Saturday April 29, 2017
Latest Updates

ടോമിന ,ടോമിന്‍,ടോജിന്‍,ടാനിയ ,ടിയ …..ഞങ്ങള്‍ ഇവിടെ ഡബ്ലിനിലെ വീട്ടില്‍ സുഖമായിരിക്കുന്നു !

ടോമിന ,ടോമിന്‍,ടോജിന്‍,ടാനിയ ,ടിയ …..ഞങ്ങള്‍ ഇവിടെ ഡബ്ലിനിലെ വീട്ടില്‍ സുഖമായിരിക്കുന്നു !

ഡബ്ലിന്‍ :ആകാശത്തിലെ നക്ഷത്രങ്ങളെ പോലെയും ,ഭൂമിയിലെ മണല്‍ത്തരികളെ പോലെയും അനുഗ്രഹിക്കുമെന്ന് പൂര്‍വ്വ പിതാക്കന്‍മാരോട് വാഗ്ദാനം ചെയ്ത ദൈവം കൂടുതല്‍ സന്താനങ്ങളെയും സമൃദ്ധിയും നല്‍കുമ്പോള്‍ സാധാരണക്കാരെ പോലെ വേണ്ടെന്ന് പറയാന്‍ മനസില്ല ഡബ്ലിന്‍ രഹ്നിയില്‍ താമസിക്കുന്ന കാഞ്ഞിരപ്പള്ളി വഞ്ചിമല വാണിയപ്പുരക്കല്‍ ടോം തോമസിനും രശ്മിക്കും.

സമൃദ്ധി നല്‍കാന്‍ ദൈവം നേരിട്ട് ഡബ്ലിനിലേയ്ക്ക് വന്നതാണെന്ന് ടോമും  രശ്മിയും പറയുമ്പോള്‍ ആരും അത്ഭുതപ്പെടേണ്ട.അത് സത്യമാണ്.അയര്‍ലണ്ടില്‍ എത്തി എട്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ചു മക്കളെയാണ് ദൈവം ഇവര്‍ക്ക് നല്‍കിയത്.

20130910_160016
രഹ്നിയിലെ 18 ടുസാനി ഡൌന്‍സ് എന്ന വീടിന്റെ അകത്തളങ്ങളില്‍ എപ്പോഴും ചിരിയും ബഹളവുമാണ്. മൂത്തയാളായ ടോമീന മുതല്‍ രണ്ടു മാസക്കാരി ടിയ വരെയുള്ള കുരുന്നുകളുടെ സാമ്രാജ്യമാണിവിടം. ഇരട്ടകളായ ടോമിനും (തോമാച്ചന്‍) ടോജിനും (ചാക്കോച്ചന്‍) പിന്നെ ടാനിയായും കൂടിച്ചേര്‍ന്നാല്‍ പഞ്ചമം. സംഗീതവും ,നൃത്തവും മുതല്‍ ഗുസ്തിവരെയുള്ള സകല കളിക്കളങ്ങള്‍ക്കും വേദിയാണിവിടം.

ഇണക്കവും പിണക്കവും ഇവിടെ മാറി മാറി വരുന്നില്ലെന്ന് ടോമും രശ്മിയും  പറയുമ്പോള്‍ അവര്‍ക്കാശ്വാസം. തീരെ വഴക്കില്ലത്തവരാണ് അഞ്ചു പേരും.പക്ഷേ പരസ്പരം സഹായിക്കാന്‍ മൂത്തയാള്‍ക്കാര്‍ നാലും തമ്മില്‍ മത്സരമാണ്. കുഞ്ഞു വാവയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ പോലും അവര്‍ക്ക് സന്തോഷം.
നാലു പേരും സ്‌കൂളില്‍ പോകാന്‍ തുടങ്ങി. ആരെയെങ്കിലും ഒരാളെ വഴക്ക് പറഞ്ഞാല്‍ അത് പ്രശ്‌നമാണ്. പിന്നെ ഒരു കൂട്ടക്കരച്ചില്‍ കേള്‍ക്കാം. നാല് പേരും ഒന്നിച്ചു കരഞ്ഞ് അപ്പനെയും അമ്മയേയും തോല്‍പ്പിച്ചു കളയും !. കുഞ്ഞുവാവ കൂട്ടക്കരച്ചില്‍ ഗ്രൂപ്പില്‍ ചേരാന്‍ പഠിച്ചുകൊണ്ടിരിക്കുന്നതെയുള്ളു.
അയര്‍ലണ്ടില്‍ എത്തിയ പുതു തലമുറ മലയാളികളില്‍ അഞ്ച് മക്കള്‍ ഉള്ളവര്‍ അത്യപൂര്‍വ്വമാണ്. അതും ഇവിടെ തന്നെ ജനിച്ചവര്‍.
‘തീരെ യാദൃശ്ചികം എന്നൊന്നും പറയാന്‍ ആവില്ല. നേരത്തെ തന്നെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, ദൈവം എത്ര നല്‍കുന്നൊ അതെല്ലാം സ്വീകരിക്കാന്‍ മനസും ശരീരവും ഒരുക്കി. ‘എല്ലാവരും നിയന്ത്രണങ്ങളെ പറ്റി വിചാരിക്കുകയും അതനുസരിച്ചു ക്രമീകരിക്കുകയും ചെയ്യുമ്പോള്‍ ഇത്തരമൊരു തീരുമാനത്തിലെയ്ക്ക് എത്തിയതിനെ കുറിച്ചു ടോം വിശദീകരിച്ചു.
മുന്‍പ് താമസിച്ചിരുന്ന ചെറിയ വീട്ടില്‍ നിന്നും പുതിയ ഒരു ഒറ്റ വീടെടുത്ത് കൊണ്ടായിരുന്നു തുടക്കം. ‘മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ഞങ്ങളുടെ അഭിപ്രായം തന്നെയായിരുന്നു. ആവശ്യമില്ലാത്ത ഒരു നിയന്ത്രണവും വേണ്ടെന്ന നിലപാടില്‍ ഞങ്ങള്‍ എല്ലാവരും ഒരേ മനസ്സായിരുന്നു.’

