Wednesday September 20, 2017
Latest Updates

മച്ചാനേ ! വെല്‍ക്കം റ്റു അയര്‍ലണ്ട്…..

മച്ചാനേ ! വെല്‍ക്കം റ്റു അയര്‍ലണ്ട്…..

‘വെല്‍ക്കം റ്റു ഡബ്ലിന്‍’ എന്ന് ഫേസ് ബുക്ക്മെസ്സഞ്ചറിന്റെ റിപ്ലേ ബട്ടണില്‍ ഞെക്കുമ്പോള്‍,അതു എന്റെ തന്നെകൊരവള്ളിക്ക് ഞെക്കുകയാണെന്നു ഞാന്‍ ഒരിക്കലും കരുതിയില്ല…

നാട്ടില്‍ നിന്നുംഅളിയനും ( ഭാര്യ സഹോദരന്‍ ) അളിയന്റെ ഒരു കൂട്ടുകാരനും സകുടുംബം ഒരു ടൂര്‍ പാക്കേജ് വഴി 2 ആഴ്ചത്തെ ലണ്ടന്‍ യാത്രക്ക് വരുന്നു… അക്കുട്ടത്തില്‍ ഒരാഴച്ച പെങ്ങന്‍മാരെ കാണാനും അയര്‍ലണ്ട് കറങ്ങാനും പ്ലാന്‍ ഇടുന്നു’ .ഇതായിരുന്നുഅളിയന്റെ മെസ്സെജിന്റെ ഉള്ളിലിരിപ്പ് .

വിവരം അറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി , കാരണം നാട്ടില്‍ ലീവിന് ചെല്ലുമ്പോള്‍ അളിയന്റെ കൂടെ സമയം ചിലവിടാന്‍ പറ്റാത്തതു മൂലമുള്ള വിഷമം കാരണം തുവാലകൊണ്ടു കണ്ണു തുടച്ചിട്ടുണ്ട്.ഏതായാലും അവര്‍ ഇവിടെ എത്തുമ്പോള്‍ രണ്ടു ദിവസം കൂടെ താമസ്സിപ്പിച്ചു എല്ലായിടവും ഒന്നു കറക്കി കാണിപ്പിച്ചു ആ കേട് അങ്ങ് മാറ്റികളയാം എന്ന് തീരുമാനിച്ചു.അവളുടെ വീട്ടുകാരെ ഞാന്‍ സ്‌നേഹിക്കുന്നില്ല, പരിഗണിക്കുന്നില്ല എന്നുളള ഭാര്യയുടെ പരാതിയും ഇതോടെ തീരുമല്ലോന്നു മനസില്‍ വിചാരിച്ചു.

അങ്ങനെ ഇരിക്കെ ഒരു ദിവസം നൈറ്റ് ഡ്യൂട്ടിയ്ക്കിടെ ഭാര്യയുടെ ഫോണ്‍ വന്നു, മറ്റെന്നാള്‍ അളിയനും കൂട്ടരും എത്തുന്നു.ആദ്യം അനിയത്തിമാരുടെ വീട്ടില്‍ താമസ്സിച്ചു എല്ലായിടവും കറങ്ങി ടുവില്‍ ഞങ്ങളുടെ അടുക്കല്‍ താമസ്സിക്കാനാണ് അവരുടെ പ്ലാന്‍ എന്ന് ഭാര്യ പറഞ്ഞപ്പോള്‍, ഇല്ല അതൊക്കില്ല ആദ്യം അവര്‍ നമ്മുടെ കൂടെ താമസ്സിക്കട്ടെയെന്നു ഞാന്‍ ഒരു ജാടയ്ക്കു വെറുതെ പറഞ്ഞു.
അങ്ങനെ അവര്‍ വരുന്ന ആഴ്ച നൈറ്റ് ഡ്യൂട്ടി മാറ്റി ഡേ ഷിഫ്റ്റും മൂന്നാലു ദിവസം ഓഫും എടുത്തു.

