Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളി കുടുംബങ്ങളുടെ വാട്ടര്‍ ചാര്‍ജ് പ്രതിവര്‍ഷം ആയിരം യൂറോയില്‍ അധികമായേക്കും,ജലവിനിയോഗം നിയന്ത്രിച്ചില്ലെങ്കില്‍ കുടുംബ ബജറ്റുകളുടെ താളം തെറ്റും 

അയര്‍ലണ്ടിലെ മലയാളി കുടുംബങ്ങളുടെ വാട്ടര്‍ ചാര്‍ജ് പ്രതിവര്‍ഷം ആയിരം യൂറോയില്‍ അധികമായേക്കും,ജലവിനിയോഗം നിയന്ത്രിച്ചില്ലെങ്കില്‍ കുടുംബ ബജറ്റുകളുടെ താളം തെറ്റും 

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളി കുടുംബങ്ങളുടെ വാട്ടര്‍ചാര്‍ജ് മാസം നൂറു യൂറോയില്‍ അധികമായേക്കും,സര്‍ക്കാര്‍ കണക്കുകളില്‍ പറയുന്നതിന്റെ മൂന്ന് ഇരട്ടിയെങ്കിലും തുക മലയാളികള്‍ അടക്കമുള്ള ഉയര്‍ന്നതോതിലുള്ള ജല വിനിയോഗ ശീലമുള്ളവര്‍ അടയ്‌ക്കേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകകയാണ്

പുതിയ വാട്ടര്‍ ചാര്‍ജുകള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ ഓരോ തുള്ളി വെള്ളവും അമൂല്യമാണ്. ഓരോ തുള്ളി വെള്ളം ഉപയോഗിക്കുമ്പോഴും അത് നിങ്ങളുടെ പോക്കറ്റ് കാലിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞാല്‍ സൂക്ഷിച്ച് വെള്ളം ഉപയോഗിക്കാന്‍ സാധിക്കും. 

ഒരു കുടുംബത്തിന് 30,000 ലിറ്റര്‍ സൗജന്യ അലവന്‍സ് കഴിഞ്ഞാല്‍ ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും 4.88 യൂറോ വീതം( കുടിവെള്ളത്തിനും വെസ്റ്റ് വാട്ടറിനും കണക്ഷന്‍ എടുത്തിട്ടുള്ളവരുടെ നിരക്കാണിത്.,ഏതെങ്കിലും ഒരു കണക്ഷന്‍ മാത്രമാണെങ്കില്‍ 1000 ലിറ്ററിന് 2.44 യൂറോ ) ചാര്‍ജ് നല്‍കണം.18 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ ഉള്ള വീടുകളാണെങ്കില്‍ കുട്ടിയൊന്നിനു 21000 ലിറ്റര്‍ വെള്ളം വാര്‍ഷിക ഫ്രീ അലവന്‍സുണ്ട്. അതായത് മാതാപിതാക്കളും രണ്ടു മക്കളും ചേര്‍ന്ന ഒരു വീട്ടിലേയ്ക്ക് ഒരു വര്‍ഷം ലഭിക്കുന്ന സൗജന്യ ജലം 72000 ലിറ്ററായിരിക്കും.അതായത്.ദിവസം ആകെ 197 ലിറ്റര്‍ വെള്ളം മാത്രം !

മലയാളികള്‍ അടക്കമുള്ള മിക്ക കുടുംബങ്ങള്‍ക്കും ഇതെത്ര പ്രായോഗികമായിരിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു .ശരാശരി കുടുംബത്തിന്റെ വാര്‍ഷിക വാട്ടര്‍ ബില്‍ 238 യൂറോ ആയിരിക്കുമെന്നാണ് സര്‍ക്കാരിന്റെകണക്ക് ..അതായത് സൗജന്യ അലവന്‍സുകള്‍ കഴിഞ്ഞ് 48000 ലിറ്റര്‍ വെള്ളം കൂടി ഇത്രയും വരുന്ന ബില്ലില്‍ നമുക്ക് ഉപയോഗിക്കാനാവും.സര്‍ക്കാര്‍ പറയുന്ന മിനിമം ബില്ലില്‍ കാശ് കൊടുത്ത് ഉപയോഗിക്കാവുന്ന 48000 ലിറ്റര്‍ കൂടി കൂട്ടിയാല്‍ ആകെ (72000+48000)120,000 ലിറ്റര്‍ വെള്ളം.ഒരു വീട്ടില്‍ ഒരു ദിവസം ഇങ്ങനെ ലഭിക്കുന്ന വെള്ളം 328 ലിറ്ററാവും.നാല് പേരുള്ള ഒരു കുടുംബത്തിന് 328 ലിറ്റര്‍ വെള്ളം കൊണ്ട് ഒരു ദിവസം കഴിയാന്‍ സാധിക്കുമോ ?

