണ്‍ എന്നീ രണ്ട് ദ്വീപുകളിലെക്കുള്ള ഗതാഗതവും ഇവരുടെ സേവനങ്ങളിലുള്‍പ്പെടുന്നു. ഇവരുടെ സമയോചിതമായ സഹായം മൂലം ജീവിതത്തിലേക്ക് തിരിച്ച് വന്നവര്‍ നിരവധിയാണ്.

റോസസ് പോയിന്റിന്റെ തെക്ക് വശത്ത് കടലിന്റെ മറുകരക്കാണ് സ്ട്രാന്‍ഹില്‍ എയര്‍പോര്‍ട്ട്. മുമ്പ് ഡബ്ലിന്‍,മാഞ്ചസ്റ്റര്‍.ലണ്ടന്‍ എന്നിവിടങ്ങളിലേക്ക് യാത്രാ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തിയിരുന്നു, പക്ഷേ സാമ്പത്തിക മാന്ദ്യം മൂലം സര്‍ക്കാര്‍ സഹായം നിര്‍ത്തലാക്കിയതിനാല്‍ 2011 ല്‍ ആ സര്‍വ്വീസുകള്‍ അവസാനിച്ചു.ഇതോടനുബന്ധിച്ച് സ്ലൈഗോ എയ്‌റോ ക്ലബ്ബ് w.w.w.slipaeroclub.com പ്രവര്‍ത്തിക്കുന്നു. പൈലറ്റാകാന്‍ കൊതിക്കുന്നവര്‍ക്ക് പരിശീലനം നല്‍കുന്ന എയ്‌റോ ക്ലബ്ബിന്റെ കൊച്ചു വിമാനങ്ങള്‍ താഴ്ന്ന് മൂളിപ്പറക്കുന്നത് റോസസ് പോയിന്റിലെ ഒരു നിത്യകാഴ്ചയാണ്. വിമാനം പറപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 120 യൂറോ മുതലുള്ള ഗിഫ്റ്റ് വൗച്ചറുകളുപയോഗിച്ച് ആഗ്രഹം പൂര്‍ത്തീകരിക്കാം. വിദഗ്ദ്ധ പരിശീലകരുടെസേവനവും ലഭ്യം. 2002 ല്‍ യൂറോകെലിറ്റിക്ക് എയര്‍വേയ്‌സിന്റെ വിമാനം റണ്‍വ്വേക്ക് പുറത്ത്‌പോയി ലാന്‍ഡ് ചെയ്തതിന തുടര്‍ന്നുണ്ടായ അപകടം ഏവരുടെയും മനസ്സില്‍ ഒരു നൊമ്പരമായി അവശേഷിക്കുന്നു. തകര്‍ന്ന വിമാനം അറ്റക്കുറ്റപണിക്കുവരുന്ന ഭാരിച്ച ചിലവുകള്‍മൂലം ഉപേക്ഷിച്ച നിലയില്‍ഇപ്പോഴും കിടപ്പുണ്ട്.av

റോസസ് പോയിന്റിനു തെക്ക് വശത്തായി കടലില്‍ സ്ഥിതിചെയ്യുന്ന രണ്ട് ദ്വീപുകളുണ്ട്. കൂണിയും ഓയിസ്റ്ററും. ഇതില്‍ കൂണിയിലേക്ക് വേലിയിറക്ക സമയത്ത് വാഹനമോടിച്ച് ചെല്ലുവാന്‍ സാധിക്കും. ഭൂഗര്‍ഭാന്തര കേബിള്‍ വഴിയാണ് ദ്വീപിലേക്ക് വൈദ്യുതി എത്തിച്ചിരിക്കുന്നത്.75 ഏക്കറോളം വരുന്ന ഓയിസ്റ്റര്‍ ദ്വീപ് ഏതാനും വര്‍ഷങ്ങള്‍ മുമ്പ് വില്‍പ്പനക്ക് വെച്ചിരുന്നു. ചോദിച്ച വില 7,50,000 യൂറോ മാത്രം(5.7 കോടി). തല്‍ക്കാലം കോടിപതികള്‍ക്ക് മാത്രം സ്വപ്‌നം കാണാവുന്ന ഒരു കാര്യം; എന്നാലും സ്വന്തം പേരില്‍ ഒരു ദ്വീപ് എന്നൊക്ക പറഞ്ഞാല്‍ അഭിമാനിക്കാന്‍ വകയുണ്ട്!   അറ്റ്‌ലാന്‍ഡിക്ക് സമുദ്രത്തില്‍ നിന്ന് സൈഗ്ലോ തുറമുഖത്തേക്കുള്ള കപ്പല്‍ച്ചാല്‍ ആരംഭിക്കുന്നത് റോസസ് പോയിന്റില്‍ നിന്നാണ്. ഇവിടെ കപ്പലുകള്‍ക്ക് വഴി കാണിക്കാന്‍ കടലില്‍ നില്‍ക്കുന്നത് 1821 ല്‍ സ്ഥാപിച്ച 12 അടി പൊക്കമുള്ള ഒരു ഇരുമ്പ് മനുഷ്യനാണ്(metal man) രാത്രിയായാല്‍ കൈയ്യിലുള്ള വിളക്ക് തെളിയിച്ച് നാവികരെ സഹായിക്കുന്ന ഇദ്ദേഹം ഇപ്പോള്‍ കമ്മീഷ്ണര്‍ ഓഫ് ഐറിഷ് എന്നാണ് ലൈറ്റ്‌സിന്റെ സംരക്ഷണയിലാണ്. 12 നോട്ടിക്കല്‍ മൈലാണ് ഇദ്ദേഹത്തിന്റെ പരിധി!

