Thursday December 08, 2016
Latest Updates

മയക്കുമരുന്നു വില്‍പ്പനക്കാരെ കൊന്നുകളയാന്‍ ഫിലിപ്പൈന്‍ പൊലീസിന്റെ ആഹ്വാനം

മയക്കുമരുന്നു വില്‍പ്പനക്കാരെ കൊന്നുകളയാന്‍ ഫിലിപ്പൈന്‍ പൊലീസിന്റെ ആഹ്വാനം

മനില:മയക്കുമരുന്ന് വില്‍പ്പനക്കാരെ കൊല്ലാനും അവരുടെ വീടുകള്‍ തീവച്ചുനശിപ്പിക്കാനും ഫിലിപ്പൈന്‍ പൊലീസ് മേധാവി റൊണാള്‍ഡ് ഡേല റോസയുടെ ആഹ്വാനം. ഇന്നലെ ഒരു ടെലിവിഷന്‍ പരിപാടിക്കിടെ, മയക്കുമരുന്ന് ഉപയോഗിക്കുന്നവരോടായിരുന്നു റോസയുടെ ആഹ്വാനം. മയക്കുമരുന്ന് മാഫിയയ്ക്കെതിരായ പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്ററെറ്റിന്റെ വിവാദമായ പോരാട്ടത്തിലൂടെ 2,000ഓളം മരണങ്ങളാണ് ഫിലിപ്പൈന്‍സില്‍ ഇതുവരെ ഉണ്ടായിട്ടുള്ളത്.

മയക്കുമരുന്ന് വില്‍ക്കുന്നവര്‍ അത് ഉപയോഗിക്കുന്നവരുടെ തലച്ചോര്‍ നശിപ്പിച്ചാണ് പണം ഉണ്ടാക്കുന്നതെന്നും, നിങ്ങള്‍ അതിന്റെ ഇരയായതിനാല്‍ നിങ്ങള്‍ക്ക് അവരെ കൊല്ലാം എന്നും പൊലീസ് മേധാവി റോസ പരിപാടിക്കിടെ പറഞ്ഞു. സെന്‍ട്രല്‍ ഫിലിപ്പൈന്‍സില്‍ പൊലീസിനു കീഴടങ്ങിയ നൂറുകണക്കിന് മയക്കുമരുന്ന് ഉപയോക്താക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മയക്കുമരുന്നു വില്‍പ്പനക്കാരെ ആറു മാസത്തിനകം ഇല്ലാതാക്കുമെന്ന് മെയില്‍ അധികാരത്തില്‍ വന്ന പ്രസിഡന്റ് ഡ്യൂറെറ്റ് പറഞ്ഞിരുന്നു. ഇത് യു.എന്നിന്റെയും, മനുഷ്യാവകാശ സംഘടനകളുടെയും കനത്ത പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു.

അതേസമയം താന്‍ വൈകാരികമായി സംസാരിച്ചു പോയെന്നും, (മയക്കുമരുന്ന് ഉപയോഗത്തിന് അടിമപ്പെട്ടുപോയ) പാവങ്ങള്‍ക്കു മുന്നില്‍ അത്രയധികം മാനസിക വിഷമത്തിലായിരുന്നു താന്‍ അങ്ങനെ പറഞ്ഞുപോയതെന്നും പൊലീസ് മേധാവി റോസ പിന്നീട് ഖേദം പ്രകടിപ്പിച്ചു.

Scroll To Top