Wednesday February 22, 2017
Latest Updates

മൂന്നാര്‍ സമരം പരിഹരിച്ചത് വി എസ് ഫാക്ടര്‍,ഉമ്മന്‍ ചാണ്ടി ഗോളടിച്ചത് മിന്നല്‍ വേഗത്തില്‍ 

മൂന്നാര്‍ സമരം പരിഹരിച്ചത് വി എസ് ഫാക്ടര്‍,ഉമ്മന്‍ ചാണ്ടി ഗോളടിച്ചത് മിന്നല്‍ വേഗത്തില്‍ 

കൊച്ചി: കൂലി വര്‍ദ്ധനവും ബോണസും ആവശ്യപ്പെട്ട് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ ഒന്‍പതു ദിവസമായി നടത്തി വന്ന സമരം തിരക്കിട്ടു പരിഹരിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് വി.എസ് ഫാക്ടര്‍. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വി.എസ് സമരപ്പന്തലില്‍ എത്തിയതോടെയാണ് മുഖ്യമന്ത്രിയുടെ നേത്യത്വത്തില്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി തിടുക്കത്തില്‍ പ്രശ്‌നം പരിഹരിച്ചത്.

സമരപ്പന്തലിലേക്കു വന്ന ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെയും സമരക്കാര്‍ തടഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യൂതാനന്ദനെ സമരക്കാര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. വി.എസ് മൂന്നാറിലെത്തിയതോടെ മാധ്യമ ശ്രദ്ധയും വര്‍ദ്ധിച്ചു. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളും വി. എസിന്റെ വരവ് ആഘോഷിച്ചു.

ഈ സാഹചര്യത്തിലാണ് സമരം നീണ്ടുപോയാല്‍ ഉണ്ടായേക്കാവുന്ന അപകടം ഭരണപക്ഷം മനസ്സിലാക്കിയത്. സമരം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ വി.എസ് മുന്‍കൈ എടുക്കണമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണും ആവശ്യപ്പെട്ടിരുന്നു.

മുഖമന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ ഗസ്റ്റ് ഹൗസില്‍ വച്ച് കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്. ബോണസ് 8.33 ശതമാനവും ആശ്വാസസഹായം 11.66 ശതമാനവും നിജപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം കമ്പനി അധികൃതര്‍ അംഗീകരിച്ചു.വി എസ് ചര്‍ച്ചകളില്‍ നിറയാതിരിക്കാന്‍ മിന്നല്‍ വേഗത്തില്‍ ഇടപെട്ടാണ് ഉമ്മന്‍ ചാണ്ടി പ്രശ്‌നം പരിഹരിച്ചത്.
തൊഴിലാളികള്‍ക്ക് ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കും. എന്നാല്‍, കൂലി വര്‍ദ്ധനവിനുളള ആവശ്യം ഒറ്റദിവസം കൊണ്ട് തീരുമാനിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഈ മാസം 26 ന് ലേബര്‍ കമ്മിറ്റി കൂടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Scroll To Top