Saturday December 10, 2016
Latest Updates

ടെസ്ലയെ വെല്ലുവിളിച്ച് ഫോക്‌സ് വാഗന്‍; ഇലക്ട്രിക് കാര്‍ ബാറ്ററി ഫാക്ടറി നിര്‍മ്മിക്കുന്നു

ടെസ്ലയെ വെല്ലുവിളിച്ച് ഫോക്‌സ് വാഗന്‍; ഇലക്ട്രിക് കാര്‍ ബാറ്ററി ഫാക്ടറി നിര്‍മ്മിക്കുന്നു

നാളത്തെ ലോകം ഇലക്ട്രിക് കാറുകളുടേതാകുമെന്ന സാധ്യത മുന്നില്‍ക്കണ്ട് ലോക പ്രശസ്ത ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗനും ഇലക്ട്രിക് സാങ്കേതിക വിദ്യയിലേയ്ക്ക് ചുവടു മാറ്റുന്നു. ഇലക്ട്രിക് കാറല്ല, പകരം ഇലക്ട്രിക് കാര്‍ ബാറ്ററികള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഫാക്ടറിക്ക് തുടക്കമിടാനാണ് കമ്പനിയുടെ തീരുമാനം. 2020ഓടെ ഇരുപതോളം ഇലക്ട്രിക് കാര്‍ മോഡലുകള്‍ പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിന്റെ തുടക്കമായാണ് ഫാക്ടറി നിര്‍മ്മാണം. നിലവില്‍ ലോകത്ത് ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കുന്ന പ്രമുഖ കമ്പനി ടെസ്ലയാണ്. ടെസ്ലയോട് നേരിട്ട് ഏറ്റുമുട്ടാനുള്ള കരുത്ത് സമ്പാദിക്കുകയാണ് ബാറ്ററി ഫാക്ടറിയിലൂടെ ഫോക്‌സ് വാഗന്‍ ലക്ഷ്യമിടുന്നത്.

ഇന്ന് ഇലക്ട്രിക് കാറുകളുടെ ബാറ്ററി നിര്‍മ്മിച്ചു നല്‍കുന്നതില്‍ പ്രമുഖരായ കമ്പനികള്‍ സാംസങ്, എല്‍ജി ചെം (രണ്ടും കൊറിയന്‍ കമ്പനികള്‍), പാനസോണിക് (ജപ്പാന്‍) എന്നിവയാണ്. ഈ കമ്പനികളോടും ഫോക്‌സ വാഗന് ഫാക്ടറി പൂര്‍ത്തിയാകുന്നതോടെ മത്സരിക്കാന്‍ സാധിക്കും. ചൈനയിലോ ഏഷ്യയില്‍ എവിടെയെങ്കിലുമോ ആകും ഫോക്‌സ് വാഗന്റെ ബാറ്ററി ഫാക്ടറി. ടെസ്ലയുടെ വമ്പന്‍ ഫാക്ടറി യു.എസിലെ നെവാഡയിലാണ്.

ഇന്ധനത്തിനു പകരം ബാറ്ററി ഉപയോഗിക്കുന്നതോടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ പുറന്തള്ളല്‍ കുറയ്ക്കാന്‍ കഴിയുമെങ്കിലും ബാറ്ററിയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ പരിസര മലിനീകരണത്തിന് കാരണമാകും എന്നത് സത്യമാണ്. ബാറ്ററിയിലുപയോഗിക്കുന്ന നിക്കല്‍, കൊബാള്‍ട്ട് തുടങ്ങിയവയ്ക്കായുള്ള ഖനനവും പാരിസ്ഥിതിക ബീഷണിയുയര്‍ത്തുന്നു. അതിനാല്‍ യൂറോപ്പിലെങ്ങും ഫാക്ടറിക്ക് അനുമതി ലഭിക്കുമെന്ന് കമ്പനിക്ക് വിശ്വാസമില്ലാത്തതിനാലാണ് മറ്റ് ഭൂഖണ്ഡങ്ങള്‍ തേടുന്നത്.

ഡീസല്‍ കാറുകള്‍ നിരോധിക്കാനാലോചിക്കുകയാണെന്ന വാര്‍ത്ത നോര്‍വേയും നെതര്‍ലണ്ട്‌സും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പൂര്‍ണ്ണമായും ഇലക്ട്രിക് കാറുകള്‍ മാത്രം ഓടുന്ന ആദ്യ രാജ്യമായി മാറാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഇന്ത്യയും ഈയിടെ വ്യക്തമാക്കിയിരുന്നു.

Scroll To Top