Thursday December 08, 2016
Latest Updates

വാടക വര്‍ദ്ധനവ് :അയര്‍ലണ്ടില്‍ ഇപ്പോള്‍ വീട് വാങ്ങുന്നത് ബുദ്ധിപരമല്ലെന്ന മുന്നറിയിപ്പുമായി സെന്‍ട്രല്‍ ബാങ്ക് !

വാടക വര്‍ദ്ധനവ് :അയര്‍ലണ്ടില്‍ ഇപ്പോള്‍ വീട് വാങ്ങുന്നത് ബുദ്ധിപരമല്ലെന്ന മുന്നറിയിപ്പുമായി സെന്‍ട്രല്‍ ബാങ്ക് !

ഡബ്ലിന്‍ :കുതിച്ചുയരുന്ന വാടക മൂലം ജനങ്ങള്‍ വീടുകള്‍ സ്വന്തമായി വാങ്ങാന്‍ നിര്‍ബന്ധിതരാവുന്നത് ദൂരവ്യാപകമായ ദുഷ് ഫലങ്ങള്‍ സ്രുഷ്ട്ടിക്കുമെന്നു സെന്‍ട്രല്‍ബാങ്കിന്റെ മുന്നറിയിപ്പ് .

രാജ്യത്ത് നിലവിലുള്ള ശരാശരി വാടക കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 860 യൂറോയില്‍ നിന്ന് പത്തു മുതല്‍ 15 ശതമാനം വരെയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.രാജ്യത്താകമാനം കുതിച്ചുയരുന്ന വാടകയില്‍ ആശങ്ക പരക്കുകയാണ്. 

ഡബ്ലിനില്‍ ഒരാള്‍ ശരാശരി 1,368 യൂറോ വാടയായി നല്കുമ്പോള്‍ താരതമ്യേന വാടക കുറവുള്ള കോര്‍ക്കില്‍ ഇത് 889 യൂറോയും ഗാള്‍വേയില്‍ 818 യൂറോയുമാണ് എന്നാണു സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നതെങ്കിലും ഈ നിരക്കുകളില്‍ ഒന്നും വീട് ലഭിക്കുന്നില്ല എന്നാണ് സെന്‍ട്രല്‍ ബാങ്ക് കണ്ടെത്തല്‍.വാടകയ്ക്ക് ലഭിക്കുന്ന വീടുകളുടെ എണ്ണത്തില്‍ വരുന്ന കുറവ് മുതലെടുത്ത് ഉടമകള്‍ വലിയ തുകകള്‍ വാടകയിനത്തില്‍ അടിച്ചേല്‍പ്പിക്കുന്നത് തടയാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് പരിസ്ഥിതി മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ എന്തൊക്കെ നടപടികളാവും വരിക എന്നത് സംബന്ധിച്ച് വ്യക്തത ആയിട്ടില്ല. എങ്കിലും ഈ വിഷയം എത്രയും വേഗം കാബിനറ്റിന് മുന്നില്‍ എത്തിക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 

റെന്റല്‍ മാര്‍ക്കറ്റ് മതിയായ വളര്‍ച്ച നേടിയിട്ടില്ലാത്ത അയര്‍ലണ്ട് പോലെയുള്ള ഒരു രാജ്യത്ത് മറ്റു മാര്‍ഗ്ഗം ഇല്ലാതെ വരുമ്പോള്‍ സ്വന്തമായി വീട് വാങ്ങാം എന്ന തീരുമാനമെടുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുന്നു എന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ അഭിപ്രായം.ഇതിനായി തങ്ങളുടെ വരുമാനത്തിന്റെ പലമടങ്ങ് കൂടുതലുള്ള തുക വായ്പ്പ എടുക്കുന്നു.ഭൂരിപക്ഷം ജനങ്ങളും അവരുടെ ജീവിതത്തില്‍ എടുക്കുന്ന സാമ്പത്തികമായി ഏറ്റവും റിസ്‌ക്കുള്ള ഒരു തീരുമാനമാണ് ഇത്. 

സമ്പദ് വ്യവസ്ഥ ഏതെങ്കിലും തരത്തിലുള്ള ഒരു പ്രതിസന്ധിയെ നേരിടുകയും തൊഴിലുകള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്താല്‍ ഇവര്‍ക്ക് വായ്പ്പ തിരിച്ച് അടയ്ക്കാനാവാതെ വരും. 

പ്രവര്‍ത്തനക്ഷമമല്ലാത്ത പ്രോപ്പര്‍ട്ടിമാര്‍ക്കറ്റ് രാജ്യം വീണ്ടും മാന്ദ്യത്തിലേക്ക് കൂപ്പുകുത്താനും ജനങ്ങള്‍ വലിയ വായ്പ്പകള്‍ തിരിച്ച് അടയ്ക്കാനാവാതെ ബുദ്ധിമുട്ടിലാവുന്നിതിനും ഇടവരുത്തുമെന്നും സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തുന്നു.നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹൗസിംഗ് മാര്‍ക്കറ്റ് ഉള്ള രാജ്യങ്ങള്‍ മാന്ദ്യത്തെ മറ്റു രാജ്യങ്ങളെക്കാള്‍ മികച്ച രീതിയില്‍ നേരിട്ടു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ചുരുക്കത്തില്‍ അയര്‍ലണ്ടിലെ ഹൗസിംഗ് മാര്‍ക്കറ്റ് ആരോഗ്യകരമായ രീതിയലല്ല പ്രവര്‍ത്തിക്കുന്നത് എന്നാണ് സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തിയത്. 

Scroll To Top