Sunday December 04, 2016
Latest Updates

വിസ നിരസിക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഫീസ് റീഫണ്ട് ഡബ്ലിന്‍ കോളജ് വൈകിപ്പിക്കുന്നതായി ആരോപണം

വിസ നിരസിക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഫീസ് റീഫണ്ട് ഡബ്ലിന്‍ കോളജ് വൈകിപ്പിക്കുന്നതായി ആരോപണം

ഡബ്ലിന്‍: ഡബ്ലിനിലെ ഷെല്‍ബേണ്‍ കോളജ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇനത്തില്‍ ആയിരക്കണക്കിന് യൂറോ മടക്കി നല്‍കാനുണ്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് പുറമേ നേപ്പാള്‍, വിയറ്റ്‌നാം, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നിവടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് തുക മടക്കി കിട്ടാനുണ്ട്.റീഫണ്ട് തുക ലഭിക്കുന്നതിന് കഴിഞ്ഞ ജൂണ്‍ മുതല്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറഞ്ഞു. അതേസമയം സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കോളജ് അധികൃതര്‍ റീഫണ്ട് വൈകിപ്പിക്കുകയാണെന്നാണ് ആരോപണം. 

യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും അംഗീകൃത കോളജുകളില്‍ ഫീസ് കെട്ടിവച്ചാല്‍ മാത്രമേ വിദ്യാര്‍ത്ഥി വിസയ്ക്ക് അപേക്ഷിക്കാനാകൂ.എന്നാല്‍ വിസ അപേക്ഷ നിരസിക്കപ്പെട്ടാല്‍ തുക കോളജുകള്‍ റീഫണ്ട് ചെയ്യേണ്ടതാണ്. ഇത്തരത്തില്‍ കെട്ടിവച്ച ഫീസ് റീഫണ്ട് ചെയ്യുന്നതില്‍ ഷെല്‍ബേണ്‍ കോളജ് വീഴ്ച വരുത്തിയെന്നാണ് ആരോപണം. ആര്‍.ടി.ഇ പുറത്ത് വിട്ട കണക്ക് പ്രകാരം നേപ്പാളില്‍ നിന്നുള്ള 23 വിദ്യാര്‍ത്ഥികള്‍ക്ക് 4,000 യൂറോ വീതം മടക്കിക്കിട്ടാനുണ്ട്. നേപ്പാളില്‍ ഒരാളുടെ ശരാശരി വേതനം 3000 യൂറോ ആണെന്നിരിക്കെ 4000 യൂറോ നേപ്പാളില്‍ താരതമ്യേന വലിയ തുകയാണ്. 

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരത്തില്‍ ആയിരക്കണക്കിന് യൂറോ മടക്കിക്കിട്ടാനുണ്ട്. അതേസമയം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടാനുള്ള കൃത്യമായ തുക ആര്‍.ടി.ഇ വെളിപ്പെടുത്തിയിട്ടില്ല. പാക്കിസ്ഥാന്‍, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് വിദ്യാര്‍ത്ഥികള്‍ക്കും ആയിരക്കണക്കിന് യൂറോ കിട്ടാനുണ്ട്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഗാര്‍ഡയില്‍ ഉള്‍പ്പെടെ പരാതിപ്പെട്ടിട്ടും തുക മടക്കി ലഭിച്ചിട്ടില്ല. കോളജിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 

Scroll To Top