Friday December 09, 2016
Latest Updates

യൂ എ ഇ പ്രവാസം തേടുന്നവര്‍ക്ക് സന്തോഷവാര്‍ത്ത

യൂ എ ഇ പ്രവാസം തേടുന്നവര്‍ക്ക് സന്തോഷവാര്‍ത്ത

ദുബായ്: മലയാളികള്‍ ഉള്‍പ്പടെ നിരവധി അഭ്യസ്തവിദ്യരായ യുവാക്കള്‍ ജോലിതേടിയെത്തുന്ന രാജ്യമാണ് യുഎഇ. പ്രത്യേകിച്ച് യുഎയിലെ ദുബായിയിലേക്കാണ് അധികം പേരും എത്താറുള്ളത്. പഠനം കഴിഞ്ഞാല്‍ ജോലി വിസയ്ക്ക് കാത്തുനില്‍ക്കാതെ ബന്ധുക്കളോ സുഹൃത്തുക്കളോ തരപ്പെടുത്തിക്കൊടുക്കുന്ന വിസിറ്റ് വിസയിലാണ് ഒട്ടുമിക്കവരും എത്തുന്നതും. മുന്‍കാലങ്ങളില്‍ 3 മാസം ആയിരുന്നു വിസിറ്റ് വിസയുടെ ദൈര്‍ഘ്യം. 

പിന്നീട് 30 ദിവസം മുതല്‍ 3 മാസം വരെ ആയി വിവിധ കാറ്റഗറിയില്‍ പെട്ട വിസിറ്റ് വിസകള്‍ അധികൃതര്‍ നല്‍കി തുടങ്ങി. എന്നാല്‍ വിസിറ്റ് വിസയില്‍ ജോലി തേടി എത്തുന്നവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഒരു വിസയുടെ കാലയളവില്‍ ജോലി ലഭിയ്ക്കണമെന്നില്ല. പലര്‍ക്കും വിസ തീരുന്നതിന്റെ തൊട്ടുമുന്‍പുള്ള ദിവസം ഒക്കെയാവും ജോലി തരപ്പെടുക. 

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒക്കെ പുതിയ വിസിറ്റ് വിസ എടുക്കണമെങ്കിലും ജോലി വിസ എടുക്കണമെങ്കിലും യുഎഇ വിട്ട് പുറത്ത് പോകണമായിരുന്നു. മുമ്പ് ഇതിന് വേണ്ടി മാത്രം യുഎഇ ഇറാന്‍ അതിര്‍ത്തിയില്‍ കിഷ് എന്ന ഒരു ദ്വീപ് തന്നെ ഉണ്ടായിരുന്നു. സ്വന്തം രാജ്യത്തേക്ക് വരുന്നത് ബുദ്ധിമുട്ടള്ളവര്‍ കുറഞ്ഞ ചിലവില്‍ കിഷ് ദ്വീപിയേക്ക് പോയി വിസ മാറി വരാറുണ്ടായിരുന്നു. 

പിന്നീട് സ്വന്തം രാജ്യത്ത് തന്നെ പോയി 30 ദിവസം കഴിഞ്ഞാല്‍ മാത്രമേ പുതിയ വിസ കിട്ടുമായിരുന്നുള്ളു. എന്നാല്‍ യുഎഇയില്‍ ഇപ്പോള്‍ വീണ്ടും നിയമം മാറിയിരിയ്ക്കുകയാണ്.ഇനി മുതല്‍ യുഎഇയില്‍ വിസ മാറാന്‍ രാജ്യം വിടേണ്ട ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏത് തരം വിസയില്‍ രാജ്യത്തേക്ക് പ്രവേശിച്ചവര്‍ക്കും പുതിയ വിസയിലേക്ക് മാറാന്‍ രാജ്യത്തിനകത്തുനിന്ന് തന്നെ സാധിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്. 

വിദേശികള്‍ക്ക് വിസ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം. ഏത് വിസയിലാണോ രാജ്യത്തേക്ക് പ്രവേശിച്ചത് ആ വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പു തന്നെ സ്‌പോണ്‍സര്‍മാര്‍ക്ക് വിസ മാറ്റി നല്‍കാനാകും. രാജ്യത്തേക്ക് എത്തിയിരിയ്ക്കുന്ന വിസയുടെ കാലാവധി തീരുന്നതിന് മുമ്പ് പുതിയ വിസയാക്കായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്ന് മാത്രം. അതേസമയം നിലവിലുള്ള വിസയുടെ കാലാവധി കഴിഞ്ഞാല്‍ പിഴ ഒടുക്കേണ്ടിവരും. രാജ്യത്തെ എല്ലാ താമസ കുടിയേറ്റ കാര്യാലയങ്ങളിലും വിസാ മാറ്റം സാധ്യമാകും.

ട്രാന്‍സിറ്റ്, ടൂറിസ്റ്റ്, വിസിറ്റ്, വിദ്യാഭ്യാസ, ചികില്‍സാ, മിഷന്‍ വീസ തുടങ്ങിയ വീസകളിലുള്ളവര്‍ക്കും രാജ്യം വിടാതെ വിസ മാറാനാകും. യുഎഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഓണ്‍ലൈന്‍ വഴി വിസ നടപടികള്‍ പൂര്‍ത്തിയാക്കാനാകും. അപേക്ഷകള്‍ക്ക് നിശ്ചയിച്ച ഫീസ് അടച്ചാല്‍ രാജ്യം വിടാതെ തന്നെ വിസ ലഭിക്കും. ഈ നിയമം നിലവില്‍ വന്നതോടെ വിസിറ്റ് വിസയിലെത്തി ജോലി അന്വേഷിക്കുന്നവര്‍ തൊഴില്‍ ലഭിച്ചാലും എത്തിയ വിസയുടെ കാലാവധി കഴിഞ്ഞാലും പുതിയ വിസ ലഭിയ്ക്കുന്നതിന് രാജ്യം വിടേണ്ടി വരില്ല

ഐറിഷ് മലയാളി ന്യൂസ് 






















Scroll To Top