റോസസ് പോയിന്റിനു പടിഞ്ഞാറുവശത്ത് 1588 ല്‍ കൊടുങ്കാറ്റില്‍ പെട്ടു മുങ്ങിപ്പോയ സ്പാനിഷ് നാവിക സേനയുടെ കപ്പലിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ ഈയിടെ കണ്ടെത്തിയിരുന്നു. 1800 ഓളം നാവികര്‍ മരിച്ചതായി ചരിത്രം പറയുന്നു.1990 കളില്‍ കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും പ്രീഡിഗ്രി,ഡിഗ്രി ഇംഗ്ലീഷ് പദ്യ വിഭാഗത്തില്‍ പ്രശസ്ത ഇംഗ്ലീഷ് കവിയായിരുന്ന വില്യം ബട്ടലര്‍ യീറ്റ്‌സിന്റെ ഒരു കവിത തീര്‍ച്ചയായും ഉള്‍പ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ സഹോദരനും ചിത്രകാരനുമായിരുന്ന ജാക്ക് ബട്ടലറിന്റെ യീറ്റ്‌സ്ന്റെയും വേനല്‍ക്കാല വസതിയായിരുന്ന ‘എല്‍സിനോര്‍ ഹൗസും ‘ റോസസ് പോയന്റില്‍ സ്ഥിതിചെയ്യുന്നു.കൗണ്ടി സ്ലൈഗോയുടെ മറ്റൊരുപേര് യീറ്റ്‌സ് കൗണ്ടിയെന്നാണ്.

വിശാലമായ സ്ലൈഗോ ഗോള്‍ഫ് ക്ലബ്ബും റോസസ് പോയന്റില്‍ സ്ഥിതിചെയ്യുന്നു.വെസ്റ്റ് ഓഫ് അയര്‍ലന്റ് ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പ് എല്ലാ വര്‍ഷവും ഇവിടെ വച്ച് നടത്തപ്പെടുന്നു. ബീച്ചിനോട് ചേര്‍ന്ന മുനമ്പിലാണ് സ്ലൈഗോയുടെ യാച്ച് ക്ലബ്ബ് സ്ഥിതിചെയ്യുന്നത്.യാച്ച് എന്നാല്‍ ഉല്ലാസ നൗക , പായ്ക്കപ്പല്‍ എന്നെല്ലാം അര്‍ത്ഥം വരും. കടലില്‍ സാഹസികത ആഗ്രഹിക്കുന്ന യുവാക്കള്‍ക്കും യുവതികള്‍ക്കും ഈ സ്ഥാപനം മികച്ച പരിശീലനം നല്‍കി വരുന്നു. നല്ല വെയിലുള്ള വൈകുന്നേരങ്ങളില്‍ ധാരാളം ആളുകള്‍ ഒരുമിച്ച് പരിശീലനത്തിനിറങ്ങുന്ന നയനാന്ദകരമായ ഒരു കാഴ്ചയാണ് യാച്ച് ക്ലബ്ബ്. സമീപമുള്ള ഹോളിഡേ ഹോളിഡേ കോട്ടേജുകളില്‍ അവധിക്കാല താമസത്തിന് സൗകര്യം ഇഷ്ടം പോലെ….