വലിയപ്പനോടൊപ്പം കുഞ്ഞുമക്കള്‍

വലിയപ്പനോടൊപ്പം കുഞ്ഞുമക്കള്‍

ഹൈറേഞ്ചിലും മലബാറിലുമൊക്കെ കുടിയേറി ഇല്ലായ്മയുടെ പട്ടിണിയില്‍ വളര്‍ന്ന മുന്‍ തലമുറക്കാരില്‍ ഏഴു മുതല്‍ ഇരുപതു മക്കള്‍ വരെയുള്ള മാതാപിതാക്കള്‍ സാധാരണകാഴ്ച്ചയായിരുന്നു. നിയന്ത്രണം വന്നതോടെ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പരിധികളും കുറഞ്ഞെന്നാണ് ഇവരുടെ അഭിപ്രായം.
ദൈവം അനുഗ്രഹിച്ചു കൂടുതല്‍ മക്കളെ നല്‍കിയപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നിനും ഒരു കുറവും വന്നില്ല.പകരം ഓരോ ദിവസവും വാരിക്കോരി സമൃദ്ധി കിട്ടുന്നതായാണ് അനുഭവം.ടോം പറയുന്നു.
ജനസംഖ്യ കൂടിയെന്ന് വെച്ചു ഭക്ഷ്യോത്പാദനം ഒരിക്കലും ഒരിടത്തും കുറഞ്ഞിട്ടില്ല.ആധുനിക സാങ്കേതിക വിദ്യയും ഭൂമിയുടെ നവീകൃത വികസന രീതികളുമൊക്കെ ഭക്ഷ്യോത്പാദനം പതിന്മടക്കാക്കുകയാണ് ചെയ്തത്.ഇത് തോമസ് റോബര്‍ട്ട് മാല്‍ത്യസിന്റെ പ്രസിദ്ധമായ പോപ്പുലേഷന്‍ തിയറിക്ക് തന്നെ വിരുദ്ധമായി സംഭവിച്ച ചരിത്രപരമായ വ്യതിയാനം ആണെന്ന് ടോം പറയുമ്പോള്‍ നൂറു നാവ്.
മാല്‍ത്യസിനെ അംഗീകരിച്ചതിന്റെ ഫലമായി ഉത്ഭവിച്ച കുടുംബ സംവിധാന മാര്‍ഗങ്ങള്‍ ഭരണകൂടങ്ങള്‍ തള്ളിക്കളയേണ്ട കാലമായെന്നും കാര്യകാരണ സമേതം ടോം സമര്‍ഥിക്കുമ്പോള്‍ സമ്മതിക്കാതെ വയ്യ.
സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ ആരും മടിച്ചു നില്‌ക്കേണ്ട കാര്യമില്ലെന്നാണ് ഇവര്‍ പറയുന്നത്.’ഞങ്ങള്‍ രണ്ടു പേരും ജോലി ചെയ്യുന്നവരാണ് ,മക്കളെ വളര്‍ത്തിയെടുക്കുന്നത് ഒരു ബുദ്ധിമുട്ടാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല.ഹോം വര്‍ക്ക് പോലുള്ള ചില സമയങ്ങളില്‍ ഇത്തിരിയൊക്കെ ക്ലേശം ഇല്ലെന്നല്ല .
ദൈവം തന്നാല്‍ ഇനിയും കൈ നീട്ടി വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവ ദമ്പതികള്‍ .അത്ഭുതപ്പെടേണ്ട മാല്‍ത്യൂഷ്യന്‍ ജനസംഖ്യ സിദ്ധാന്തത്തിനു ഒരു പുതിയ പരിവേഷ്യം ഡബ്ലിന്‍ രഹനിയിലെ ഈ വാണിയപ്പുരയ്ക്കല്‍ വീട്ടില്‍ നിന്നും വന്നേയ്ക്കാം. ജനസംഖ്യ കൂടുന്നതനുസരിച്ച് ഭക്ഷ്യോത്പാദനത്തിനുള്ള സാധ്യതകളും വര്‍ദ്ധിക്കുകയാണ്…..

റെജി സി ജേക്കബ്‌

like-and-share

Scroll To Top