Sunday December 04, 2016
Latest Updates

അരുവിക്കരയില്‍ വി എസ് തന്നെ പ്രചരണം നയിക്കുമെന്ന് വിജയകുമാര്‍

അരുവിക്കരയില്‍ വി എസ് തന്നെ പ്രചരണം നയിക്കുമെന്ന് വിജയകുമാര്‍

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ പ്രചരണത്തിന്റെ അമരത്ത് വി.എസ്. അച്യുതാനന്ദന്‍ തന്നെയായിരിക്കുമെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം.വിജയകുമാര്‍. രാവിലെ പ്രതിപക്ഷ നേതാവിന്റെ വസതിയിലെത്തി വി.എസിനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുനതിനായി നടത്തിയ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്നും വി.എസിനെ ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഇതേ തുടര്‍ന്ന് സി.പി.എം. പ്രചരണപ്രവര്‍ത്തനങ്ങളില്‍ നിന്നും വി.എസിനെ അകറ്റിനിര്‍ത്തുകയാണെന്ന ആരോപണം എതിര്‍ സ്ഥാനാര്‍ഥികള്‍ ശക്തമായി ഉപയോഗിച്ചുതുടങ്ങിയതോടെയാണ് വിജയകുമാര്‍ തന്നെ നേരിട്ട് വി.എസിനെ കാണാനെത്തിയത്. രാവിലെ എട്ടരയ്ക്ക് കന്റോണ്‍മെന്റ് ഹൗസിലെത്തിയ വിജയകുമാര്‍ പത്ത് മിനിറ്റോളം വി.എസുമായി ചര്‍ച്ച നടത്തി.

മണ്ഡലത്തിലെ എല്‍.ഡി.എഫിന്റെ ഔദ്യോഗിക പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ തുടക്കമായിട്ടില്ല. കഴിഞ്ഞയാഴ്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിച്ചത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെ ഉദ്ഘാടനം മാത്രമാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഉദ്ഘാടനം വി.എസ് ആയിരിക്കും നിര്‍വഹിക്കുക. തിരഞ്ഞെടുപ്പ് പ്രചരണം നയിക്കാന്‍ വി.എസ്. പൂര്‍ണ്ണ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. മുഴുവന്‍ സമയവും മണ്ഡലത്തില്‍ നിന്ന് പ്രചരണം നയിക്കാന്‍ ഒരുക്കമാണെന്ന് വി.എസ്. അറിയിച്ചതായും വിജയകുമാര്‍ പറഞ്ഞു.

 

Scroll To Top