Saturday August 19, 2017
Latest Updates

വിസ ഓഫീസിന് മുന്നിലെ ക്യൂ മണിക്കൂറുകള്‍ നീളുന്നു,ജനുവരിയില്‍ പോകേണ്ടവര്‍ വിസയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കരുതെന്ന് അറിയിപ്പ് 

വിസ ഓഫീസിന് മുന്നിലെ ക്യൂ മണിക്കൂറുകള്‍ നീളുന്നു,ജനുവരിയില്‍ പോകേണ്ടവര്‍ വിസയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കരുതെന്ന് അറിയിപ്പ് 

ഡബ്ലിന്‍:ഡബ്ലിനിലെ വിസ ഓഫീസില്‍ നിന്നും വിസ അടിപ്പിക്കുന്നത് ഭഗീരഥ പ്രയത്‌നമാവുന്നതായി നൂറുകണക്കിന് പേരുടെ പരാതി.തലേ ദിവസം വൈകിട്ട് മുതല്‍ നീണ്ട ക്യൂ നിന്നാണ് പലരും ഇപ്പോള്‍ വിസയ്ക്കായി ശ്രമിക്കുന്നത്.നൂറു കണക്കിന് പേരാണ് ഇങ്ങനെ ദിവസേന മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നത്.ഡബ്ലിനിലെ ബര്‍ഗ് ക്വേയിലാണ് വിസ ഓഫീസ് സ്ഥിതി ചെയ്യുന്നത്.രാത്രി മുതല്‍ ക്യൂ നില്‍ക്കുന്ന പലരുംവിസ കിട്ടുമോ എന്ന് യാതൊരു ഉറപ്പുമില്ലാതെയാണ് മണിക്കൂറുകള്‍ കാത്തിരിക്കുന്നത്.visa akro

വിസ ഓഫിസിന്റെ നാല് വശവും ചുറ്റുന്ന ക്യൂവില്‍ മഴയും മഞ്ഞും പോലും സഹിച്ചാണ് മണിക്കൂറുകളോളം നില്‍ക്കുന്നത്.

ഇത് മൂന്നാം ലോക രാജ്യങ്ങളില്‍ കണ്ടുവരുന്ന പ്രവണതയാണെന്ന് അപേക്ഷകര്‍ കുറ്റപ്പെടുത്തി. ഇത് അയര്‍ലണ്ടിനു യോജിച്ചതല്ലെന്നും അപേക്ഷകര്‍ പറയുന്നു.

പ്രതിവര്‍ഷം 130,000 പേരാണ് ഐറിഷ് വിസ ആവശ്യത്തിനായി വര്‍ഷം തോറും ഈ ഓഫീസില്‍ അപേക്ഷകരായി എത്തുന്നത്.ദിവസം ശരാശരി 356 പേര്‍.ഇതില്‍ ബഹുഭൂരിപക്ഷം പേരും മണിക്കൂറുകള്‍ ക്യൂവില്‍ കാത്ത് നിന്നാണ് ഐറിഷ് വിസയ്ക്കുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.പക്ഷെ ഒരു ദിവസം പരമാവധി 200 പേര്‍ക്ക് വിസ നല്‍കുന്നതിനുള്ള സംവിധാനമേ ഈ ഓഫിസിനുള്ളു.ബാക്കിയുള്ളവര്‍ ഓണ്‍ ലൈനിലൂടെ അപേക്ഷ സമര്‍പ്പിച്ച് വിസ നേടണം എന്ന നിലപാടിലാണ് വകുപ്പ് അധികൃതര്‍.

എന്നാല്‍ ഇപ്പോള്‍ ഓണ്‍ ലൈന്‍ അപേക്ഷാ സമ്പ്രദായം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്നതാണ് തിരക്ക് കൂടാന്‍ കാരണം.ക്രിസ്തുമസ് അവധി പ്രമാണിച്ച് സ്വദേശത്തെയ്ക്ക് പോകാന്‍ ഒരുങ്ങുന്നവരുടെ തിരക്ക് കൂടിയായപ്പോള്‍ സ്ഥിതി നിയന്ത്രണാധീതമായി.ബ്യൂ മോണ്ടില്‍ നിന്നുള്ള ഒരു മലയാളി നവംബര്‍ 10 ന് ഓണ്‍ ലൈനില്‍ നല്‍കിയ വിസ അപേക്ഷയ്ക്ക് ഇതേവരെ മറുപടി ലഭിച്ചിട്ടില്ല.മുന്‍പ് പരമാവധി രണ്ടാഴ്ച്ച കൊണ്ട് വിസ പുതുക്കി ലഭിച്ചിരുന്നതാണ്. vis  m 3

