Saturday December 10, 2016
Latest Updates

പ്രവചനം തെറ്റി,അയര്‍ലണ്ടില്‍ സമ്മിശ്ര കാലാവസ്ഥ

പ്രവചനം തെറ്റി,അയര്‍ലണ്ടില്‍ സമ്മിശ്ര കാലാവസ്ഥ

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ ചുമതലയുണ്ടായിരുന്ന ഒരു ബിഷപ്പും,പിന്നീട് ഒരു വിശുദ്ധനായി തീര്‍ന്ന സെന്റ് സ്വീതിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ഒരു ഐതിഹ്യം കാലാവസ്ഥാ നിരീക്ഷകര്‍ പോലും അംഗീകരിച്ചതാണ്.

862 ല്‍ ജീവിച്ചിരുന്ന അദ്ദേഹം,മഴ പെയ്യാതിരുന്ന ഒരു കാലത്ത് ദൈവത്തോട് പ്രാര്‍ഥിച്ചപ്പോള്‍ 40 ദിവസം തുടര്‍ച്ചയായി മഴ പെയ്തു എന്നാണ് ഐതിഹ്യം.ഇത് പരിഗണിച്ചാവാം അദ്ധേഹത്തിന്റെ തിരുനാള്‍ ദിനമായ ജൂലൈ 15 ന്റെ അടിസ്ഥാനത്തില്‍ പഴമക്കാര്‍ ഒരു പ്രവചനം നടത്താറുണ്ട്,ജൂലൈ 15 നു മഴ പെയ്താല്‍ പിന്നീട് 40 ദിവസങ്ങളില്‍ അയര്‍ലണ്ടില്‍ മഴ തുടര്‍ച്ചയായി പെയ്യുമത്രെ.ഇനി അന്ന് വെയിലാണെങ്കിലോ പിന്നെ ആഹ്ലാദിക്കാം.സമ്മര്‍ അടിച്ചു പൊളിയ്ക്കാം എന്നൊക്കെയാണ് പൊതുവിശ്വാസം.

ഈ വര്‍ഷം ജൂലൈ 15 ന് നല്ല അടിപൊളി വെയിലായിരുന്നു.ഐതിഹ്യവിശ്വാസപ്രകാരം വെയില്‍ക്കാലം തുടങ്ങേണ്ടതാണ്.പക്ഷേ ഇന്നലെ രാജ്യത്ത് മുഴുവന്‍ കനത്ത മഴയാണ് അനുഭവപ്പെട്ടത്.ഡബ്ലിന്‍ അടക്കം മിക്ക പ്രദേശങ്ങളിലും കര്‍ക്കിടകമാസത്തിന്റെ തീവ്രതയോടെയാണ് മഴ തകര്‍ത്തത്.ഇനിയുള്ള ദിവസങ്ങളിലും അയര്‍ലണ്ടില്‍ സമ്മിശ്ര കാലാവസ്ഥ അനുഭവപ്പെട്ടേക്കുമെന്നാണ് ഇപ്പോള്‍ മെറ്റ് എറാന്റെ നിഗമനം. 

ഇന്നലെ മിഡ് ലാന്‍ഡ്‌സ് മേഖലയില്‍ കനത്ത മഴ അനുഭവപ്പെട്ടു. മിഡ് ലാന്‍ഡ്‌സിന് പുറമേ രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലും നല്ല മഴ ലഭിച്ചു. ഇന്ന് കൂടി അയര്‍ലണ്ടില്‍ ചൂടും മഴയും ഉള്‍പ്പെടെ സമ്മിശ്ര കാലാവസ്ഥ അനുഭവപ്പെടാനാണ് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ പ്രവചിക്കുന്നു. 

ജൂലൈ അവസാന ആഴ്ചയോടെയെ രാജ്യം സാധാരണ കാലാവസ്ഥയിലേക്ക് മടങ്ങുകയുള്ളൂ എന്നാണ് നിഗമനം.. ആഴ്ച അവസാനത്തോടെ താപനില 17 നും 20 നും ഇടയ്ക്ക് താഴും. എന്നാലും ഇപ്പോള്‍ സെന്റ് സ്വീതിന്റെ ഐതിഹ്യം തെറ്റിയത് പോലെ മെറ്റ് ഏറാന്റെ പ്രവചനവും തെറ്റാമെന്നാണ് പഴമക്കാര്‍ പറയുന്നത്.

Scroll To Top