അനിയനും അനിയത്തിയും എയര്‍പോര്‍ട്ടില്‍ പോയി അവരെ പിക്ക് ചെയ്‌തോളാം എന്ന് പറഞ്ഞതു മൂലം ഒരു ഓഫ് കളയണ്ടാന്നു കരുതി ഞാന്‍ ജോലിക്കു പോയി.ജോലികഴിഞ്ഞ് അളിയനുമായി ഒന്നു ‘കൂടികളയാം’ എന്നുകരുതി അടുത്തുള്ള സൂപ്പര്‍ മാര്‍ക്കെറ്റില്‍ ( ടെസ്‌കോ ) നിന്നും സ്‌കോച്ചും വാങ്ങി ഫ്‌ലാറ്റില്‍ എത്തി കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി ‘ഡിങ്ങ് ഡൊങ്ങ്’ എന്ന ശബ്ദത്തിനു കാതോര്‍ത്തു നിന്ന ഞാന്‍ കേട്ടതു ‘ഠിം ച്ഛിലും ഡും ബ്ലും ‘.ആരാ കോളിംഗ് ബെല്‍ മാറ്റി വെച്ചത് എന്ന സംശയത്തില്‍ നിലക്കുമ്പോള്‍ വിളറിയ ചിരിയുമായി ഭാര്യ വാതില്‍ തുറന്നു. പതിവില്ലാത്ത അവളുടെ നയന വിക്ഷേപങ്ങളില്‍നിന്നും എന്തോ പന്തികേടിന്റെ മണം അടിച്ച ഞാന്‍ ഇടനാഴിയില്‍ കണ്ട കാഴച്ച ഞെട്ടിക്കുന്നതായിരുന്നു. ഒരു കൊല്ലത്തെ സ്വൈര്യം കെടുത്തല്‍ മൂലം വാങ്ങി കൊടുത്ത എന്റെ മക്കളുടെ ഫിഷ് റ്റാങ്ക് , അളിയന്റെ കൂട്ടുകാരന്റെ സന്താനങ്ങളുടെ കുരത്തക്കേട് മൂലം അതാ തകര്‍ന്ന് കിടക്കുന്നു കൈയിലിരിക്കുന്ന കുപ്പിവെച്ചു തലക്കിട്ടു ഒന്നു കൊടുക്കാനുള്ള ദേഷ്യം ഉണ്ടയിരുന്നു എനിക്ക്.എന്റെ സ്വാഭാവം അറിയവുന്നതുകൊണ്ടാണൊന്നറിയില്ല അവള്‍ കൈയില്‍ നിന്നും സഞ്ചി പെട്ടന്ന് വാങ്ങി വെച്ചു.

എന്റെ മക്കളുടെ പ്രീയപ്പെട്ട, നിറമാര്‍ന്ന മീന്‍കുഞ്ഞുങ്ങള്‍ ,ഐ .പി.എല്‍ ക്രിക്കറ്റിലെ ചീയര്‍ ഗേള്‍സ് തുള്ളുന്ന പോലേ നിലത്തു കിടന്നു തുള്ളുന്നു.അളിയന്റെ കുട്ടുകാരന്റെ മക്കളുടെ പരാക്രമം കണ്ടിട്ടു എന്റെ രണ്ടു സന്താനങ്ങളും ഒരു മൂലയില്‍ മുയലുകളെപോലെ ഒതുങ്ങി നിലക്കുന്നു.

നേരേ ഹാളിലേയ്ക്ക് കാലെടുത്തു വെച്ചു ഞാന്‍. ചത്ത തിമിംഗലംകരയ്ക്ക് അടിഞ്ഞതുപോലെ അളിയന്‍ സോഫയില്‍ കിടക്കുന്നു.കുട്ടുകാരന്‍ ചിക്കന്‍ ബിരിയാണി വലിച്ചു കേറ്റുന്നു.പുളളിയുടെ കോഴിക്കാല്‍ തീറ്റ കണ്ടപ്പൊള്‍, ആ കോഴി ചെറുപ്പത്തില്‍ എങ്ങാണ്ട് പുള്ളിയെ ഓടിച്ചിട്ട് കൊത്തിയ കോഴിയായിരുന്നോ എന്നൊരു സംശയം. അടുക്കള ഭാഗത്തേയ്ക്ക് നോക്കിയപ്പോള്‍ ഭാര്യയും നാത്തുനും കൂടി അടുപ്പത്തിരിക്കുന്ന വല്യ പത്രത്തില്‍ അവരുടെ ആരുടയോ വൈഡൂര്യക്കമ്മല്‍ കാണാതെ പോയതുപോലെ തവികൊണ്ട് ഇളക്കുന്നു, കോരുന്നു, നോക്കുന്നു.

