Tuesday September 26, 2017
Latest Updates

പാവങ്ങളുടെ ഇടയന്‍: മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ ശ്രദ്ധേയനാകുന്നത് ഇങ്ങനെ ….

പാവങ്ങളുടെ ഇടയന്‍: മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ ശ്രദ്ധേയനാകുന്നത് ഇങ്ങനെ ….

ഫോട്ടോ:ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍,തക്കല രൂപതയുടെ ആദ്യ ബിഷപ് കൂടിയായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോടൊപ്പം

ഡബ്ലിന്‍:കേരളത്തില്‍ നിന്നും അയര്‍ലണ്ട് സന്ദര്‍ശനത്തിന് എത്തിയിട്ടുള്ള ബിഷപ്പുമാരില്‍ എന്ത് കൊണ്ടും ശ്രദ്ധേയനാണ് കഴിഞ്ഞ ദിവസം ഡബ്ലിനില്‍ എത്തിയ തക്കല ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍.സീറോ മലബാര്‍ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പ് എന്ന വിശേഷണം മാത്രമല്ല സേവനമേഖലകളില്‍ അദ്ദേഹം പുലര്‍ത്തുന്ന കാഴ്ച്ചപ്പാടുകളും വ്യത്യസ്തമാണ്.

കേരളത്തോടു ചേര്‍ന്നുകിടക്കുന്ന തമിഴ്‌നാട്ടിലെ പടന്താലുംമൂട് എന്ന ഗ്രാമത്തിലെ സാധാരണക്കാരായ മാതാപിതാക്കളുടെ മകന്‍ ഒരു മെത്രാന്‍ പദവിയില്‍ എത്തിയത് ദൈവനിയോഗത്തിന്റെ വഴിത്താരകളിലായിരുന്നു.തക്കല രൂപതയുടെ ഇടയനായി 47 വയസുകാരനായ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ നിയമിതനായപ്പോള്‍ സ്വീകരിച്ച ആപ്തവാക്യം ‘ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനാണ്’.(ലൂക്ക 2.49)എന്നതായിരുന്നു. 

പത്താം ക്‌ളാസും പ്‌ളസ്ടുവും പടന്താലുംമൂട് ടി.സി.കെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണു ബിഷപ് ജോര്‍ജ് പഠിച്ചത്. സ്‌കൂള്‍ വിട്ടുവന്നാല്‍ വീടിനു സമീപത്തുള്ള പള്ളി പരിസരത്തായിരുന്നു കൂടുതല്‍ സമയം ചെലവിട്ടിരുന്നത്.പള്ളിയിലെ എല്ലാക്കാര്യങ്ങള്‍ക്കും മുന്‍നിരയില്‍ ഉണ്ടായിരുന്നു.നാട്ടിലെ കൂട്ടുകാരുടേയും അയല്‍വാസികളുടെയും സങ്കടങ്ങളും ഭാവിയെക്കുറിച്ചുള്ള അവരുടെ വ്യാകുലതകളും തന്റെ മനസിനോട് കൂട്ടിവെച്ച് വായിക്കാന്‍ അന്നേ അദ്ദേഹം ശ്രമിച്ചിരുന്നു.

പ്‌ളസ്ടു പാസായ ജോര്‍ജിനെ മാതാപിതാക്കള്‍ നാഗര്‍കോവിലിലുള്ള മണക്കാട് ക്രിസ്ത്യന്‍ കോളജില്‍ ചേര്‍ത്തെങ്കിലും അപ്പോഴേക്കും സലേഷ്യന്‍ സഭയില്‍ ചേരാനുള്ള അറിയിപ്പെത്തിയതിനാല്‍ കോളജില്‍ പോയില്ല. തനിക്ക് ഒരു മിഷനറി വൈദികനാകണമെന്നാണ് ആഗ്രഹമെന്നും തടയരുതെന്നും പ്‌ളസ് ടു പഠനംകഴിഞ്ഞ ഉടന്‍ തന്നെ അദ്ദേഹം മാതാപിതാക്കളോടു പറഞ്ഞിരുന്നു.മകന്റെ ആഗ്രഹത്തിനു മാതാപിതാക്കള്‍ക്കും പൂര്‍ണയോജിപ്പായിരുന്നു.

