Tuesday March 20, 2018
Latest Updates

മാന്യ മഹാജനങ്ങളേ , നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ ….

മാന്യ മഹാജനങ്ങളേ , നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ ….

മാന്യ മഹാജനങ്ങളെ ,
നമുക്ക് പരസ്പരം കാണാന്‍ വീണ്ടും ഒരു അവസരം ഒത്തു വന്നിരിക്കുകയാണല്ലോ !.മാവേലി വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും വരാറുണ്ടെങ്കിലും ഞങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തില്‍ ഒരിക്കലെ നിങ്ങളെ കാണാന്‍ വരാന്‍ കഴിയു .അതിനു കാരണം ഞങ്ങളുടെ ‘മറ്റു തിരക്കുകള്‍’ ആണെന്ന് നിങ്ങള്‍ മനസ്സിലാക്കുമെന്നു കരുതട്ടെ . എന്തായാലും അഞ്ചു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഞങ്ങളെ കാണാന്‍ അവസരമൊരുക്കിയ ഇന്ത്യന്‍ ഭരണഘടനയോടു നിങ്ങള്‍ നന്ദിയുളളവരായിരിക്കണം !!

ഞങ്ങള്‍ ഇപ്പോള്‍ തിരക്കിട്ട ചര്‍ച്ചകളിലാണ്.അടച്ചിട്ട മുറികളിലും അകത്തളങ്ങളിലും ഇരുന്നു ഞങ്ങള്‍ കരുക്കള്‍ നീക്കുകയാണ്. ചതിച്ചും കുതികാല്‍ വെട്ടിയും തല കള്‍ കൊയ്തും ഞങ്ങള്‍ അങ്കം വെട്ടുകയാണ്. രാത്രികളെ പകലാക്കി ഞങ്ങള്‍ ജോലി ചെയ്യുകയാണ്. എല്ലാം നിങ്ങളെ സവിക്കാന്‍ വേണ്ടി മാത്രം . 5 വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ തല പുകച്ചും ശരീരം വിയര്‍ത്തും ആത്മാര്‍ത്ഥമായി പണിയെടുക്കുന്ന രണ്ടു മുന്ന് മാസങ്ങളാണിത്.നിങ്ങളെ സേവിക്കാന്‍ അവസരം തന്നില്ലെങ്കില്‍ ഞങ്ങളില്‍ പലരും ഒരു പക്ഷെ ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് തന്നെ വിട്ട് പോയെന്നിരിക്കും .ഞങ്ങളുടെ നേതാക്കളെ തള്ളിപറെഞ്ഞന്നിരിക്കും .എല്ലാം നിങ്ങള്‍ക്കു വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ എന്തൊരു ആശ്വാസവും നിര്‍വൃതിയും ആണ് ഞങ്ങള്‍ അനുഭവിക്കുന്നത് !!

ഞങ്ങള്‍ നിങ്ങളെ നേരില്‍ കാണാനായി പുറപ്പെടുകയാണ്.നിങ്ങളുടെ ചെളിപുരണ്ട ഇടവഴികളിലേക്കും,ചേരികളിലെക്കും ഞങ്ങള്‍ വരുന്ന ദിവസം നിങ്ങളുടെ കുട്ടികളെ കുളിപ്പിച്ച് നിര്‍ത്തിയാല്‍ ഞങ്ങള്‍ക്ക് എടുത്തുപൊക്കി ഒക്കത്ത് വച്ച് ഉമ്മ കൊടുക്കുമ്പോള്‍ നാറ്റം അനുഭവപെടില്ല .ആ ഒരു സഹായം നിങ്ങള്‍ ചെയ്യുമല്ലോ? ഞങ്ങള്‍ വരുമ്പോള്‍ അടുക്കളയിലോ പറമ്പിലോ നിങ്ങള്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെ ങ്കില്‍ ആ പണി ഞങ്ങളെ കാണുമ്പോള്‍ നിര്‍ത്തരുത് .ഞങ്ങള്‍ക്കും നിങ്ങളോടോപ്പം ചേര്‍ന്ന് ആ പണി ചെയ്യണം.അങ്ങനെയൊക്കെയല്ലേ നമ്മള്‍ പരസ്പരം സ്‌നേഹിക്കേണ്ടത് ?പിന്നെ നിങ്ങള്‍ക്ക് ഉള്ള മദ്യവും പണവും ഞങ്ങളുടെ അനുചരന്മാര്‍ വശം കൊടുത്തയക്കുന്നുണ്ട്.പിന്നെ 5 വര്‍ഷ ത്തേക്ക് നിങ്ങള്‍ മിണ്ടി പോകരുത്. ഞങ്ങള്‍ക്ക് 5 വര്‍ഷം തിന്നു കുടിച്ചു വിശ്രമി ക്കാനുളളതാണെന്നു ഓര്‍മ വേണം.നിങ്ങളുടെ പരാതികള്‍ ഞങ്ങള്‍ കാണാന്‍ വരുമ്പോള്‍ പറഞ്ഞാല്‍ മതി . ‘ജയിപ്പിച്ചാല്‍ എല്ലാം ശരിയാക്കാം’ എന്ന് പറഞ്ഞു ഞങ്ങള്‍ ആശ്വസിപ്പിചോളാം .പരാതി പറയാന്‍ 5 വര്‍ഷത്തില്‍ ഒരിക്കല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു അവസരമാണിത്, പിന്നിട് അഞ്ചു വര്‍ഷത്തേക്ക് ഒരു പരാതിയുമായി ഞങ്ങളുടെ മണിമന്ദിരങ്ങളിലേക്ക് ഞങ്ങളെ കാണാന്‍ വന്നു പോകരുത്!!

