Saturday December 10, 2016
Latest Updates

വാട്ടര്‍ ചാര്‍ജ് നിര്‍ത്തലാക്കാനും എന്‍ഡ കെന്നി സമ്മതിച്ചു,ഏതു വിധേനെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അന്തിമ തീരുമാനം,ലേബര്‍ പിന്‍മാറി

വാട്ടര്‍ ചാര്‍ജ് നിര്‍ത്തലാക്കാനും എന്‍ഡ കെന്നി സമ്മതിച്ചു,ഏതു വിധേനെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അന്തിമ തീരുമാനം,ലേബര്‍ പിന്‍മാറി

ഡബ്ലിന്‍:വാട്ടര്‍ ചാര്‍ജ് ഈടാക്കുന്നത് തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവെയ്ക്കാനുള്ള ധാരണകളുമായി ഫിനഗേല്‍ സര്‍ക്കാര്‍ അടുത്ത ആഴ്ച്ചയോടെ അധികാരത്തില്‍ എത്തിയേക്കുമെന്ന് രാഷ്ട്രീയ വിദഗ്ദര്‍.

ഏതു വിധേനെയും ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന ഫിനഗേല്‍ നേതാവ് എന്‍ഡ കെന്നിക്കു മുന്നില്‍ കീറാമുട്ടിയായിരുന്ന ഐറിഷ് വാട്ടര്‍ ചാര്‍ജ്ജ് പ്രശ്‌നം ഒത്തു തീര്‍പ്പിലൂടെ പരിഹരിക്കുമെന്നും,പുതിയ ഒരു സംവിധാനം ഉണ്ടാകുന്നത് വരെ വാട്ടര്‍ ചാര്‍ജ് നിര്‍ത്തലാക്കാം എന്നുമാണ് ഫിനഗേല്‍ സമ്മതിച്ചത് എന്നാണ് ഐറിഷ് ടൈംസ് സ്‌കൂപ്പ് വാര്‍ത്തയായി പുറത്തുവിട്ടിരിക്കുന്നത്.എന്നാല്‍ ജല സംരക്ഷണത്തിന്റെ ഭാഗമായി പുതിയതായി ഒരു നയം രൂപവത്കരിക്കാനും കുറഞ്ഞ തോതില്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് അലവന്‍സുകള്‍ ഏര്‍പ്പെടുത്തി കൊണ്ട് ചാര്‍ജ് ആവശ്യമെങ്കില്‍ പിന്നീട് ഏര്‍പ്പെടുത്താനും പുതിയ ധാരണയില്‍ ഉണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.5 വര്‍ഷത്തേക്ക് വെള്ളത്തിന്റെ ചാര്‍ജ് പിന്‍വലിക്കണം എന്ന പ്രകടന പത്രികയിലെ ഫിയനാ ഫാള്‍ നിലപാട് തുടരുകയാണെങ്കില്‍ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരണം അസാധ്യമാവും എന്നതിനാല്‍ ഇന്ന് ട്രിനിറ്റി കോളജില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയോടെ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഇരു പാര്‍ട്ടികളും കൈക്കൊള്ളും എന്നാണ് സൂചനകള്‍.

ഫിയനാഫാളുമായുള്ള ചര്‍ച്ചകളില്‍ ഒത്തു തീര്‍പ്പിലെത്താന്‍ ഇപ്പോഴും കഴിയാത്ത പ്രധാന പ്രശ്‌നം വാട്ടര്‍ ചാര്‍ജ്ജാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.എങ്കിലും വാട്ടര്‍ ചാര്‍ജ് മരവിപ്പിക്കാനുള്ള തീരുമാനം തന്നെ അന്തിമമായി ഉണ്ടാകും.

കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി തങ്ങള്‍ വാട്ടര്‍ ചാര്‍ജ്ജിനെതിരെ ക്യാംപെയ്‌നുകള്‍ നടത്തി വരികയാണെന്നാണ് ഫിയനാഫാള്‍ പറയുന്നത്. അതിനാല്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടിയുടെ ഒരു ടി.ഡി വ്യക്തമാക്കി. ഇന്ന് പകല്‍ 12 മണിക്ക് നടക്കുന്ന ഫിയനാഫാള്‍ പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തില്‍ വാട്ടര്‍ ചാര്‍ജ്ജ് ആയിരിക്കും പ്രധാന ചര്‍ച്ചാവിഷയം.

ഫിയനാഫാള്‍ തങ്ങളെ പിന്തുണയ്ക്കും എന്നു കരുതുന്ന ഫിനഗേല്‍ ഇപ്പോള്‍ സ്വതന്ത്രരില്‍ നിന്നും അകന്ന മട്ടാണ്. ഫിയനാഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിനുമായി ചര്‍ച്ച തുടങ്ങിയശേഷം തനിക്ക് ഫിനഗേലില്‍ നിന്നും ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സ്വതന്ത്ര ടി.ഡി മാറ്റീ മക്ഗ്രാത്ത് പറഞ്ഞു.

അതേ സമയം ന്യൂനപക്ഷസര്‍ക്കാരില്‍ ചെരാനില്ലെന്ന് ഉറപ്പിച്ച ലേബര്‍ പാര്‍ട്ടി എല്ലാ ചര്‍ച്ചകളില്‍ നിന്നും മാറി പ്രതിപക്ഷത്ത് ഇരിക്കാനും തീരുമാനിച്ചു.ഫിനഗേല്‍ ഫിയനഫാള്‍ ചര്‍ച്ചകളും,ധാരണകളും ഫലവത്താവില്ലെന്ന പ്രതീക്ഷയില്‍ പുതിയ തിരഞ്ഞെടുപ്പ് ഉണ്ടാവും എന്നാണ് ലേബര്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

Scroll To Top