എന്നലൊന്നു കുളിച്ചു ഫ്രെഷായിട്ടു തുടങ്ങാം ‘കലാപരിപാടി’ എന്ന് വിചാരിച്ചു വിസ്തരിച്ചൊരു കുളിയും കഴിഞ്ഞു വരുംബോള്‍ അളിയന്റെ കൂട്ടുകാരന്‍ എന്റെ മൊബൈല്‍ എടുത്തു ഉച്ചഭാഷണിയെ തോല്പ്പിക്കുന്ന ശബ്ദത്തില്‍ ബാല്‍ക്കണിയില്‍ നിന്നു ആരോടോ സംസാരിക്കുന്നു. എന്നെകണ്ടപ്പൊള്‍ ‘നാട്ടിലൊന്നു വിളിച്ചതാ പെങ്ങളുടെ കെട്ടിയോന്‍ മുന്നാമത്തെ അറ്റാക്ക് കഴിഞ്ഞു ആശുപത്രിയിലാണ്,വീട്ടില്‍ വിളിച്ചു വിവരമൊന്നു തിരക്കിയാതന്നു പറഞ്ഞു. കൊള്ളം പെങ്ങളുടെ കെട്ടിയോന്‍ ചാകാന്‍ കിടക്കുമ്പോള്‍ നാടു കാണാന്‍ ഇറങ്ങിയിരിക്കുന്നു എന്ന് മനസില്‍ വിചാരിച്ചു മൊബൈല്‍ മേടിച്ചു ബാലന്‍സ് ചെക്ക് ചെയ്ത ഞാന്‍ ഞെട്ടിപ്പോയി .രാവിലെ 30 യൂറോയ്ക്കു ടോപ് അപ്പ് ചെയ്തത് ഇപ്പോള്‍ 50 സെന്റു ബാക്കി.

അളിയനെ ഓര്‍ത്ത് തികട്ടി വന്ന കലിപ്പു ഉള്ളിലൊതുക്കി, വാങ്ങികൊണ്ട് വന്ന കുപ്പി എടുത്തുകൊടുത്തു. കാനപ്ലാവിന്റെ ചോട്ടില്‍ ചക്കക്കുരു പെറുക്കാന്‍ പോകുന്ന പാണ്ടി പിള്ളേരുടെ ആക്രാന്തമായിരുന്നു അളിയന്റെ കൂട്ടുകാരന് .സ്‌കോച്ച് ആണുന്നു കരുതി പുള്ളിക്കാരന്‍ ശരിക്കും വീശി. ഒടുവില്‍ വാളും പരിചയുമായി അങ്കതട്ടില്‍ അടിയറവു പറഞ്ഞു.

പാതിരാവിന്റെ എതോ യാമത്തില്‍ കിടക്കാന്‍ നോക്കുമ്പോള്‍, ഞങ്ങളുടെ മുറി അളിയന്റെ കൂട്ടുകാരനും കുടുബവും കൈയടക്കി.അടുത്ത മുറി അളിയനും കുടുംബത്തിനും കൊടുത്തു. ഹാളില്‍ ഞാനും മക്കളും ഭര്യയും തള്ളയില്ലാത്ത പൂച്ച കുഞ്ഞുങ്ങളെപൊലെ നിലത്ത് ഒരു ഷീറ്റു വിരിച്ചു ചുരുണ്ടുകൂടി.

ഭാര്യയുടെ ഉത്തരവു അനുസരിച്ചു പിറ്റേന്നു കാലത്തു എല്ലാവരെയുംകൂട്ടി സിറ്റി സെന്ററിലും പിന്നേ ഡണ്‍ഡ്രം ഷോപ്പിംഗ് മാളിലും ഒരു ചെറിയ ഷോപ്പിംഗ് നടത്തി . അളിയന്റെ കൂട്ടുകാരന്റെ പിള്ളേര്‍ ആടുന്നതും പൊങ്ങുന്നതുമായ എല്ലാത്തിന്റെയും പുറത്തു കേറി.ഇനി ഇട്ടു ഉരച്ചാല്‍ കാര്‍ഡില്‍നിന്നും പുക വരുമെന്ന അവസ്ഥ എത്തിയപ്പോള്‍ പെണ്ണും പിള്ളയുടെ നേരേ ഞാന്‍ കണ്ണുരുട്ടി.കാര്യം മനസ്സിലായ അവള്‍ തന്ത്രപൂര്‍വ്വം ഷോപ്പിംഗ് അവസാനിപ്പിച്ചു.പോരാന്‍ തുടങ്ങുബോള്‍ എന്റെ ഇളയ പുത്രിയുടെ കണ്ണില്‍ കെ.എഫ്.സി യുടെ ബോര്‍ഡ് പതിഞ്ഞത് .എല്ലാര്ക്കും കൂടി മുന്ന് ബക്കറ്റു ചിക്കന്‍ വാങ്ങിയാലെ ഒന്നു പല്ലിന്റെ ഇടയില്‍ പറ്റാന്‍ ഉള്ളു. ആരും കാണതെ ഇളയ പുത്രിയുടെ ചെവിയില്‍ ഒന്നു തിരുമ്മി, ചിക്കന്‍ തിന്നാന്‍ കയറി.