ആഗോള തലത്തില്‍ വെള്ളത്തിന്റെ ആളോഹരി ഉപയോഗം കണക്കാക്കിയിരിക്കുന്നത് 142 ലിറ്റര്‍ എന്ന കണക്കിലാണ് 

കേരളത്തിലെ ആളോഹരി ജല ഉപഭോഗം 200 ലിറ്ററാണ് എന്നാണ് കേരളാ വാട്ടര്‍ അതോറിറ്റിയുടെ ഔദ്യോഗിക കണക്ക്.നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും മലയാളി ഏകദേശം ഇത്രയും വെള്ളം കേരളത്തില്‍ ഉപയോഗിക്കുന്നു.വിദേശത്താലും മലയാളിയുടെ ഈ ഉപഭാഗ ശീലത്തിന് വലിയ മാറ്റം ഒന്നും ഇല്ല എന്നാതാണ് സത്യം.`

ഈ കണക്കനുസരിച്ച് നാലംഗങ്ങള്‍ ഉള്ള ഒരു മലയാളി കുടുംബത്തിന് അയര്‍ലണ്ടിലും ആവശ്യമായത് ശരാശരി 800 ലിറ്റര്‍ വെള്ളമാണ്. 197 ലിറ്റര്‍ സൗജന്യവും,278 യൂറോയ്ക്ക് ലഭിക്കും എന്ന് സര്‍ക്കാര്‍ പറയുന്ന വെള്ളവും ചേര്‍ത്താല്‍ ലഭിക്കുന്ന 328 ലിറ്റര്‍ വെള്ളം കഴിഞ്ഞും വേണം 472 ലിറ്റര്‍ വെള്ളം ദിവസം!

ഇതോടെ ആകെ ഒരു ദിവസം ബില്ലടയ്‌ക്കേണ്ടത് 800 ലിറ്ററില്‍ നിന്നും സൌജന്യമായുള്ള 197 കുറച്ചാല്‍ ലഭിക്കുന്ന 603 ലിറ്റര്‍ വെള്ളത്തിനാണ്.ഇത് 365 ദിവസങ്ങളുടെ വാര്‍ഷിക കണക്കിലേയ്ക്ക് മാറ്റുമ്പോള്‍ 220095 എന്ന സംഖ്യയില്‍ എത്തും.

അതായത് കേരളത്തിലെ അതെ ഉപയോഗ ശീലം അയര്‍ലണ്ടില്‍ പ്രയോഗിച്ചാല്‍ കുടിവെള്ളത്തിനും വെസ്റ്റ് വാട്ടറിനും കണക്ഷന്‍ എടുത്തിട്ടുള്ള നാലംഗ കുടുംബം വാര്‍ഷികാടിസ്ഥാനത്തില്‍ 1074 യൂറോയും,ഏതെങ്കിലും ഒരു കണക്ഷന്‍ മാത്രം എടുത്തിട്ടുള്ളവര്‍ 537 യൂറോയും അടയ്‌ക്കേണം.മിക്ക വീടുകളിലും രണ്ടു കണക്ഷനുള്ളവയായതിനാല്‍ 89 യൂറോ പ്രതിമാസം അടയ്ക്കണം.ഒരു കണക്ഷനെ ഉള്ളുവെങ്കില്‍ ഇത് 44.75 യൂറോ മതിയാവും.

