Thursday August 24, 2017
Latest Updates

അയര്‍ലണ്ടിലും വിഷു ആഘോഷം ഭക്തി സാന്ദ്രമായി

അയര്‍ലണ്ടിലും വിഷു ആഘോഷം ഭക്തി സാന്ദ്രമായി

ഡബ്ലിന്‍:സനാതന അയര്‍ലണ്ട് വിഷു ആഘോഷിച്ചു. ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാരിറ്റബള്‍ ട്രസ്റ്റ് , ‘സനാതന അയര്‍ലണ്ട്’ ഏപ്രില്‍ 14 വെള്ളിയാഴ്ച വിഷു ആഘോഷിച്ചു. ഡബ്ലിനിലെ ഫിസ്‌ബ്രോയിലുള്ള സെന്റ് കാര്‍മ്മല്‍ ഹാളില്‍ വൈകുന്നേരം 6.30 മുതല്‍ 10.00 മണിവരെയായിരുന്നു ആഘോഷങ്ങള്‍.

മഞ്ഞ പട്ടാട ചാര്‍ത്തിയ ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ക്ക് മുന്‍പില്‍ ഉരുളിയില്‍ പരമ്പരാഗത രീതിയില്‍ കണിയൊരുക്കി. പ്രകൃതിയുടെ വരദാനങ്ങളായ പുഷ്പ ഫലാദികള്‍ ജഗദീശ്വരന് കാണിക്കയായി അര്‍പ്പിച്ചു. നിലവിളക്കുകള്‍ തീര്‍ത്ത സമൃദ്ദിയുടെ പ്രഭയില്‍ ഭക്തജനവൃന്തം മതിവരുവോളം കണി ദര്‍ശിച്ചു. സനാതന അയര്‍ലണ്ടിന്റെ പ്രസിഡണ്ടും മാര്‍ഗ്ഗദര്‍ശിയുമായ ശ്രീ മുരളീകൃഷ്ണന്‍ എല്ലാവര്‍ക്കും വിഷുകൈനീട്ടം നല്‍കി. വിഷു ആഘോഷങ്ങളുടെ പ്രത്യേകതകളെപറ്റി ശ്രീ സുനില്‍കുമാര്‍, കാര്‍ലോ സംസാരിച്ചു.

ബാലഗോകുലം കുട്ടികളുടെ ഭജന, ശ്രീ വിഷ്ണുസഹസ്രനാമജപം, നാരായണീയം നൂറാം ദശകം തുടങ്ങിയവ ആഘോഷങ്ങളുടെ മുഖ്യ പരിപാടികളായിരുന്നു. സ്വസ്തിമന്ത്രത്തിനും ആരതിക്കും ശേഷം പ്രസാദ വിതരണവും ഉണ്ടായിരുന്നു.

ഭാരതീയമായ സനാതന ധര്‍മ്മവും സംസ്‌കാരവും പുതിയ തലമുറയിലേക്ക് പകരുക എന്ന ഉദ്ദേശത്തോടെ 2016 ജനുവരിയിലാണ് സനാതന അയര്‍ലണ്ട് എന്ന ചാരിറ്റബള്‍ ട്രസ്റ്റ് രൂപീകൃതമായത്. മഹത്തായ ഭാരതീയ പാരമ്പര്യം നമ്മുടെ കുട്ടികളുടെ അനുഭവ മണ്ഡലങ്ങളിലെത്തിക്കാന്‍, ഭാരതീയമായ ഉത്സവങ്ങളെ പാരമ്പര്യരീതിയില്‍ തന്നെ സംഘടിപ്പിക്കാന്‍ സനാതന അയര്‍ലണ്ട് പ്രതിജ്ഞാബദ്ധമാണ്. സനാതന അയര്‍ലണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന എല്ലാ നല്ലമനസ്സുകളോടുമുള്ള അകൈതവമായ നന്ദി ചടങ്ങില്‍ സംഘടനാപ്രസിഡണ്ട് പ്രകാശിപ്പിച്ചു. സനാതന അയര്‍ലണ്ടിനെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ http://www.sanatanaireland.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

Scroll To Top