എത്ര അങ്കം വെട്ടിയാണ് ഒരു സ്ഥാനര്‍ഥിയാവാന്‍ തന്നെ കഴിയുന്നത്. അത് വെറും സെമി ഫൈനലെ ആകുന്നുള്ളൂ. അതിനു ശേഷം തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്ന ഫൈനല്‍ വിജയംകൂടി വേണം. നിങ്ങളെ സേവിക്കാനുള്ള കഷ്ടപ്പാട് എത്ര വലുതാണെന്ന് നിങ്ങള്‍ക്ക് വല്ല വിചാരവുമുണ്ടോ ?തോറ്റ സ്ഥാനാര്‍ഥികള്‍ക്കും ആജീവനാന്ത പെന്‍ഷന്‍ നല്‍കാനുള്ള നിയമ നിര്‍മാണം നടത്താന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ട് .. തോറ്റവരും രണ്ടു മാസം കഷ്ടപെടുന്നതല്ലേ ? കൂടാതെ ഞങ്ങളുടെ തന്നെ ജനുസ്സും!!

നിങ്ങളുടെ വിരല്‍ തുമ്പുകളിലാണ് ഞങ്ങളുടെ സന്തതി പരമ്പരകള്‍ക്ക് കഴിയാനുള്ള നിധി ഒളിപ്പിച്ചു വച്ചിരിക്കുന്നത്. 5 വര്‍ഷത്തില്‍ ഒരിക്കല്‍ ആ നിധി തേടി ഞങ്ങള്‍ വരും.നിങ്ങളെ സേവിച്ചു സേവിച്ചു കോടീശ്വ രന്മാരായി തീരുക എന്നത് ഞങ്ങളുടെ സുകൃതമാണ്,നിങ്ങളുടെ ശാപവും !!!. മനോഹരമായ ജനാധിപത്യ സംവിധാനം കൊണ്ട് ഞങ്ങള്‍ ജീവിതം ആഘോ ഷിക്കുക്കയാണ് .. പക്ഷേ സ്വയം വെട്ടി മുറി വേല്പ്പിക്കാതെ നിങ്ങളുടെ മുന്‍പില്‍ വേറെ വഴികളില്ലല്ലോ .. ജനാധിപത്യം ഉള്ളിടത്തോളം കാലം ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കും പട്ടിണി എന്താണെന്നു അറിയേണ്ട .. പിന്നെ നിങ്ങളുടെ കാര്യം .. നിങ്ങളല്ലേ രാജാധി കാരികള്‍!! അതില്‍ കൂടുല്‍നിങ്ങള്‍ക്ക് എന്ത് വേണം ? രാജാക്കന്മാരായ നിങ്ങളെ കുടിലുകളില്‍ വന്നു കാണാന്‍ ഈ ദാസര്‍ കൊട്ടാരങ്ങളില്‍ നിന്ന് ഇറങ്ങുകയാണ്..
അംഗപുറപ്പാടിനിറങ്ങുന്ന ഞങ്ങളെ അനുഗ്രഹിക്കു….!! ആശീര്‍വദിക്കു..!!
എന്ന് ,
നപുംസകങ്ങളെന്നും അഴിമതിക്കാരെന്നും നിങ്ങള്‍ വിളിച്ചാക്ഷേപിക്കുന്ന നിങ്ങളുടെ സ്വന്തം ( സ്വയം) സേവകര്‍ ..seby s

സെബി സെബാസ്റ്റ്യന്‍ സെല്‍ ബ്രിഡ്ജ്

Scroll To Top