Saturday April 21, 2018
Latest Updates

ലോകം വീണ്ടും യുദ്ധഭീഷണിയില്‍,റഷ്യക്കെതിരെ നടപടി ഒരു കൈപ്പാടകലെയെന്ന് ട്രംപ്

ലോകം വീണ്ടും യുദ്ധഭീഷണിയില്‍,റഷ്യക്കെതിരെ നടപടി ഒരു കൈപ്പാടകലെയെന്ന് ട്രംപ്

ഡമാസ്‌കസ് :ഒരു ലോകമഹായുദ്ധത്തിനുള്ള പുറപ്പാടെന്നപോലെ അമേരിക്കയും റഷ്യയും ഇരു ചേരികകളിലായി അണിനിരക്കുന്നത് ലോകം അതീവ ഭീതിയോടെ വീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.റഷ്യയ്ക്ക് എതിരെയുള്ള നടപടി കൈയ്യെത്തും ദൂരത്താണെന്ന് പ്രസ്താവന നടത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സിറിയയുടെ സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനും റഷ്യ വിഘാതം നില്‍ക്കുകയാണ് എന്ന വിലയിരുത്തലാണ് നടത്തിയത്.സിറിയന്‍ സൈന്യം ഇനിയും രാസായുധം പ്രയോഗിച്ചാല്‍ വീണ്ടും മിസൈല്‍ ആക്രമണം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

ഇദ്ലിബിലെ സിറിയന്‍ രാസായുധ ആക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച യു.എസ്-റഷ്യ നയതന്ത്രയുദ്ധം മുറുകുകയാണ്.സിറിയയില്‍ രാസായുധം പ്രയോഗിച്ച നടപടി അന്താരാഷ്ട്രനിയമങ്ങള്‍ക്കും,ധാരണയ്ക്കും വിരുദ്ധമാണെന്ന നിലപാടിലാണ് അമേരിക്ക. സിറിയന്‍ വ്യോമതാവളത്തില്‍ അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണത്തെ റഷ്യയും ശക്തമായി അപലപിച്ചു.

ഷായിരത്ത് വ്യോമതാവളത്തിന് നേരെയാണ് യുഎസ് ആക്രമണമുണ്ടായത്. വിമാനങ്ങളില്‍ നിന്ന് അമ്പതോളം ടോമോഹാക് മിസൈലുകള്‍ വര്‍ഷിക്കുകയായിരുന്നു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് വ്യക്തമല്ല. വിമത മേഖലയായ ഇഡ്ലിബ് പ്രവിശ്യയില്‍ രാസായുധ പ്രയോഗത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയുടെ സൈനിക നടപടി.

റഷ്യ ഒരു മിസൈല്‍ വാര്‍ഷിപ്പ് സിറിയയിലേക്ക് അയച്ചു കഴിഞ്ഞു.ബ്രിട്ടന്റെ ഒരു ന്യുക്ലിയര്‍ സബ് മറൈന്‍ മെഡിറ്റേറിയന്‍ കടലില്‍ അസാധാരണമായി റോന്ത് ചുറ്റുന്നുണ്ട്.ലോക് നേതാക്കള്‍ മറ്റെല്ലാ നീക്കങ്ങളെക്കാള്‍ സിറിയന്‍ സംഭവവികാങ്ങളില്‍ കണ്ണും നട്ടിരിക്കുകയാണ്.

യു.എസ് ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഒരു പരമാധികാര രാഷ്ട്രത്തിനു നേരെയുള്ള കടന്നാക്രമണമാണെന്നും തന്നെയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവിന്റെ ആരോപണവും.

റഷ്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ആക്രമണം പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പെസ്‌കോവ് മുന്നറിയിപ്പ് നല്‍കി.സിറിയയിലെ യു.എസ് സേനയുമായുള്ള സഹകരണം തങ്ങള്‍ നിര്‍ത്തലാക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഭീഷണി മുഴക്കിയിട്ടുണ്ട്.

അമേരിക്കയുടെ നീക്കം നിരുത്തരവാദപരമാണെന്നും വിഡ്ഢിത്വം നിറഞ്ഞതാണെന്നും സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ ഓഫിസ് പ്രതികരിച്ചു. മേഖലയിലെ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളോടുള്ള അമേരിക്കയുടെ അന്ധമായ സൈനിക നിലപാടും ദീര്‍ഘദൃഷ്ടിക്കുറവുമാണ് ഇതു കാണിക്കുന്നതെന്നും സിറിയ കുറ്റപ്പെടുത്തി.

എന്നാല്‍, റഷ്യയുടെ ആരോപണത്തെ തള്ളി അമേരിക്ക രംഗത്തെത്തി. ആക്രമണത്തെ കുറിച്ച് സൈനിക മാധ്യമങ്ങള്‍ ഉപയോഗിച്ച് റഷ്യക്ക് നേരത്തെ വിവരം നല്‍കിയിരുന്നെന്ന് പെന്റഗണ്‍ പ്രതികരിച്ചു. സിറിയ തങ്ങളുടെ നിലപാടില്‍ മാറ്റംവരുത്തുന്നതുവരെ ആക്രമണത്തില്‍ മയം വരുത്തില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ വ്യക്തമാക്കി.

അമേരിക്കയുടെ നീക്കത്തിന് സഖ്യരാഷ്ട്രമായ ബ്രിട്ടന്‍ എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്. ഫ്രാന്‍സ്, ആസ്ത്രേലിയ, ഇസ്റാഈല്‍, സഊദി അറേബ്യ, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യൂറോപ്യന്‍ യൂനിയന്‍, നാറ്റോ എന്നിവയും നീക്കത്തെ പിന്തുണച്ചു. എന്നാല്‍ അമേരിക്കയുടെ നീക്കം സിറിയയിലെ നിലവിലെ സ്ഥിതിയില്‍ ഒരു മാറ്റവുമുണ്ടാക്കില്ലെന്ന് യു.എന്‍ മനുഷ്യാവകാശ കോഡിനേറ്ററും ഇറാനും തുര്‍ക്കിയും പ്രതികരിച്ചു.

അപ്രതീക്ഷിതമായ ഒരു യുദ്ധത്തിന്റെ കാര്‍മേഘ പടലങ്ങള്‍ യൂറോപ്പിനും,ഏഷ്യയ്ക്കും അമേരിക്കയ്ക്കുമിടയില്‍ ഉരുണ്ടു കൂടുമ്പോള്‍ സമാധാനത്തിന്റെ പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് ലോകം.

Scroll To Top