കവലയിലുള്ള K .S .E .B യുടെ ട്രാന്‍സ്‌ഫോര്‍മറില്‍ വന്നിരുന്ന കാക്കയുടെ അവസ്ഥയായിരുന്നു അപ്പോള്‍ ആ K .F .C യ്ക്ക്.കരിഞ്ഞ എല്ലും കഷണങ്ങള്‍ മാത്രം അവശേഷിച്ചു.

രാത്രി വൈകി വീട്ടിലെത്തി ക്ഷീണം മാറ്റാന്‍ ബാക്കി ഇരുന്ന സ്‌കോച്ചു കൂട്ടുകാരന്‍ കാണാതെ ഞാനും അളിയനുംകൂടി അകത്താക്കി.

എങ്ങനെയേലും ഈ മാരണം തലയില്‍ നിന്നും ഊരാമെന്നു ആലോചിക്കുബോഴാണ് ഭാര്യയുടെ അനിയന്റെ വിളി വരുന്നത്.’അവര്‍ക്ക് നാളെ ഓഫാണ് അതുകൊണ്ടു നാളെ വേണേല്‍ എവിടേലും പോകാമെന്ന്’.എന്നാല്‍ ഇനി ഈ പീഡാനുഭാവത്തില്‍ അവരും പങ്കുചേരട്ടെയെന്നു കരുതി സന്തോഷത്തോടെ ഞാന്‍ സമ്മതിച്ചു. എറ്റവും കൂടുതല്‍ സന്തോഷം മുഖത്ത് കണ്ടത് ഭാര്യയുടെയും ഇളയ പുത്രിയുടേയുമായിരുന്നു.ചിലവായ കാശിന്റെ കണക്കിനെക്കള്‍ കൂടുതല്‍ തെറി വിളി എന്തായാലും കേള്‍ക്കണമെന്ന് ഭാര്യക്ക് ഉറപ്പായിരുന്നു .അതുകൊണ്ടു നേരത്തേ പോയല്‍ അത്രയും നന്ന് എന്നവളും വിചാരിച്ചു .അളിയന്റെ കൂട്ടുകാരന്റെ ഇളയ പുത്രന്റെ പരാക്രമത്തില്‍ എന്റെ മക്കളുടെ മുഖമെല്ലാം കോട്ടയം പുഷ്പനാഥിന്റെ നോവലിലെ കഥാപാത്രങ്ങളുടെ പോലെ നഖത്തിന്റെയും,ദന്തക്ഷതതിന്റെയും പാടുകളായിരുന്നു.അതുകൊണ്ടു അവര്‍ക്കുംമതിയായിരുന്നു.

എന്‍ഡോസള്‍ഫാന്‍ കെടുതിക്ക് ചികില്‌സിക്കുന്നവനെ പിടിച്ചു ആണവനിലയത്തിന്റെചോര്‍ച്ച അടയ്ക്കാന്‍ കൊണ്ടുപോയതു പോലെയായിരുന്നു എന്റെ അവസ്ഥയും .’വെല്‍ക്കം ടു ഡബ്ലിന്‍ ‘ എന്ന് റിപ്ലേ അയക്കാന്‍ തോന്നിയ ആ നിമിഷത്തെ മനസ്സാ ശപിച്ചുപോയി അപ്പോള്‍ ഞാനും !!!!!!

sajuസാജു കോഴിമല (അയര്‍ലണ്ടിലെ സാഹിത്യരംഗത്ത് പുതിയ പ്രതീക്ഷയായ സാജു കോഴിമല അടുത്ത കാലത്ത് ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ച നര്‍മ്മഭാവനകള്‍ നൂറുകണക്കിന് പേരെ ആകര്‍ഷിച്ചിരുന്നു.താലാ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന സാജു നെടുങ്കണ്ടം ചേമ്പളം സ്വദേശിയാണ് )


Scroll To Top