Friday December 15, 2017
Latest Updates

വാട്ടര്‍ ചാര്‍ജ് തിരിച്ചു വരുന്നു ,പ്രതിഷേധവുമായി ആയിരങ്ങള്‍ ഡബ്ലിന്‍ നഗരത്തില്‍ മാര്‍ച്ച് നടത്തി

വാട്ടര്‍ ചാര്‍ജ് തിരിച്ചു വരുന്നു ,പ്രതിഷേധവുമായി ആയിരങ്ങള്‍ ഡബ്ലിന്‍ നഗരത്തില്‍ മാര്‍ച്ച് നടത്തി

ഡബ്ലിന്‍:വാട്ടര്‍ ചാര്‍ജ് തിരികെ കൊണ്ടു വരണമെന്ന ഫിനഗേല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം മന്ത്രിമാരുടെ നിലപാടിനെതിരെ ആയിരക്കണക്കിന് പേര്‍ അണിനിരന്ന പ്രകടനം ഡബ്ലിന്‍ നഗരത്തെ സ്തംഭിപ്പിച്ചു.പതിനയ്യായിരത്തോളം പേരാണ് ഇന്നലെ പ്രകടനത്തില്‍ അണിനിരന്നത്.ഹൂസ്റ്റണ്‍,കൊണോലി സ്റ്റേഷനുകളില്‍ നിന്നാരംഭിച്ച മാര്‍ച്ച് കോളജ് ഗ്രീനിലെത്തി സമാപിച്ചു.

വാട്ടര്‍ ചാര്‍ജ് പുനസ്ഥാപിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി കൊണ്ടുള്ള മുദ്രാവാക്യങ്ങളുമായി മുന്നേറിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് ഷിന്‍ ഫിന്‍,പീപ്പിള്‍ ബീഫോര്‍ പ്രോഫിറ്റ് അടക്കമുള്ള രാഷ്ട്രീയ നേതാക്കളും,നിരവധി സംഘടനാ നേതാക്കളും പ്രസംഗിച്ചു.

ഐറിഷ് വാട്ടറിന്റെ ഭാവി സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയോഗിച്ച പാര്‍ലമെന്റ് കമ്മറ്റി തയ്യാറാക്കിക്കഴിഞ്ഞു.എന്നാല്‍ ഇതിലെ പല നിര്‍ദ്ദേശങ്ങളും ഫിനഗേലിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് അറിയാന്‍ കഴിയുന്നത്.വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കാനും, ഇതുവരെ ഈടാക്കിയ പണം റീഫണ്ട് ചെയ്യാനുമാണ് റിപ്പോര്‍ട്ട് പൊതുവെ നിര്‍ദ്ദേശിക്കുന്നതെങ്കിലും വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി സൈമണ്‍ കോവനെ അടക്കം പല നേതാക്കളും വാട്ടര്‍ ചാര്‍ജ് നില നിര്‍ത്തണം എന്ന് ആവശ്യപ്പെടുന്നവരാണ്.

മനപ്പൂര്‍വ്വം ജലം പാഴാക്കുന്നവര്‍ക്കെതിരെ മാത്രമേ പിഴ ഈടാക്കാവൂ എന്നാണ് ഒരു പക്ഷത്തിന്റെ ആവശ്യം. തര്‍ക്കത്തെ തുടര്‍ന്ന് റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ടിഡിമാര്‍ക്കിടയില്‍ നടത്താനിരുന്ന വോട്ടെടുപ്പ് ഇതേ വരെ നടന്നിട്ടില്ല.ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ പ്രതിഷേധവുമായി ഡബ്ലിനില്‍ എത്തിയത്.
കമ്മറ്റിയുടെ റിപ്പോര്‍ട്ട് സ്വീകരിക്കാനും വാട്ടര്‍ ചാര്‍ജ്ജ് ഒഴിവാക്കിക്കൊണ്ട് പുതിയ നിയമം കൊണ്ടുവരാനും സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ചാര്‍ജ്ജ് ഒഴിവാക്കുന്നത് ഇയു നിയമത്തിന് എതിരാണെന്നും, ഇയുവില്‍ നിന്നും വലിയ പിഴ ലഭിക്കാന്‍ കാരണമാകുമെന്നതുകൊണ്ടും ഈ നിയമം സര്‍ക്കാര്‍ പാസാക്കാന്‍ സാധ്യതയില്ല എന്നതാണ് നിലവിലുള്ള അവസ്ഥ.ചുരുക്കത്തില്‍ വാട്ടര്‍ ചാര്‍ജ് തിരികെ വരുമെന്ന് തന്നെ.

ഐറിഷ് മലയാളിന്യൂസ്

Scroll To Top