Thursday May 24, 2018
Latest Updates

അയര്‍ലണ്ടിലേയ്ക്കുള്ള സന്ദര്‍ശകവിസ ചട്ടങ്ങളില്‍ മാറ്റമെന്ന് അനൌദ്യോഗിക വെളിപ്പെടുത്തല്‍:നാട്ടില്‍ നിന്നെത്തുന്നവര്‍ക്ക് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ കര്‍ശന പരിശോധന

അയര്‍ലണ്ടിലേയ്ക്കുള്ള സന്ദര്‍ശകവിസ ചട്ടങ്ങളില്‍ മാറ്റമെന്ന് അനൌദ്യോഗിക വെളിപ്പെടുത്തല്‍:നാട്ടില്‍ നിന്നെത്തുന്നവര്‍ക്ക് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ കര്‍ശന പരിശോധന

ഡബ്ലിന്‍:സന്ദര്‍ശക വിസയില്‍ ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലെത്തുന്നവര്‍ക്കായി മുമ്പ് അനുവര്‍ത്തിച്ചിരുന്ന ചട്ടങ്ങളില്‍ മാറ്റം വരുത്തിയതായി വെളിപ്പെടുത്തല്‍.വിസിറ്റിംഗ് വിസ അനുവദിച്ചവര്‍ക്ക് അനുവദിച്ചിരിക്കുന്ന മൂന്നു മാസക്കാലാവധി സന്ദര്‍ശകന്‍ അയര്‍ലണ്ടില്‍ എത്തിയ ദിവസം മുതല്‍ കണക്കാക്കുന്ന രീതി മാറ്റി ഇന്ത്യയില്‍ വിസ അടിയ്ക്കുന്ന ദിവസം മുതല്‍ 90 ദിവസം എന്നാക്കി മാറ്റിയതായാണ് പുതിയ വിവരം.

ഔദ്യോഗികമായി ഇത്തരം അറിയിപ്പുകള്‍ ഒന്നും പുറത്തു വന്നിട്ടില്ലെങ്കിലും ഫെബ്രുവരി മാസം അയര്‍ലണ്ടില്‍ എത്തിയ സന്ദര്‍ശകവിസയിലുള്ള നിരവധി പേര്‍ക്ക് ഡല്‍ഹിയില്‍ വിസയടിച്ച തിയതി മുതല്‍ ആകെയുള്ള 90 ദിവസങ്ങളില്‍ ബാക്കിയുള്ള ദിവസങ്ങള്‍ മാത്രമാണ് അയര്‍ലണ്ടില്‍ തുടരാനുള്ള അവസരമായി ഇമിഗ്രേഷന്‍ അധികൃതര്‍ നല്കുന്നതത്രേ.

.മാത്രമല്ല വിസിറ്റിംഗ് വിസയില്‍ എത്തുന്നവര്‍ക്ക് ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ കര്‍ശന പരിശോധനകള്‍ നേരിടേണ്ടി വരുന്നതായും പറയപ്പെടുന്നു,അവധിക്ക് വിസിറ്റിംഗ് വിസയില്‍ എത്തുന്നതില്‍ കൂടുതലും അറുപത് വയസു കഴിഞ്ഞ മാതാപിതാക്കളാണ്.ഇവരില്‍ കൂടുതലും ഇംഗ്ലീഷ് പരിജ്ഞാനം കുറഞ്ഞവരും. ഉത്തരവാദപ്പെടുത്തിയ സഹയാത്രികര്‍ കൂടെയില്ലാത്ത പ്രായമായവര്‍ക്ക് അധികൃതരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനായില്ലെങ്കില്‍ ഭയാനകമായ അന്തരീക്ഷമാണ് ഡബ്ലിനില്‍ എയര്‍പോര്‍ട്ടില്‍ നേരിടേണ്ടിവരുന്നത് എന്നാണ് ഒട്ടേറെ മാതാപിതാക്കള്‍ വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നും ഡബ്ലിനില്‍ ഒറ്റയ്ക്ക് എത്തിയ ഒരാള്‍ക്ക് ഇത്തരത്തിലുള്ള പരിശോധനയില്‍ എണ്‍പതോളം ദിവസങ്ങള്‍ ബാക്കി നില്‍ക്കവേ ഒരു മാസം മാത്രം വിസ അടിച്ചു നല്‍കിയ സംഭവവും ഉണ്ടായി.മൂന്നു മാസം അയര്‍ലണ്ടില്‍ കഴിയാന്‍ മാത്രമുള്ള ചിലവ് പണം കണക്കില്‍ കാണിച്ചിട്ടില്ലെന്ന കാരണമാണ് ഐറിഷ് പൌരത്വം നേടിയ ദമ്പതികളുടെ അമ്മയോട് ഇതിനു കാരണമായി പറഞ്ഞത്.കൌണ്ടറില്‍ തൊട്ടു പുറകെ ഉണ്ടായിരുന്ന ഒരു മലയാളി യാത്രക്കാരന്‍ ദമ്പതികളുടെ അമ്മയുടെ സഹായത്തിന് മുന്നോട്ടു വന്നെങ്കിലും കൂടെ യാത്ര ചെയ്തയാളല്ല എന്ന കാരണത്താല്‍ അയാളെയും സംസാരിക്കാന്‍ അധികൃതര്‍ അനുവദിച്ചില്ല.