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഡബ്ലിനിലെ വിസ ഓഫിസില്‍ എത്തിയ ഐറിഷ് മലയാളി പ്രതിനിധിയ്ക്ക് ഏതൊരു മനുഷ്യനെയും അമ്പരപ്പിക്കുന്ന കാഴ്ച്ചകളാണ് കാണാന്‍ കഴിഞ്ഞത്.നൂറു പേരോളം അപ്പോഴേയ്ക്കും ക്യൂവില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞിരുന്നു. വെറും തറയില്‍ കുത്തിയിരിക്കുന്നവര്‍,മണിക്കൂറുകളോളം ഒരൊറ്റ നില്‍പ്പ്നില്‍ക്കുന്നവര്‍, ഇടയ്ക്കിടെ പൊഴിയുന്ന ചെറു മഴതുള്ളികള്‍ നനയാതെ കുടയും ചൂടി കൊടും തണുപ്പത്ത് പ്രഭാതത്തെ കാത്തിരിക്കുന്നവര്‍.vis m 2

ഡബ്ലിനിലെ താപനില മൈനസ് ഒന്നിലേക്ക് താഴുന്ന ആ സമയത്ത് വീണ്ടും ആളുകള്‍ അങ്ങോ ട്ടേയ്ക്ക്പ്രവഹിക്കുന്നുണ്ടായിരുന്നു. വിസ ഓഫിസിന്റെ പ്രവേശന വാതിലില്‍ ക്യൂവിനെ ഏറ്റവും മുന്‍പിലായി കോംഗോ റിപ്പബ്ലിക്കില്‍ നിന്നുള്ള യൂനസ് മുഹമദ് ഒരു രാജാവിന്റെ ഗാംഭീര്യത്തോടെയാണ് നില്‍ ക്കുന്നത്. വൈകുന്നേരം ഏഴര മണിയ്ക്ക് വന്നതാണ് യൂനസ്.തിങ്കളാഴ്ച്ച രാവിലെ മുഹമദ് ഇവിടെ ആദ്യം വന്നപ്പോള്‍ ടോക്കണ്‍ തീര്‍ന്നു പോയിരുന്നു.ചൊവ്വാഴ്ച്ച രാവിലെ വീണ്ടും എത്തിയത് വെളുപ്പിന് 4 മണിയ്ക്ക്.പക്ഷെ മുഹമദിന്റെ ഊഴം എത്തിയപ്പോഴേയ്ക്കും ടോക്കണ്‍ തീര്‍ന്നു പോയി.ഇന്നലെ ക്യൂവില്‍ ഒന്നാമനായിരുന്ന മുഹമദിനെ കണ്ട് മറ്റുള്ളവര്‍ അസൂയപ്പെട്ടു കാണും!’ഇന്നെന്നെ ആര്‍ക്കും തോല്‍പ്പിക്കാന്‍ ആവില്ല …’മുഹമദ് ഈ ലേഖകനോട് പറഞ്ഞു.

