Friday December 09, 2016
Latest Updates

യുഡിഎഫിന്റെ നെഞ്ചിടിപ്പു കൂട്ടി വീരേന്ദ്രകുമാര്‍; മുന്നണി വിട്ടേക്കുമെന്ന് സൂചന

യുഡിഎഫിന്റെ നെഞ്ചിടിപ്പു കൂട്ടി വീരേന്ദ്രകുമാര്‍; മുന്നണി വിട്ടേക്കുമെന്ന് സൂചന

മുന്നണി വിട്ടേക്കുമെന്ന സൂചനയുമായി വീരേന്ദ്രകുമാറിന്റെ ജനതാദള്‍ യുണൈറ്റഡ്. യുഡിഎഫില്‍ വന്നതിന് ശേഷം തങ്ങള്‍ നേരിട്ടത് കടുത്ത അവഗണനയാണെന്നും എല്‍ഡിഎഫില്‍ തുടര്‍ന്നിരുന്നെങ്കില്‍ കേരളത്തില്‍ ഭരണതുടര്‍ച്ച ഉണ്ടായേനെയെന്നും വീരേന്ദ്രകുമാര്‍ പറയുന്നു. ഇപ്പോള്‍ യുഡിഎഫിലാണെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യം പരിശോധിച്ച് പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ, ലോക്‌സഭാ സീറ്റ് വിഭജനത്തിലും, യുഡിഎഫിലെ സമിതികളിലും പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ല. വടകര സീറ്റ് തങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ സിറ്റിങ് സീറ്റ് ആണെന്ന വാദം ഉയര്‍ത്തി നിരസിച്ചു. എന്നാല്‍, ആര്‍എസ്പിക്ക് സിറ്റിങ് സീറ്റാണ് വിട്ടു നല്‍കിയത്. തങ്ങള്‍ക്ക് ജയസാധ്യതയില്ലാത്ത പാലക്കാട് സീറ്റാണ് കിട്ടിയത്. തോല്‍വി സംബന്ധിച്ച മുന്നണി കമ്മിറ്റി റിപ്പോര്‍ട്ട് ജനങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ല. ഇത് ജനങ്ങളോട് വിശദീകരിക്കാന്‍ യുഡിഎഫ് നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ട്. ചില വ്യക്തിയുടെ ഇഷ്ടത്തിനനുസരിച്ചായിരിക്കരുത് മുന്നണിയുടെ തീരുമാനമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനതാദള്‍ യുണൈറ്റഡ് ഇപ്പോള്‍ പ്രാദേശിക പാര്‍ട്ടിയല്ല, ദേശിയ പാര്‍ട്ടിയാണ്. ദേശീയ തലത്തില്‍ ജനതാപരിവാര്‍ യോജിച്ച് നീങ്ങുന്നതിന് ധാരണയായിട്ടുണ്ട്. അതനുസരിച്ച് കേരളത്തിലും ചര്‍ച്ച ചെയ്ത് നിലപാടെടുക്കും. എല്‍ഡിഎഫിലേക്ക് മടങ്ങി പോകുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. തങ്ങള്‍ ഇപ്പോഴും യുഡിഎഫിന്റെ ഭാഗമാണെന്നും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുതന്നെ വോട്ടുചെയ്യുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. തൃശൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട കേസ് അന്വേഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പും യുഡിഎഫ് നേതൃത്വവും വീഴ്ച്ച വരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Scroll To Top