കണക്ക് ഇങ്ങനെയൊക്കെയാണെങ്കിലും യഥാര്‍ഥ ഉപയോഗത്തിന് അനുസരിച്ചു ബില്‍ തുക ഇതിലും കൂടുമെന്നാണു വിദഗ്ദര്‍ പറയുന്നത്.

ഈ സാഹചര്യത്തില്‍ പലവിധ ഉപയോഗങ്ങള്‍ക്കായി എത്ര ലിറ്റര്‍ വെള്ളം ചെലവാകും? അതിന് എത്ര പണം നഷ്ടപ്പെടും? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ വെള്ളം പാഴാകുന്നത് ഒഴിവാക്കാനാകും. ഷവര്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴാണ് ഏറ്റവുമധികം വെള്ളം പാഴാകുന്നത്. ഇത്തരത്തില്‍ പ്രതിദിനം ഒരു വീട്ടില്‍ ഉപയോഗിക്കപ്പെടുന്ന വെള്ളത്തിന്റെ അളവും നിരക്കും ഒരു പ്രമുഖ ഐറിഷ് കമ്പനിയുടെ പഠനപ്രകാരം കണ്ടെത്തിയത് ചുവടെ ചേര്‍ക്കുന്നു.

കുടിവെള്ളവും,അല്ലാത്തതുമായ രണ്ട് സര്‍വീസുകളും ഉപയോഗിക്കുന്നവര്‍ക്കും ഒരു സര്‍വീസ് മാത്രം ഉപയോഗിക്കുന്നവര്‍ക്കും രണ്ട് വ്യത്യസ്ത നിരക്കിലാണ് ചാര്‍ജ് വരിക. 

ഒരാള്‍ അഞ്ച് മിനിറ്റ് ഷവര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ പ്രതിദിനം 35 ലിറ്റര്‍ വെള്ളം പാഴാകും. ഇത് രണ്ട് വ്യത്യസ്ത കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് 0.17 യൂറോ നിരക്കാകും. ഇത് വാര്‍ഷിക ബില്ലില്‍ കണക്കു കൂട്ടുമ്പോള്‍ 62.34 യൂറോയുമാകും. ഒരാളുടെ മാത്രം ഷവറിന്റെ ചിലവാണിത്.നാല് പേര്‍ ഒരു തവണ മാത്രം ഷവറെടുത്താല്‍ 249 യൂറോയുടെ വെള്ളമാണ് ഉപയോഗിക്കപ്പെടുന്നത്.ഒരൊറ്റ കണക്ഷനെ വീട്ടിലുള്ളുവെങ്കില്‍ ഇത് 125 യൂറോയായി ചുരുങ്ങും. 

മലയാളികളില്‍ ഷവറെടുക്കുന്നവര്‍ കുറവാണ് .വിസ്തരിച്ച് ഒന്ന് കുളിച്ചില്ലെങ്കില്‍ തൃപ്തിയാവാത്തവരാണധികവും. 

കുളിക്കുമ്പോള്‍ ഓരോ തവണയും നിങ്ങള്‍ ഉപയോഗിക്കുന്നത് 80 ലിറ്റര്‍ വെള്ളമാണ്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന ഓരോ 80 ലിറ്ററിനും 0.39 യൂറോ നിരക്കാകും.ആഴ്ച്ചയില്‍ ഒന്നേ കുളിക്കുന്നുള്ളൂവെങ്കില്‍ പോലും (കണക്കെടുത്ത ഐറിഷ് കമ്പനിയ്ക്കറിയില്ലല്ലോ, മലയാളികള്‍ ആഴ്ച്ചയില്‍ ഒരു പ്രാവശ്യം വിസ്തരിച്ചു കുളിയ്ക്കുന്ന ഐറിഷ്‌കാരെ പോലെയല്ല എല്ലാ ദിവസവും കുളിയ്ക്കുന്നവര്‍ ആണെന്ന്!) വാര്‍ഷിക ബില്ലില്‍ ഇത് 20.30 യൂറോ ആയി കൂടും.ഏഴു ദിവസവും മലയാളി ഒരു തവണ വീതം കുളിച്ചാല്‍ ഒരാള്‍ക്ക് കുളി ഇനത്തില്‍ മാത്രം വാര്‍ഷിക ബില്‍ 140 യൂറോയിലധികമാവും.നാല് പേരുള്ള വീട്ടില്‍ എത്ര ചിലവ് കുളി ഇനത്തില്‍ മാത്രം വരുമെന്നറിയുമ്പോള്‍ ഞെട്ടാതെ തരമില്ല !