ഹോട്ടലിലും കോട്ടോജുകളിലുമൊന്നും താമസിക്കാന്‍ ഇഷ്ടമില്ലാത്ത സാഹസികര്‍ക്കുള്ളതാണ് കാരവനുകള്‍ അഥവാ ചലിക്കുന്ന ബെഡ് റൂമുകള്‍ ബീച്ചിന്റെയും ഗോള്‍ഫ് കോര്‍ട്ടിന്റയും ഇടയിലാണ് കാരവന്‍ പാര്‍ക്കിങ്ങിന്റെ സ്ഥാനം. കുടുംബസമേതം കാരവനില്‍ വന്ന് ടെന്റടിച്ച് താമസിക്കുന്നവര്‍ക്ക് ജലവും വൈദ്യുതിയും ശുചിത്യ സൗകര്യങ്ങളിലും കുറഞ്ഞ നിരക്കില്‍  കൌണ്ടി കൗണ്‍സില്‍ നല്‍കി വരുന്നു. ലൈഫ്‌ബോട്ട് സ്‌റ്റേഷനുസമീപം കടലിലേക്ക് നീണ്ടുനില്‍ക്കുന്ന കോണ്‍ഗ്രീറ്റ് ജെട്ടി ചൂണ്ടയിടലുകാരുടെ പറുദീസയാണ് . രണ്ട് യൂറോയില്‍ താഴെ മാത്രം നല്‍കിയാല്‍ മതിയാകുന്ന വേലിയേറ്റ വേലിയിറക്ക സമയങ്ങളുടെ പട്ടിക സമീപത്തെ കടകളില്‍ സുലഭം. ഇതുമായി വൈകുന്നേരങ്ങളില്‍ മീനിനെയും പ്രതീക്ഷിച്ച് വെള്ളത്തിലേക്ക് നോക്കി നില്‍ക്കുന്ന അമേച്വര്‍ മലയാളി മുക്കുവന്മാരും ഇവിടെ ധാരാളം. പക്ഷേ റോസസ് പോയിന്റ് മീനിന്റെ കാര്യത്തില്‍ പിശുക്കൊന്നും കാണിക്കാറില്ല കേട്ടോ.അയല,മത്തി,പോള്ളോക്ക് മുതലായ മത്സ്യങ്ങള്‍ ഇവിടെ ധാരാളം.rprosse

യാച്ച് ക്ലബ്ബിന് സമീപമാണ് റോസസ് പോയിന്റിലെ നീന്തല്‍ക്കുളം സ്ഥിതിചെയ്യുന്നത്.രണ്ടു വശത്തും സംരക്ഷണം ഭിത്തിയും ഒരുവശത്ത് പടവുകളുള്ള ഈ നീന്തല്‍ക്കുളത്തിന്റെ ഒരു വശം തുറന്നാണിരിക്കുന്നത്. ഒരു യഥാര്‍ത്ഥ മുങ്ങികുളി കടലില്‍ പാസാക്കാന്‍ ധാരാളം പേര്‍ കടലിനുള്ളിലെ ഈ നീന്തല്‍ക്കുളത്തിലെത്താറുമുണ്ട്.ഈ നീന്തല്‍ക്കുളത്തിന് വടക്ക് വശത്ത് 2 കിലോമീറ്ററോളം വരുന്ന മനോഹരമായ ബീച്ച് കര കടലിലേക്കിറങ്ങി നില്‍ക്കുന്ന സ്ഥലമായതിനാല്‍ ആഴം തീരെ കുറവാണ്.ഇതിനാല്‍ അയര്‍ലന്റിലെ സുരക്ഷിതമായ ബീച്ചായി ഇത് കരുതപ്പെടുന്നു. കൂടാതെ പകല്‍ മുഴുവന്‍ ലൈഫ് ഗാര്‍ഡിന്റെ സേവനവും ലഭ്യം. ഈ സുരക്ഷിതത്വം മുന്‍ നിര്‍ത്തി കുട്ടികള്‍ക്ക് സര്‍ഫിങ്ങിന് മാതാപിതാക്കള്‍ തെരഞ്ഞെടുക്കുന്ന ഒരു ബീച്ചാണിത്. ഇവിടുത്തെ പാറകള്‍ക്കിടയില്‍ നിന്നും കല്ലുമ്മക്കായ ശേഖരിക്കുന്നവരും ധാരാളം. fishing

ഇനി മറക്കേണ്ട… അയര്‍ലണ്ടിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ മനോഹര തീരത്തേക്കൊവട്ടെ നമ്മുടെ അടുത്ത ഹോളിഡേ ട്രിപ്പ് ….NI NI

നൈനാന്‍ തോമസ് (ഇന്ത്യന്‍ അസോസിയേഷന്‍ സ്ലൈഗോയുടെ കമ്മിറ്റിയംഗവും മുന്‍ പി ആര്‍ ഓ യുമാണ് ഇദ്ദേഹം )

Scroll To Top