വിദ്യാര്‍ഥികളായിരുന്നു ക്യൂവില്‍ കൂടുതല്‍.ഗള്‍ഫ് മേഖലയില്‍ നിന്നും ട്രിനിറ്റിയില്‍ പഠിക്കുന്ന പത്തോളം മുസ്ലീം പെണ്‍കുട്ടികള്‍ വന്നത് സ്ലീപ്പിംഗ് ബാഗ്കളുമായാണ്.ഒമാനിലെ സുല്‍ത്താന്റെ അടുത്ത ബന്ധു ബക്രി അല്യാമിനിയെ പരിചയപ്പെടുത്തി തന്നത് അദ്ദേഹത്തിന്റെ സുഹൃത്താണ്.ഒരു മിനി ബാഗ് നിറയെ ചോക്ക്‌ളേറ്റുമായാണ് ഡി സി യൂ വില്‍ പഠിക്കാന്‍ എത്തിയിരിക്കുന്ന കൊച്ചു സുല്‍ത്താന്‍ വന്നിരിക്കുന്നത്.വഴി സൈഡിലെ ക്യൂവില്‍ വിസ ഓഫിസിന്റെ കാരുണ്യവും കാത്ത് നിലത്ത് കട്ടിയുള്ള മാറ്റും വിരിച്ച് കിടക്കുമ്പോള്‍ ആ വികസിത രാജ്യത്തിന്റെ അധികാര ശ്രേണിയിലെ അടുത്ത തലമുറക്കാരനും അന്നന്നത്തെ അപ്പം നേടാന്‍ ജോലി ചെയ്യാനെത്തിയ പാവം കുടിയേറ്റക്കാരനും തമ്മില്‍ എന്ത് വ്യത്യാസം ! vis min 1
മലയാളികളും ക്യൂവില്‍ ഇഷ്ട്ടം പോലെയാണ്.കോര്‍ക്കിലെ കിന്‍സലയില്‍ നിന്നും എത്തിയ മിന്റു ജോസഫ് വര്‍ഗീസിന് ജനുവരി ഒന്നിന് ഗുരുവായൂരില്‍ എത്തിയേ മതിയാവു.പെങ്ങളുടെ വിവാഹമാണ്.നവംബര്‍ അവസാനമാണ് നിശ്ചയിച്ചത്.ഇനി പോസ്റ്റലില്‍ വിസയ്ക്ക് അപേക്ഷ അയച്ചാല്‍ കല്യാണം കൂടാന്‍ പറ്റില്ലെന്ന് ഉറപ്പായതിനാലാണ് അസ്ഥി ഉരുക്കുന്ന തണുപ്പത്ത് മിന്റു ഈ സാഹസിക യന്ജത്തിനു മുതിര്‍ന്നത്.

കാലടിയില്‍ നിന്നുള്ള ഡബ്ലിനിലെ ബിനീറ്റ ജോസ് അമ്മയ്ക്ക് അസുഖം കൂടിയതിനെ തുടര്‍ന്നാണ് അടിയന്തരമായി നാട്ടിലേയ്ക്ക് പോകുന്നത്.ഇന്നലെ രാവിലെ ഈ കാരണം പറഞ്ഞ് എത്തിയ ബിനീറ്റയോട് അമ്മ മരിച്ചാല്‍ ‘അപ്പോള്‍ തന്നെ വിസ തരാനുള്ള വകുപ്പ് മാത്രമേയുള്ളു ‘എന്നാണ് അധികൃതര്‍ പറഞ്ഞത് !ബിനീറ്റയ്‌ക്കൊപ്പം ഒരു കൂട്ട്കാരി കൂടി ക്യൂവില്‍ തുണയായി ഉണ്ടായിരുന്നു.

ചെന്നയില്‍ നിന്നുള്ള മരിയോ ലാസ് വിസ ഒഫിസിലേയ്ക്കുള്ള യാത്രയില്‍ ഒരു ഫോള്‍ഡിംഗ് ചെയര്‍ കൂടി കരുതിയിരുന്നു.എത്ര നേരമാണ് നില്‍ക്കുന്നത് ഇവിടെ ഇരുന്നുറങ്ങാമല്ലോ?മരിയോ പറഞ്ഞു.കോര്‍ക്കിലെ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥിയായ പ്രണയ് അടക്കം നാല്‍പ്പതോളം ഇന്ത്യാക്കാര്‍ ഇന്നലെ ക്യൂവില്‍ ഉണ്ടായിരുന്നു. 

ഇങ്ങനെ സാഹചര്യം വഷളാവുന്ന സ്ഥിതിയില്‍ ഐറിഷ് നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസിന്റെ വിസ വിതരണത്തിനുള്ള സംവിധാന ക്രമം മാറ്റണമെന്ന് ആവശ്യത്തിലാണ് വിസ അപേക്ഷകര്‍.സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ ഒന്നും ഇത് കാണുന്നില്ലേ എന്നായിരുന്നു ചൈനക്കാരന്‍ ലീ റൂണിന്റെ ചോദ്യം.