ഒരു തവണ അഞ്ചു മിനിറ്റില്‍ താഴെ മാത്രം പവര്‍ ഷവര്‍ ഉപയോഗിക്കുമ്പോള്‍ 125 ലിറ്റര്‍ വെള്ളം നഷ്ടപ്പെടുന്നു. ഓരോ തവണയും ഇപ്രകാരം ഉപയോഗിക്കുന്നതിന് 0.61 യൂറോ വീതം നിരക്കാകും. വാര്‍ഷിക ബില്ലില്‍ ഇത് 222.65 യൂറോ വീതം കൂടും. 

ഒരു സ്റ്റാന്‍ഡേര്‍ഡ് ടോയ്‌ലറ്റില്‍ ഒരു തവണ ഫ്‌ലഷ് ചെയ്യുമ്പോള്‍ 9 ലിറ്റര്‍ വെള്ളം നഷ്ടപ്പെടും. ഇത് നിങ്ങളുടെ വാട്ടര്‍ ബില്ലില്‍ 0.04 വീതം വര്‍ധിപ്പിക്കും. പ്രതിദിനം പത്ത് തവണ വീതം ഈ അളവില്‍ വെള്ളം നഷ്ടപ്പെട്ടാല്‍ വാര്‍ഷിക 160.31 യൂറോ വീതം വാര്‍ഷിക ബില്ലില്‍ കൂടും. 

മോഡേണ്‍ ടോയ്‌ലറ്റ് ഒരു തവണ ഉപയോഗിക്കുന്നവര്‍ക്ക് 6 ലിറ്റര്‍ വെള്ളം ഒരു തവണ നഷ്ടമാകും. ഇത് ഒരു തവണ ഉപയോഗിക്കുമ്പോള്‍ 0.03 യൂറോ വീതം പ്രതിദിനം പത്ത് തവണ വീതം ഉപയോഗിച്ചാല്‍ വാര്‍ഷിക ബില്ലില്‍ 106.87 യൂറോ വീതവും കൂടും. 

മോഡേണ്‍ വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു തവണ ഉപയോഗിക്കുന്നതിലൂടെ 45 ലിറ്റര്‍ വെള്ളമാണ് പാഴാകുന്നത്. ആഴ്ചയില്‍ മൂന്ന് തവണ വസ്ത്രം കഴുതിയാല്‍ പ്രതിവര്‍ഷം 134.26 യൂറോ വീതം നല്‍കേണ്ടി വരും. 

പഴയ വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നവര്‍ക്ക് ജലനഷ്ടം കൂടുതലാണ്. പഴയ വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു തവണ 65 ലിറ്റര്‍ വെള്ളം പാഴാകും. ഇത് ഓരോ തവണയും 0.32 യൂറോ ബില്ലില്‍ കൂട്ടിച്ചേര്‍ക്കും. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്ന് തവണ തുണി കഴുകുന്നവര്‍ക്ക് 49.48 യൂറോ വീതം വാര്‍ഷിക ബില്ലില്‍ കൂടും. 

ഒരു തവണ ഡിഷ്‌വാഷര്‍ ഉപയോഗിക്കുന്നതിലൂടെ 20 ലിറ്റര്‍ വെള്ളം നഷ്ടമാകുകയും ഇത് ഒരു തവണ 0.10 വീതം ബില്ലില്‍ ഈടാക്കുന്നതിന് കാരണമാകും. ആഴ്ചയില്‍ മൂന്ന് തവണ ഡിഷ്‌വാഷര്‍ ഉപയോഗിക്കുന്നവര്‍ക്ക് വാര്‍ഷിക ബില്ലില്‍ 15.22 യൂറോ വീതം കൂടും. 

