Friday December 02, 2016
Latest Updates

മന്ത്രി വാട്ടര്‍ ബില്‍ അടച്ചിട്ടില്ല,പിന്നെന്തിന് നമ്മള്‍ അടയ്ക്കണം?

മന്ത്രി വാട്ടര്‍ ബില്‍ അടച്ചിട്ടില്ല,പിന്നെന്തിന് നമ്മള്‍ അടയ്ക്കണം?

ഡബ്ലിന്‍: താന്‍ ഇതുവരെ വാട്ടര്‍ ബില്‍ അടച്ചിട്ടില്ലെന്ന് പുതിയ സര്‍ക്കാരിലെ ജൂനിയര്‍ മിനിസ്റ്ററായ ഫിനിയന്‍ മക്ഗ്രാത്ത്. അംഗപരിമിതരുടെ ക്ഷേമ വകുപ്പില്‍ സൂപ്പര്‍ ജൂനിയര്‍ മിനിസ്റ്ററാണ് സ്വതന്ത്ര സഖ്യ ടി.ഡിയായ മക്ഗ്രാത്ത്.

വാട്ടര്‍ ചാര്‍ജ്ജ് തനിക്ക് ശരിയായി തോന്നിയില്ലെന്നും ഐറിഷ് വാട്ടര്‍ രൂപീകരിക്കുക വഴി ധാരാളം പണം അനവശ്യമായി ചെലവഴിക്കുകയായിരിന്നുവെന്നുമാണ് മന്ത്രി പറയുന്നത്. താന്‍ വാട്ടര്‍ ചാര്‍ജ്ജിനെതിരെ ക്യാംപെയ്ന്‍ നടത്തിയ ആളായിരുന്നതിനാലും ബില്‍ അടയ്‌ക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നത്രേ. അതേസമയം പുതിയ സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നതുവരെ ബില്‍ അടയ്ക്കണമെന്ന് നിര്‍ബന്ധിച്ചാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് അതിന്റെ നിയമ വശങ്ങളെപ്പറ്റി ആലോചിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

രജിസ്റ്റര്‍ ചെയ്ത 930,000 ഉപഭോക്താക്കള്‍ ബില്‍ ഇതുവരെ കൃത്യമായി അടച്ചിട്ടുണ്ടെന്നാണ് രേഖകള്‍ പറയുന്നത്. ചാര്‍ജ്ജ് നിര്‍ത്തലാക്കുന്നതോടെ ഈ പണം ഇവര്‍ക്ക് തിരികെ നല്‍കേണ്ടിവരും. ഇതിനിടെ ഐറിഷ് വാട്ടറിന്റെ തലപ്പത്തു നിന്നും കഴിഞ്ഞ മാസം വിരമിച്ച ജോണ്‍ ടൈറണി 300,000 യൂറോ റിയട്ടയര്‍മെന്റിനു ശേഷവും പെന്‍ഷനായും മറ്റും വാങ്ങും എന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുകയാണ്. മൂന്നു വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഇദ്ദേഹം വിരമിച്ചത്. സേവന കാലയളവില്‍ വര്‍ഷം 200,000 യൂറോ ഇദ്ദേഹത്തിന് ശമ്പളമായി ലഭിച്ചിരുന്നു.

പുതിയ സര്‍ക്കാര്‍ വാട്ടര്‍ ചാര്‍ജ്ജ് അടുത്ത 9 മാസത്തേയ്ക്ക് നിര്‍ത്തലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണ്. പക്ഷേ നിയമത്തില്‍ മാറ്റം വരുന്നതുവരെ ജനങ്ങള്‍ വാട്ടര്‍ ബില്‍ അടയ്‌ക്കേണ്ടിവരും.

Scroll To Top