മണിക്കൂറുകള്‍ ക്യൂ നിന്ന് മുന്നില്‍ എത്തുമ്പോള്‍ ചിലപ്പോള്‍ അന്ന് അനുവദിക്കുന്ന വിസകള്‍ പൂര്‍ത്തിയായി എന്ന മറുപടിയാകും ലഭിക്കുക. പിന്നെ അടുത്ത ദിവസം വീണ്ടും വന്ന് വീണ്ടും മണിക്കൂറുകള്‍ ക്യൂ നില്‌ക്കേണ്ടി വരും. പല തവണ ഈ അനുഭവം നേരിട്ടതായി ഹൈദരാബാദില്‍ നിന്നുള്ള നിന്നുള്ള വിസ അപേക്ഷകനായ ഹീരെന്ദ്ര റെഡ്ഡി പറഞ്ഞു.ചപ്പാത്തിയും ഉരുളകിഴങ്ങ് കറിയും പാഴ്‌സല്‍ ആക്കി കരുതിയാണ് റെഡ്ഡിയുടെ വരവ് !
എന്തായാലും ഒ കോണര്‍ സ്ട്രീറ്റിലെ മക് ഡോണാല്‍ഡ്‌സില്‍ ഇപ്പോള്‍ രാവും പകലാണ്.വിസ ഓഫിസിനു മുന്‍പില്‍ ഉറങ്ങാതെയിരിക്കുന്നവര്‍ ഊഴമിട്ട് അങ്ങോട്ടെയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോവുന്നത് കാണാം.തിരിച്ചു വരുമ്പോള്‍ ഉണ്ടായിരുന്ന സ്ഥാനം പോയവര്‍ നിരവധി.ആഫ്രിക്കയില്‍ നിന്നുള്ളവരാണ് പ്രധാനമായും കൈയ്യേറ്റക്കാര്‍.ഇടയ്‌ക്കൊക്കെ ബഹളം വെയ്ക്കാനും അവരാവും മുന്‍പില്‍ 

വെളുപ്പിന് ഏഴു മണിയോടെ ക്യൂവില്‍ എത്തിയവരുടെ എണ്ണം നാനൂറോളമായി.ഇതില്‍ 200 പേര്‍ക്ക് മാത്രമാണ് ടോക്കണ്‍ ലഭിക്കുക.പകുതിയോളം പേര്‍ നിരാശരാവും എന്നുറപ്പ്.

ക്രിസ്തുമസിനു മുന്‍പ് യാത്ര ചെയ്യേണ്ടവര്‍ മാത്രം ക്യൂവില്‍ നിന്നാല്‍ മതിയെന്നാണ് വിസ ഓഫിസ് ഇന്ന് പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നത്.2015 ല്‍ യാത്ര ചെയ്യുന്നവര്‍ ക്യൂവിലേയ്ക്ക് വരുന്നത് വിഷയം വഷളാക്കാനേ സഹായിക്കു എന്ന് അധികൃതര്‍ അറിയിച്ചു.ജനുവരി 15 നു ശേഷം യാത്ര ചെയ്യുന്നവര്‍ ജനുവരി 5 ന് ശേഷം മാത്രമേ റീ എന്ട്രി വിസയ്ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതുള്ളൂ എന്നും അറിയിപ്പിലുണ്ട്.

കൂടുതല്‍ സ്റ്റാഫിനെ നിയോഗിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ വിസാ അപേക്ഷകള്‍ ക്രമത്തിലാക്കുമെന്നു മീഡിയാ ഓഫിസര്‍ ‘ഐറിഷ് മലയാളി’യെ അറിയിച്ചു.

എങ്കിലും ജനുവരി ആദ്യവാരം പോകേണ്ടവര്‍ അടക്കമുള്ള യാത്രികര്‍ ആശങ്കയിലാണ്.പ്രത്യേകിച്ചും ഡിസംബര്‍ അവസാന വാരം വിസ ഓഫിസ് ക്രിസ്തുമസ് ഹോളിഡേക്കായി അടയ്ക്കുന്ന സാഹചര്യത്തില്‍.

റെജി സി ജേക്കബ് 

Scroll To Top