Monday December 05, 2016
Latest Updates

വാട്ടര്‍ ചാര്‍ജ് :ജനത്തെ കോടതികയറ്റില്ലെന്ന് അലന്‍ കെല്ലി ,ബദല്‍ നടപടികള്‍ നടപ്പാക്കും 

വാട്ടര്‍ ചാര്‍ജ് :ജനത്തെ കോടതികയറ്റില്ലെന്ന് അലന്‍ കെല്ലി ,ബദല്‍ നടപടികള്‍ നടപ്പാക്കും 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വാട്ടര്‍ ചാര്‍ജ് അടയ്ക്കാത്ത ഓരോരുത്തരെയും കോടതിയിലേക്ക് വലിച്ചിഴക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.ഓരോ ആളുകളെയും കോടതി കയറ്റുന്നതിലും കാര്യക്ഷമമായ രീതിയില്‍ കിട്ടാപ്പണം തിരികെ പിടിക്കാനുള്ള മാര്‍ഗത്തെക്കുറിച്ചാണ് പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി ആലോചിക്കുന്നത്.അറ്റോര്‍ണി ജനറലുമായി ഇക്കാര്യങ്ങള്‍ സംസാരിച്ച് അലന്‍ കെല്ലി നിയമോപദേശം നേടിയിട്ടുണ്ട്.

നിലവില്‍ വാട്ടര്‍ ചാര്‍ജ്  അടയ്ക്കാത്ത ആളുകളുടെ മാസ ശമ്പളത്തില്‍നിന്നും ഈ തുക പിടിക്കാന്‍ നിയമപരമായ സാധിക്കുമോ എന്നതിന്റെ സാധ്യതകള്‍ അലന്‍ കെല്ലിയും അറ്റോര്‍ണി ജനറലും തമ്മില്‍ ചര്‍ച്ച ചെയ്തു.ഇത് സംബന്ധിച്ച് പ്രാഥമിക അറിയിപ്പ് നല്‍കിയപ്പോള്‍ തന്നെ ജനങ്ങള്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.ഈ സാഹചര്യത്തില്‍ ആയിരക്കണക്കിന് ജനങ്ങളെ ദോഷകരമായ രീതിയില്‍ ബാധിക്കാതെ ഈ പദ്ധതി എങ്ങനെ ആവിഷ്‌ക്കരിക്കുമെന്നാണ് ഇപ്പോള്‍ അലന്‍ കെല്ലി ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ കൃത്യമായ ഉപദേശം ലഭിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തുന്നത്.

700,000 ആളുകളെ കോടതി കയറ്റുക എന്നത് അസാധ്യമായ കാര്യമാണെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി ടിഡി ഡോ ഹിഗ്ഗിന്‍സ് പറഞ്ഞു. സര്‍ക്കാര്‍ ഇനി ജനങ്ങളില്‍ നിന്ന് നേരിടാന്‍ പോകുന്നത് കൂട്ട ബഹിഷ്‌ക്കരണമായിരിക്കും. ഇപ്പോഴത്തെ സമ്മര്‍ദ്ദകാലം അവസാനിക്കുമ്പോള്‍ 1000 യൂറോ വരെ ജലക്കരം കൊടുക്കേണ്ടി വരുമെന്ന് ബോധ്യമുള്ളവരാണ് അയര്‍ലണ്ടിലെ ജനങ്ങള്‍. ഗ്രാമ നഗര വ്യത്യാസമില്ലാതെ ആയിര കണക്കിന് ആളുകള്‍ തെരുവില്‍ സമരം ചെയ്യുകയാണ്. ഞങ്ങള്‍ ജലക്കരം അടയ്ക്കില്ലെന്നാണ് അവര്‍ പറയുന്ന ഏക കാര്യമെന്നും ഹിഗ്ഗിന്‍സ് പറഞ്ഞു.

വാടകയ്ക്ക് താമസിക്കുന്ന ആളുകളുടെ പേരു വിവരങ്ങള്‍ കൗണ്‍സിലില്‍നിന്ന് ഐറിഷ് വാട്ടര്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. നിയമപരമായി ഐറിഷ് വാട്ടറിന് അതിനുള്ള അവകാശമില്ല. എന്നിട്ടും അവരത് ചെയ്യുന്നുണ്ട്. നിരവധി ആളുകളാണ് ഐറിഷ് വാട്ടറിനെതിരെയും സര്‍ക്കാരിനെതിരെയും കോടതിയെ സമീപിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നത്.

അയര്‍ലണ്ടില്‍നിലനില്‍ക്കുന്ന വാട്ടര്‍ സര്‍വീസ് ആക്ട് പ്രകാരം ലോക്കല്‍ അഥോറിറ്റീസില്‍നിന്ന് മാത്രമെ താമസക്കാരുടെ വിവരങ്ങള്‍ വാങ്ങാന്‍ അവകാശമുള്ളുവെന്ന് ഓഫീസ് ഓഫ് ദ് ഡേറ്റാ പ്രൊട്ടക്ഷന്‍ തലവന്‍ വക്താവ് പറഞ്ഞു.


Scroll To Top