Monday December 05, 2016
Latest Updates

അന്തിമ പോരാട്ടം തുല്യനിലയില്‍,ബ്രിട്ടനിലെ മലയാളികളില്‍ ഭൂരിപക്ഷവും ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്നവര്‍ ,ഭാവി നിര്‍ണ്ണയിക്കുന്ന വിധി  ഇന്ന്

അന്തിമ പോരാട്ടം തുല്യനിലയില്‍,ബ്രിട്ടനിലെ മലയാളികളില്‍ ഭൂരിപക്ഷവും ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്നവര്‍ ,ഭാവി നിര്‍ണ്ണയിക്കുന്ന വിധി  ഇന്ന്

ഡബ്ലിന്‍:ബ്രെക്‌സിറ്റ് ജനഹിത പരിശോധനാ വോട്ടെടുപ്പ് ആരംഭിച്ചിരിക്കെ രാജ്യത്തെ ജനങ്ങള്‍ ആവേശപൂര്‍വം തങ്ങളുടെ വിധി നിര്‍ണയിക്കാനുള്ള പുറപ്പാടിലാണെന്ന് ബ്രിട്ടണിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ബ്രെക്‌സിറ്റ് വേണോ വേണ്ടയോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം നാളെ വൈകിട്ടോടെ അറിയാന്‍ കഴിയും.. എക്‌സിറ്റ് പോളുകള്‍ മാറിമറിയുന്ന ഈ അവസരത്തില്‍ എന്താകും ഫലം എന്ന് ഊഹിക്കുക ഏറെക്കുറേ അസാധ്യം തന്നെയാണ്.ആദ്യ ഘട്ടത്തില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകണം എന്ന് ചിന്തിച്ചിരുന്ന പലരും അവസാന നിമിഷം നിലപാട് മാറ്റുന്നതായാണ് ലഭ്യമായ സൂചനകള്‍.

ബ്രിട്ടണിലെ മലയാളികളില്‍ ഏറെ പേരും പരസ്യമായും ബ്രെക്‌സിറ്റിനെ അനുകൂലിയ്ക്കുമ്പോള്‍ ബ്രെക്‌സിറ്റ് വിരുദ്ധരായവര്‍ നിലപാട് പരസ്യമാക്കുന്നില്ല എന്നതും ശ്രദ്ധേയം.അതേ സമയം മുഴുവന്‍ ഐറിഷ്‌കാരും ബ്രെക്‌സിറ്റിന്റെ ആവശ്യമേയില്ല എന്ന വാദത്തിലാണ് പരസ്യമായും രഹസ്യമായും ഉറച്ചു നില്‍ക്കുന്നത്.

ബ്രെക്‌സിറ്റ് പ്രധാനമായും മൂന്ന് മേഖലകളെയാണ് ബാധിക്കുക എന്നാണ് വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നത്; വ്യാപാരം, ധനവിനിമയം, കുടിയേറ്റം. ഇതില്‍ ബ്രിട്ടനില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം കുടിയേറ്റമാണ് പ്രധാന പ്രശ്‌നം. തൊട്ടു പുറകില്‍ വ്യാപാര പ്രശ്‌നവുമുണ്ട്. വലിയ തടസ്സങ്ങളില്ലാതെ ജോലി അന്വേഷിച്ച് ബ്രിട്ടനിലെത്തുകയും, പിന്നീട് റസിഡന്റ് വിസ നേടിയെടുത്ത് സ്ഥിരതമസമാക്കുകയും ചെയ്ത ധാരാളം മലയാളികളുണ്ട്.

എന്നാല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയാണെങ്കില്‍ കുടിയേറ്റ നിയമങ്ങളും നിയന്ത്രണങ്ങളും കൂടുതല്‍ കര്‍ക്കശമാകാന്‍ സാധ്യതയുണ്ട്.മാത്രമല്ല നിലവില്‍ ബ്രിട്ടനില്‍ ഉള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ എന്ന പേരില്‍ ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുവാന്‍ ആരും ആഗ്രഹിക്കുന്നില്ല.

ബ്രെക്‌സിറ്റ് പക്ഷം വിജയിച്ചയാല്‍ പൗണ്ടിന്റെ വിലയില്‍ സാരമായ ഇടുവുണ്ടാകും എന്ന വാര്‍ത്തയാണ് അവസാന ദിവസങ്ങളില്‍ മലയാളികളെ ഏറെ ആകുലരാക്കിയത്.അതിനാല്‍ത്തന്നെ ഇന്നു നടക്കുന്ന ജനഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിനെ എതിര്‍ത്താകും പൊതുജനങ്ങളെ എന്നത് പോലെ ബ്രിട്ടനിലെ ഭൂരിപക്ഷം മലയാളികളും വോട്ട് രേഖപ്പെടുത്തുക.

ബ്രിട്ടനിലെ കുടിയേറ്റക്കാരില്‍ വലിയൊരു സംഖ്യ ഇന്ത്യക്കാരോ ഇന്ത്യന്‍ വംശജരോ ആണ്. ഈയിടെ നടത്തിയ ഒരു സര്‍വേ പ്രകാരം ബ്രിട്ടിഷ് ഇന്ത്യക്കാരില്‍ 52% ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്നവരാണ്. 28% പേര്‍ പിന്തുണയ്ക്കുകയും ചെയ്യുന്നു. മറ്റുള്ളവര്‍ എന്ത് വേണം എന്ന ആശയക്കുഴപ്പത്തിലുമാണ്. ബ്രിട്ടിഷ് ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും നല്ല വിദ്യാഭ്യാസം ലഭിച്ചവരും, വിവിധ ജോലികളില്‍ വൈദഗ്ദ്ധ്യമുള്ളവരുമാണ്. അതിനാല്‍ത്തന്നെ തങ്ങളുടെ ഭാവിയെ ബാധിക്കുന്ന നടപടികളെ ഇവര്‍ എതിര്‍ക്കുക തന്നെ ചെയ്യുമെന്നാണ് സൂചനകള്‍.
യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്ന അഭിപ്രായമാവും,
നേരിയ ഭൂരിപക്ഷത്തിനെങ്കിലും വെള്ളിയാഴ്ച വൈകിട്ട് ഔദ്യോഗികമായി പ്രഖ്യാപിക്കപെടുക എന്നാണ് ഇപ്പോള്‍ രൂപപ്പെടുന്ന പൊതു ധാരണയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

Scroll To Top