സലേഷ്യന്‍ സഭയില്‍ അംഗമായതിനുശേഷവും വചനത്തിന്റെ വഴികളില്‍ പൗരോഹിത്യജീവിതത്തിന്റെ ഊടും പാവും മെനഞ്ഞ ജോര്‍ജ് രാജേന്ദ്രന്‍ എന്ന ബിഷപ്പ് അയര്‍ലണ്ടില്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ തക്കലയിലെ സഭാമക്കള്‍ക്ക് വേണ്ടി മാത്രമുള്ള ഒരു നിയോഗമല്ല അദ്ദേഹം ലക്ഷ്യമിടുന്നത്.തക്കലയുടെ മകനായി വളര്‍ന്നു പരിശീലിച്ച ബിഷപ്പ് ജോര്‍ജിന് അവിടത്തെ ഭാഷയും സംസ്‌കാരവും മനസിലാക്കി രൂപതയെ നയിക്കാനാവും എന്ന സഭാധികാരികളുടെ കണ്ടെത്തല്‍ ശരിയാണെന്ന് തെളിയിച്ച് തന്റെ നാട്ടിലെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ക്ഷേമത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളിലാണിപ്പോള്‍ അദ്ദേഹം ശ്രദ്ധ വെച്ചിരിക്കുന്നത്.

കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കുകയെന്നതാണ് ദാരിദ്ര്യം അകറ്റാന്‍ ഏറ്റവും മികച്ച മാര്‍ഗം എന്ന പഴയ സിദ്ധാന്തത്തിന് വര്‍ത്തമാനകാലത്തിലും പ്രസക്തിയുണ്ടെന്ന് അദ്ദേഹം കരുതുന്നു.

അത്തരമൊരു ലക്ഷ്യത്തോടെ കന്യാകുമാരി മേഖലയിലെ അധ:സ്ഥിത സമൂഹത്തിന്റെ സമഗ്ര വികസനത്തിനുള്ള പരിശ്രമങ്ങളുടെ ആദ്യ ഘട്ടം എന്ന നിലയ്ക്ക് ‘എഡ്യുകെയര്‍’എന്ന പേരില്‍ ആരംഭിച്ച പദ്ധതിയ്ക്ക് അയര്‍ലണ്ടിലെ മലയാളികളുടെ സഹകരണവും പിന്തുണയും തേടുകയെന്നത് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ ഒരു ലക്ഷ്യമാണ്.

11 നും 14 നും ഇടയ്ക്ക് പ്രായമുള്ള നിര്‍ദ്ധനരും,അനാഥരുമായ വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് അഞ്ചു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീലന കളരികള്‍ ഒരുക്കി ഉത്തമ പൌരന്മാരായി സ്വയം പര്യാപ്തരാക്കാനുള്ള ഒരു പദ്ധതിയാണിത്.ഇക്കാലയളവില്‍ പഠനോപകരണങ്ങള്‍,തൊഴില്‍ പരിശീലനം,വ്യക്ത്വിത്വ വികസനക്ലാസുകള്‍,കരിയര്‍ ഗൈഡന്‍സ്,സ്‌പെഷ്യല്‍ ഇംഗ്ലീഷ് ക്ലാസുകള്‍ എന്നിവയടക്കം കുട്ടികള്‍ക്കായി നല്‍കി മാനസികവും ഭൗതികവുമായി അവരെ നല്ല യുവത്വത്തിന് പ്രാപ്തരാക്കാനാണ് തക്കല രൂപതയുടെ ‘എഡ്യുകെയര്‍’ വഴി ഉദേശിക്കുന്നത്.