മറ്റൊരു വൃദ്ധനായ യാത്രികന്‍ പേരക്കുട്ടിയുടെ ജന്മദിനാഘോഷവുമായി ബന്ധപെട്ടാണ് വന്നത് എന്ന് ഇമിഗ്രേഷന്‍ അധികൃതരുടെ ചോദ്യം ചെയ്യലിന് വിധേയമായി വെളിപ്പെടുത്തിയപ്പോള്‍ ബര്‍ത്ത് ഡേ ദിവസം കണക്കാക്കി അത് വരെ മാത്രം വിസ അടിച്ചു നല്കിയ സംഭവവും ഉണ്ടായി.പുറത്തു കാത്തു നില്‍ക്കുന്ന മക്കളെ വിളിച്ചു കാര്യങ്ങള്‍ വിശദീ കരിക്കാന്‍ അനുവദിക്കണം എന്ന ഇദ്ദേഹത്തിന്റെ യാചനയും അധികൃതര്‍ ചെവിക്കൊണ്ടില്ലത്രെ.

കൂടുതല്‍ പേര്‍ പൗരത്വം സ്വീകരിച്ച സാഹചര്യത്തില്‍ നാട്ടില്‍ നിന്നും അയര്‍ലണ്ടില്‍ എത്തുന്ന കുടുംബാംഗങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണ് ഉണ്ടാവുന്നത്.കൂടുതലും ഒറ്റയ്ക്ക് യാത്ര ചെയ്ത് എത്തുന്ന മാതാപിതാക്കളാണ് അധികൃതരുടെ പരിശോധനയില്‍ കുടുങ്ങുന്നത്.

90 ദിവസത്തെ മുഴുവന്‍ കാലാവധിയും അയര്‍ലണ്ടില്‍ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ മാറ്റം മൂലം മുന്‍കൂട്ടി ടിക്കറ്റ് ബ്ലോക്ക് ചെയ്യാന്‍ പോലും അവസരം നഷ്ട്ടപ്പെടുന്നതായും പറയപ്പെടുന്നു.വിസ ഉറപ്പാക്കിയതിനു ശേഷം ടിക്കറ്റ് എടുക്കുമ്പോള്‍ ചാര്‍ജ് വര്‍ദ്ധനവിനും അത് കാരണമായേക്കാം.

വര്‍ഷങ്ങളായി തുടര്‍ന്ന് വന്ന നടപടി ചട്ടങ്ങളിലാണ് ഐറിഷ് ഇമിഗ്രേഷന്‍ അധികൃതര്‍ മാറ്റം വരുത്തിയിരിക്കുന്നത്.
വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഓഫിസര്‍ നിശ്ചിത സമയത്തേയ്ക്ക് അനുവദിച്ചാലും കാലാവധി നീട്ടികിട്ടാന്‍ അപ്പീല്‍ അപേക്ഷ നല്‍കാന്‍ ഗാര്‍ഡ/ വിസ ഓഫിസില്‍ എത്തുമ്പോള്‍ ആവശ്യമായ വിശദീകരണം നല്‍കിയാല്‍ സമയം നീട്ടി നല്കുന്നത് സന്ദര്‍ശകരില്‍ ചിലര്‍ക്കെങ്കിലും ആശ്വാസമാകുന്നുണ്ട്.

Scroll To Top