Tuesday December 06, 2016
Latest Updates

ബില്‍ ലഭിച്ചവര്‍ പണം അടയ്ക്കുന്നില്ല,ഐറിഷ് വാട്ടറിനെ സമരക്കാര്‍ വെള്ളം കുടിപ്പിക്കുന്നു !

ബില്‍ ലഭിച്ചവര്‍ പണം അടയ്ക്കുന്നില്ല,ഐറിഷ് വാട്ടറിനെ സമരക്കാര്‍ വെള്ളം കുടിപ്പിക്കുന്നു !

ഡബ്ലിന്‍:ഐറിഷ് വാട്ടര്‍ ഉപഭോക്താക്കള്‍ക്ക് ബില്‍ അയച്ചു തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും പകുതി പേര്‍ പോലും ഇതേ വരെ ബില്‍ തുക അടച്ചിട്ടില്ലെന്ന് സൂചനകള്‍.എത്രയാളുകള്‍ വാട്ടര്‍ ബില്ലുകള്‍ അടക്കാനുണ്ട് എന്നതു സംബന്ധിച്ച് ഉത്തരം നല്‍കാന്‍ ഐറിഷ് വാട്ടര്‍ തുടര്‍ച്ചയായി വിസമ്മതിക്കുന്നു. ഏറെ വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഉപഭോക്താക്കള്‍ക്ക് ഐറിഷ് വാട്ടര്‍ ബില്ലുകള്‍ അയച്ചു തുടങ്ങിയിരുന്നുവെങ്കിലും മലയാളികള്‍ അടക്കമുള്ള ഉപഭോക്താക്കള്‍ ജനകീയ സമരത്തിന്റെ പുരോഗതി വിലയിരുത്തിയ ശേഷം ബില്‍ അടയ്ക്കാം എന്ന നിലപാടില്‍ എത്തിയതായാണ് പ്രാഥമിക നിഗമനം.

മെയ് 18 വരെ 1,282,067 ബില്ലുകള്‍ ഉപഭോക്താക്കള്‍ക്ക് അയച്ചതായാണ് കണക്കുകള്‍.ഇതിന് 14 ദിവസം മുന്‍പ് വരെ അയച്ച ബില്ലുകളില്‍ 7,88,831 ബില്ലുകള്‍ അടക്കാന്‍ ബാക്കിയുള്ളതായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ശേഷം എത്ര ബില്ലുകള്‍ അടക്കാന്‍ ബാക്കിയുണ്ടെന്നാരാഞ്ഞ് ആന്റി ഓസ്റ്റെറിറ്റി അലയന്‍സ് ടി ഡി പോള്‍ മര്‍ഫി ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പ്രകാരം നല്‍കിയ അപേക്ഷക്കാണ് ജനക്ഷേമം മുന്‍നിര്‍ത്തി വിവരങ്ങള്‍ നല്‍കാനാവില്ല എന്ന് മറുപടി ലഭിച്ചത്.

നേരത്തെ മര്‍ഫി ഡയലില്‍ വിഷയം ഉന്നയിച്ചത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്ന് മര്‍ഫി എഫ് ഒ ഐ പ്രകാരം അപേക്ഷ നല്‍കുകയയിരുന്നു. വിവരങ്ങള്‍ പുറത്തു വിടുന്നത് ഐറിഷ് വാട്ടറിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും എഫ് ഒ ഐ ഓഫീസര്‍ നോവല്‍ ഷാനണ്‍ മറുപടിയില്‍ പറയുന്നു. എന്നാല്‍ മറുപടിയെ മര്‍ഫി അപലപിച്ചു.
ഐറിഷ് വാട്ടര്‍ വാട്ടര്‍ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ചത് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ബില്ലുകള്‍ നിരാകരിക്കാന്‍ ആവശ്യപ്പെട്ട് ആന്റി ഓസ്റ്റെറിറ്റി അലയന്‍സും, മറ്റു സംഘടനകളും സമരങ്ങള്‍ നറ്റത്തുകയും ചെയ്തു. ഈയവസരത്തില്‍ എത്രയാളുകള്‍ ബില്ലുകള്‍ അടക്കാന്‍ ബാക്കിയുണ്ടെന്ന് അറിയേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് മര്‍ഫി പറഞ്ഞു.

അതെ സമയം ഐറിഷ് വാട്ടര്‍ ഗ്രാന്റ് ഇനത്തില്‍ നല്കാമെന്ന് വാഗ്ദാനം ചെയ്ത 100 യൂറോ ,നിശ്ചിത സമയത്തിനു മുമ്പ് അപേക്ഷിക്കുന്നവര്‍ക്ക് സെപ്റ്റംബര്‍ മുതല്‍ ക്രഡിറ്റ് ചെയ്തു നല്കുന്നതാണ് എന്ന് അറിയിച്ചിട്ടുണ്ട്.

Scroll To Top