ഏഴായിരം രൂപയാണ് ഒരു കുട്ടിയെ ഇത്തരത്തില്‍ ഒരുക്കാന്‍ ചിലവ് വരിക.നൂറുകണക്കിന് കുട്ടികളെയാണ് ഈ പദ്ധതിയില്‍ ചേര്‍ക്കാനായി മാതാപിതാക്കള്‍ കൊണ്ട് വന്നത്.കടലിനേയും അല്‍പ്പസ്വല്പം കൃഷിയേയും ആശ്രയിച്ചു കഴിയുന്ന കന്യാകുമാരിയിലെ പാവപ്പെട്ടവര്‍ക്ക് തങ്ങളുടെ കുട്ടികളുടെ നല്ല ഭാവിയെക്കുറിച്ചും സ്വപ്നം കാണാനുള്ള അവകാശമുണ്ട്.പക്ഷേ സാഹചര്യം അവരെ അതിന് അനുവദിക്കുന്നില്ലെന്ന് മാത്രം.EDU

ബിഷപ്പിന്റെ പ്രയത്‌നഫലമായി കുറെയൊക്കെ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയിയെങ്കിലും ആവശ്യക്കാരായ കുട്ടികളുടെ എണ്ണത്തോടൊപ്പമെത്തിയില്ല.ഇനിയും വേണം സഹായിക്കാന്‍ മനസുള്ളവരെ.സ്‌പോണ്‍സര്‍ഷിപ്പിന് തയാറാവുന്നവരെ അവര്‍ക്ക് ചുമതലയേല്‍പ്പിക്കപ്പെടുന്ന കുട്ടികളുടെ പഠനമേഖലയിലടക്കമുള്ള പുരോഗതി അറിയിച്ചു കൊണ്ടിരിക്കും.മാത്രമല്ല നിങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ എങ്ങനെ ചിലവഴിക്കപെടുന്നു എന്നത് സംബന്ധിച്ച സ്റ്റേറ്റ്‌മെന്റും നിങ്ങള്‍ക്ക് ലഭിക്കും.അവധിയ്ക്ക് നാട്ടിലെത്തുമ്പോള്‍ തക്കലയിലെ നിങ്ങളുടെ സുഹൃത്തിനെ കാണുകയുമാവാം!

മിഷനറിമാരുടെ പ്രവര്‍ത്തനംകൊണ്ടു വളര്‍ന്നു വികസിച്ച തക്കല രൂപതയില്‍ ആറു ഫൊറോനകളിലായി 60 ഇടവകകളും 35,000 ത്തോളം വിശ്വാസികളുമാണുള്ളത്.ഭൂരിഭാഗവും പാവപ്പെട്ട മത്സ്യ തൊഴിലാളികള്‍.അന്നന്നത്തെ അപ്പത്തിന് കഷ്ട്ടപ്പെടുന്ന അവര്‍ക്ക് ‘എഡ്യുകെയര്‍’ പോലെയൊരു പദ്ധതിയെ എങ്ങനെ സഹായിക്കാനാവും?

ബിഷപ്പ് ജോര്‍ജ് രാജേന്ദ്രന് പക്ഷേ ഉറപ്പുണ്ട്.’ദൈവം വഴിനടത്തുന്നവനാണ്..ദൈവവഴിയെ പോയവര്‍ ഒരു കൈ സഹായിക്കാതിരിക്കില്ല. അത് കൊണ്ട് തന്നെ എവിടെ നിന്നെങ്കിലുമൊക്കെയുള്ള സഹായം ലഭിക്കും എന്ന പ്രത്യാശയിലാണദ്ദേഹം.

ഇന്ന് വൈകിട്ട് താലയിലെ മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയില്‍ നടത്തപ്പെടുന്ന ആദ്യവെള്ളിയാഴ്ച്ചയിലെ ആരാധനയിലും,വിശുദ്ധ കുര്‍ബാനയിലും ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രനാണ് പ്രധാന കാര്‍മികത്വം വഹിക്കുക.ഇതോടനുബന്ധിച്ച് ബിഷപ്പിനെ സന്ദര്‍ശിക്കാനും സംസാരിക്കാനും താത്പര്യമുള്ളവര്‍ക്ക് അവസരം ഉണ്ടായിരിക്കും.നാളെ രാവിലെ അദ്ദേഹം കേരളത്തിലേയ്ക്ക് മടങ്ങി പോകും.

Scroll To Top