പല്ല് തേക്കുമ്പോള്‍ വെറുതെ ടാപ്പ് തുറന്നിടുന്നവര്‍ സൂക്ഷിക്കുക. ഇത് ഒരു മിനിറ്റില്‍ ആറ് ലിറ്റര്‍ വെള്ളം പാഴാകുന്നതിനു വരെ ഇത് കാരണമാകും. ടാപ്പ് തുറന്നിട്ട് കൊണ്ട് വെറും രണ്ട് മിനിറ്റ് ബ്രഷ് ചെയ്യുന്നവര്‍ക്ക് 0.03/0.06 യൂറോ വീതമാകും. ഇത്തരത്തില്‍ പ്രതിദിനം രണ്ട് തവണ ബ്രഷ് ചെയ്യുന്നവര്‍ക്ക് വാര്‍ഷിക ബില്ലില്‍ 21.37 യൂറോ വീതം അധികമാകും. 

കാറ് കഴുകുന്നതിനാണ് ഏറ്റവുമധികം വെള്ളം ചെലവാകുന്ന മറ്റൊരു ഘടകം. പതിനഞ്ച് മിനിറ്റ് കാര്‍ കഴുകിയാല്‍ 510 ലിറ്റര്‍ വെള്ളം പാഴാകും. ഇത് 2.48 യൂറോ വീതം വാട്ടര്‍ ബില്ലില്‍ നിരക്ക് വര്‍ധിക്കാനിടയാകും.

ഓരോ കമ്പനികളും വ്യത്യസ്ഥമായ ഉപഭോഗ ചിലവാണ് നല്‍കുന്നതെങ്കിലും ,സര്‍ക്കാര്‍ പറയുന്ന 238 യൂറോയ്ക്കും,കേരളത്തിലെ ഉപഭോഗ കണക്കു പ്രകാരമുള്ള 1074 യൂറോയ്ക്കും അയര്‍ലണ്ടിലെ ജലബില്‍ അടയ്ക്കാനാവില്ല എന്നതാണ് വിദഗ്ദര്‍ നല്കുന്ന മേല്‍ പറഞ്ഞിരിക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.ശരാശരി കുടുംബം ഇപ്പോള്‍ വൈദ്യുതിബില്ലിലും.ഗ്യാസ് ബില്ലിലും അടയ്ക്കുന്നതിനേക്കാള്‍ കൂടുതലാവും ജലവിലയായി അടയ്‌ക്കേണ്ടത് എന്നതാണ് സത്യം.

പ്രതിഷേധാഗ്‌നിയില്‍ വെള്ളത്തിന്റെ വില കുറച്ചാലും ഇല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്.അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ ജല വില കൊടുക്കുന്ന ഒരു സമൂഹമായിരിക്കും മലയാളികളുടെത്.കേരളീയന്റെ ശരാശരി ഉപയോഗം നിയന്ത്രിക്കാന്‍ നാം പഠിച്ചില്ലെങ്കില്‍,പാഴാക്കാതെ വെള്ളം സൂക്ഷിച്ചില്ലെങ്കില്‍ മുണ്ട് മുറുക്കിയുടുത്ത് നൈറ്റും ഡേയും മാറി മാറി ജോലി ചെയ്തിട്ടും കാര്യമില്ല,പാഴാക്കുന്ന ഓരോ തുള്ളി വെള്ളത്തിനും ഐറിഷ് സര്‍ക്കാര്‍ കാശെണ്ണി വാങ്ങിക്കും.
vellam
‘ജലം അമൂല്യമാണ്,അത് പാഴാക്കരുത് എന്ന് പണ്ട് ആകാശവാണിയിലെയും ചാനലുകളിലെയും പരസ്യങ്ങളില്‍ കാണുകയും കേള്‍ക്കുകയും ചെയ്തത് ഇപ്പോഴെങ്കിലും നമുക്ക് ഹൃദയത്തിലേയ്ക്ക് ചേര്‍ത്തു വെയ്ക്കാം.ചോരുന്ന കീശയെ ഓര്‍ത്തല്ല,ഇനി വരുന്ന തലമുറകളെ കൂടി ഓര്‍ത്ത്,ഈ ഭൂമിയെ മാത്രമല്ല ആകാശത്തെയും കൂടി ഓര്‍ത്ത്…

റെജി സി ജേക്കബ് 

Scroll To Top